Tuesday 12th of November 2019

തുറന്ന വായനശാല ഒരുക്കി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

Category: Wayanad Published: Friday, 08 February 2019
വയനാട്  : മീനങ്ങാടി ഗവ. ആശുപത്രിക്ക് മുന്നില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരുക്കിയ തുറന്ന വായനശാല ശ്രദ്ധേയമായി. ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും പൊതുജനങ്ങള്‍ക്കുമായാണ് തുറന്ന വായനശാല തയ്യാറാക്കിയത്. പുസ്തകങ്ങളും മറ്റ് ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യവുമുണ്ട്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം മിനി സാജു ഉദ്ഘാടനം ചെയ്തു. കെ.ടി ബിനു, ഡോ. ബിനി, ഡോ. ബിജു, വി. ഹൈറുദ്ദീന്‍, പി.എ അബ്ദുള്‍ നാസര്‍, എം.ഐ അക്‌സ, ബി. ബിനേഷ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രതിനിധികളും ആശുപത്രി അധികൃതരും നാട്ടുകാരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. 
         കേരളത്തിലെ സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നാഷനല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷം തികയുകയാണ്. ഇതിന്റെ ഭാഗമായാണ് എന്‍എസ്എസ് സെല്‍ 'അക്ഷരദീപം- തുറന്ന വായനശാല' വിഭാവനം ചെയ്തത്. പൊതുജനങ്ങള്‍ക്കായി തുറന്ന വായനശാലകള്‍ സ്ഥാപിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.