Saturday 15th of December 2018

സഞ്ചാരി പ്രവാഹത്തില്‍ പ്രതീക്ഷയോടെ വയനാടന്‍ ടൂറിസം

Category: Wayanad Published: Thursday, 06 December 2018
വയനാട്: സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചതോടെ പ്രളയമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും വയനാടന്‍ ടൂറിസം മേഖല ഉണര്‍വിന്റെ പാതയില്‍. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുറുവാ ദ്വീപില്‍ പ്രവേശനത്തിന് നിയന്ത്രണമുണ്ടെങ്കിലും സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ല. പാല്‍വെളിച്ചം ഭാഗത്തു ഡിടിപിസിയും പാക്കം വഴി വനംവകുപ്പും 475 വീതം സഞ്ചാരികളെയാണ് ദിവസേന ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുന്നത്. 
       ഈ സാമ്പത്തിക വര്‍ഷം നവംബര്‍ 30 വരെ 31,612 സഞ്ചാരികള്‍ പാല്‍വെളിച്ചം വഴി കുറുവാ ദ്വീപിലെത്തി. ഇതുവഴി 12,52,417 രൂപയാണ് ഡിടിപിസിക്ക് ലഭിച്ചത്. 99,815 സഞ്ചാരികള്‍ പൂക്കോട് സന്ദര്‍ശിച്ചത് വഴി 3,31,362 രൂപ വരുമാനം ലഭിച്ചു. അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയത്തില്‍ 2,17,640 രൂപയാണ് നവംബര്‍ 30 വരെയുള്ള വരുമാനം. 10,765 പേര്‍ ഇക്കാലയളവില്‍ മ്യൂസിയം സന്ദര്‍ശിച്ചു. എടയ്ക്കല്‍ ഗുഹയില്‍ 59,729 സഞ്ചാരികളെത്തി. ഇതുവഴി 18,00,230 രൂപ ഡിടിപിസിക്ക് ലഭിച്ചു. കാന്തന്‍പാറ വെള്ളച്ചാട്ടം കാണാനും നിരവധി വിനോദസഞ്ചാരികള്‍ എത്തി. നവംബര്‍ 30 വരെ 16,362 സഞ്ചാരികള്‍ ഇവിടെയെത്തിയതു വഴി 6,33,180 രൂപയാണ് വരുമാനം. മികച്ച അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രമായി വികസിക്കുന്ന കര്‍ലാട് തടാക പരിസരം ആഭ്യന്തര സഞ്ചാരികളുടെ പറുദീസയാണ്. 8,992 സഞ്ചാരികള്‍ കഴിഞ്ഞ മാസം വരെ ഇവിടെയെത്തി. 5,29,170 രൂപ വരുമാനം ലഭിച്ചു. 
    2107-2018 സാമ്പത്തിക വര്‍ഷം നവംബര്‍ വരെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിയവരുടെ കണക്കനുസരിച്ച് പൂക്കോട് തടാകം സന്ദര്‍ശിക്കാന്‍ 8,80,666 സഞ്ചാരികളെത്തിയതിലൂടെ ഡിടിപിസിക്ക് 2,82,78,540 രൂപയുടെ വരുമാനം ലഭിച്ചു. ഹെറിറ്റേജ് മ്യൂസിയം 1,01,839 പേര്‍ സന്ദര്‍ശിച്ചു. ഇവിടുനിന്നും 4,51,430 രൂപയുടെ വരുമാനവും ലഭിച്ചു. എടയ്ക്കല്‍ ഗുഹ 4,08,884 പേര്‍ സന്ദര്‍ശിച്ചതിലൂടെ 1,27,50,500 രൂപയും കുറുവാദ്വീപില്‍ നിന്നും 31,01,310 രൂപയുടെ വരുമാനവും ലഭിച്ചിട്ടുണ്ട്. ആകെ 1,03,331 സന്ദര്‍ശകരാണ് കുറുവാദ്വീപ് കാണാനെത്തിയത്. കാന്തന്‍പാറ വെള്ളച്ചാട്ടം 4,59,18 സന്ദര്‍ശിച്ചതിലൂടെ 18,09,120 രൂപയും 75,408 പേരെത്തിയ കാര്‍ലാട് തടാകത്തിലൂടെ 56,02,890 രൂപയും വരുമാനമായി ലഭിച്ചിട്ടുണ്ട്. 
    മുന്‍ വര്‍ഷങ്ങളില്‍ ടൂറിസം മേഖലയിലുണ്ടായ നേട്ടങ്ങള്‍ക്കപ്പുറം എത്താനുള്ള ശ്രമങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തി ഇവിടങ്ങളില്‍ ടൂറിസം വികസന പ്രവൃത്തികള്‍ നടത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കുറുമ്പാലക്കോട്ടയില്‍ റവന്യൂ-കൈയേറ്റ ഭൂമികള്‍ വേര്‍തിരിക്കാനുള്ള സര്‍വേ നടന്നുവരികയാണ്. കോട്ടത്തറ, അഞ്ചുകുന്ന് വില്ലേജുകളിലായി കിടക്കുന്ന കുറുമ്പാലക്കോട്ടയില്‍ കോട്ടത്തറയിലെ സര്‍വേ നടപടി പൂര്‍ത്തിയായി. പ്രളയത്തില്‍ നാശനഷ്ടം നേരിട്ട ടൂറിസം കേന്ദ്രങ്ങളുടെ പുനരുദ്ധാരണം ഡിസംബര്‍ പതിനഞ്ചിനകം പൂര്‍ത്തിയാക്കും. റോഡുകളുടെ പുനരുദ്ധാരണം കൂടി പൂര്‍ത്തിയാവുന്നതോടെ വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. 
    ടൂറിസം വികസനത്തിന്റെ ഭാഗമായാണ് വയനാട് മൂന്നാം തവണയും രാജ്യാന്തര മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന് വേദിയാവുന്നത്. ജില്ലയെ എംടിബിയുടെ സ്ഥിരം വേദിയാക്കുകയാണ് ലക്ഷ്യം. ഇതുവഴി വിദേശ സഞ്ചാരികളുടെതടക്കം സ്ഥിരം സാന്നിധ്യമാവുകയാണ് വയനാടിന്റെ ലക്ഷ്യം.