Monday 17th of December 2018

കനത്ത മഴയ്ക്കു ശമനം; റെഡ് അലര്‍ട്ട് തുടരുന്നു

Category: Wayanad Published: Friday, 10 August 2018
കല്‍പ്പറ്റ: രണ്ടു ദിവസമായി വയനാട്ടില്‍ തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. ബാണാസുരസാഗര്‍ അണക്കെട്ടിന്റെ തുറന്ന ഷട്ടറുകള്‍ രാവിലെ 6.30ഓടെ 190 സെന്റിമീറ്ററില്‍ നിന്ന് 160 സെന്റിമീറ്ററായി ചുരുക്കി. ഇതോടെ പനമരം ടൗണിലെയും പരിസര പ്രദേശങ്ങളിലെയും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍, വെള്ളക്കെട്ട് ഒഴിവായിട്ടില്ല. 
 അതേസമയം, വൈത്തിരി ബസ് സ്റ്റാന്‍ഡില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു. കാറും ട്രാവലറും ഇതിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ആളപയാമില്ല. പ്രദേശത്തെ നീരുറവകള്‍ ശക്തമായി. ഇന്നു രാവിലെ 8.30വരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ശരാശരി 36.6 മില്ലിമീറ്റര്‍ മഴ മാത്രമാണ് ജില്ലയില്‍ ലഭിച്ചത്. സുല്‍ത്താന്‍ ബത്തേരിയില്‍ 3.8 മില്ലിമീറ്ററും മാനന്തവാടിയില്‍ 68 മില്ലിമീറ്ററും വൈത്തിരിയില്‍ 38 സെന്റിമീറ്ററും മഴ ലഭിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. 
    ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തുണ്ട്. നാവികസേന, എന്‍ഡിആര്‍എഫ്, കണ്ണൂര്‍ ഡിഎസ്‌സി അംഗങ്ങളാണ് ഇന്നലെ വയനാട്ടിലെത്തിയത്. വെള്ളാരംകുന്നില്‍ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചതോടെ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മേപ്പാടി-കാപ്പംകൊല്ലി-ചുണ്ടേല്‍ വഴി തിരിച്ചുവിട്ടു. ഇവിടെ ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നെന്ന സംശയത്താല്‍ തിരച്ചില്‍ നടക്കുകയാണ്. രണ്ടുദിവസം വെള്ളം കയറിക്കിടന്ന വെള്ളമുണ്ട-നിരവില്‍പ്പുഴ റൂട്ടില്‍ ചീപ്പാട് റോഡ് ഇടിഞ്ഞുതാഴ്ന്നു. കുറ്റ്യാടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇടുങ്ങിയ ബദല്‍ പാതയിലൂടെയാണ് കടന്നുപോവുന്നത്. ചേകാടി പാലത്തിന് വിള്ളല്‍ വീണതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. 
   പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. ദിലീപ്കുമാറും സ്ഥലത്തെത്തി. മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും കഴഞ്ഞ ദിവസം ദമ്പതികളടക്കം നാലുപേര്‍ മരിച്ചു. മാനന്തവാടി തലപ്പുഴയ്ക്ക് സമീപം മക്കിമലയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മംഗലശ്ശേരി വീട്ടില്‍ റസാഖ് (40), ഭാര്യ സീനത്ത് (32), വൈത്തിരി പോലിസ് സ്‌റ്റേഷനടുത്തുള്ള ലക്ഷംവീട് കോളനിയിലെ തോളിയിലത്തറ ജോര്‍ജിന്റെ ഭാര്യ (62) ലില്ലി, വെള്ളാരംകുന്നില്‍ മണ്ണിടിച്ചലില്‍പ്പെട്ട് മേപ്പാടി സ്വദേശി ഷൈക്കത്ത് എന്നിവരാണ് മരിച്ചത്.