Saturday 23rd of March 2019

പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

Category: Wayanad Published: Friday, 14 December 2018
സുല്‍ത്താന്‍ ബത്തേരി : സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഭക്ഷണശാലകളില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. പഴകിയ ചോറ്, മീന്‍കറി, ചപ്പാത്തി, പൊറോട്ട, 15 കിലോ ബീഫ് ഫ്രൈ, മീന്‍ പൊരിച്ചത്, പഴകിയ എണ്ണ, നിരോധിച്ച പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന നൂല്‍പ്പുട്ട് എന്നിവയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. വൃത്തിഹീനമായ സാഹചര്യത്തില്‍ കൈപ്പഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ചപ്പാത്തി നിര്‍മാണ യൂണിറ്റിന് നോട്ടീസ് നല്‍കി. ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കി. 
     ചെതലയം സ്‌കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന കെഎം മെസ്, ബീനാച്ചി ഷാര്‍ജ ഹോട്ടല്‍, ദൊട്ടപ്പന്‍കുളം വനിതാ മെസ്, ദൊട്ടപ്പന്‍കുളം മലബാര്‍ ഹോട്ടല്‍, മണിച്ചിറ ഒലീവിയ മെസ് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തത്. ശുചിത്വമില്ലാത്ത അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതും പൊതുജനാരോഗ്യത്തിന് ഹാനികരമാവുന്ന ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി തുടരുമെന്നു നഗരസഭ ചെയര്‍മാന്‍ ടി.എല്‍. സാബു അറിയിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ടി. തുളസീധരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബി. മനോജ്, പി.എസ്. സുധീര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.