Sunday 24th of February 2019

അന്താരാഷ്ട്ര സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന് ആരവമുണരുന്നു

Category: Wayanad Published: Thursday, 06 December 2018
വയനാട്: രാജ്യാന്തര മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ ഡിസംബര്‍ ഏഴിന് തുടക്കമാവും. 4.8 കിലോമീറ്റര്‍ ട്രാക്കിലാണ് മത്സരം. അപകട മേഖലയില്‍ ബാരിക്കേഡുകളുണ്ട്. പ്രളയത്തില്‍ മൂന്നിടങ്ങളിലായി ട്രാക്കിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അവ പൂര്‍ണമായി നന്നാക്കി. മണ്‍പാതയില്‍ കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമുണ്ട്. മത്സരാര്‍ഥികള്‍ക്ക് അപകടം കൂടാതെ പോകാവുന്ന വിധത്തിലാണ് ട്രാക്കുകള്‍ ക്രമീകരിച്ചിട്ടുള്ളത്. 
   എസ്‌റ്റേറ്റിനകത്ത് ഒഫീഷ്യലുകള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സരാര്‍ഥികള്‍ക്ക് മാനന്തവാടിയിലും സമീപ പ്രദേശങ്ങളിലുമാണ് താമസ സൗകര്യം. പ്രാദേശിക പിന്തുണയോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രദേശത്തുനിന്നും 40 വളണ്ടിയേഴ്‌സിനേയും തിരഞ്ഞെടുത്തു. 10 പേര്‍ എസ്‌റ്റേറ്റിനുള്ളില്‍ നിന്നും 30 പേര്‍ പുറത്തുനിന്നുമാണ്. അന്താരാഷ്ട്ര മത്സരത്തിന് പ്രിയദര്‍ശിനിയുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ് സംഘാടകരുടെ ലക്ഷ്യം. ടൂറിസം വികസനപ്രവൃത്തികള്‍ പൂര്‍ത്തിയായ പ്രിയദര്‍ശിനിയില്‍ ടൂറിസം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്താനിരിക്കേയാണ് അന്താരാഷ്ട്ര സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് എത്തിയത്. ഇത് പ്രിയദര്‍ശിനിയുടെ ടൂറിസം പദ്ധതിക്കും കുതിപ്പാകും. മനംമയക്കുന്ന കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. മലമുകളിലേക്കുള്ള ട്രക്കിങ്,  നോക്കെത്ത ദൂരത്തേക്ക് മിഴിതുറക്കുന്ന വ്യൂപോയിന്റ്, ഓപ്പണ്‍ എയര്‍ തീയറ്റര്‍, ടീ കൗണ്ടി, ടീ മ്യൂസിയം, ട്രീ ഹട്ട്, വില്ലകള്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. 
   ഓസ്‌ട്രേലിയ, ഇറാന്‍, മലേഷ്യ, സിങ്കപ്പൂര്‍, തായ്‌ലന്‍ഡ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, അര്‍മേനിയ, ഫിലിപ്പന്‍സ്, ഇന്തോനേഷ്യ എന്നി രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ അന്തരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കും. ദേശീയതല പുരുഷ ക്രോസ് കണ്‍ട്രിയില്‍ നാല്‍പതോളം താരങ്ങളും വനിതകള്‍ക്കുള്ള മത്സരത്തില്‍ 20 താരങ്ങളും പങ്കെടുക്കും.