Saturday 19th of January 2019

നാടിന് കണിയൊരുക്കി 'കിള്ളിയാറൊരുമ'

Category: Thiruvananthapuram Published: Monday, 16 April 2018
തിരുവനന്തപുരം: മാലിന്യങ്ങളില്‍നിന്ന് മോചിപ്പിച്ച്, തെളിനീരൊഴുക്കിന് വഴിതെളിച്ച് കിള്ളിയാറിന് പുഴ സ്‌നേഹികളുടെയും നാട്ടുകാരുടെയും വിഷുക്കൈനീട്ടം. കിള്ളിയാറിന്റെ നീരൊഴുക്കിനെ തടസപ്പെടുത്തുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത ഏകദിന ശുചീകരണ യജ്ഞം 'കിള്ളിയാറൊരുമ'യില്‍ പതിനായിരത്തിലധികം പേര്‍ പങ്കാളിയായി. പുഴയെ മാലിന്യമുക്തമായി കാത്തുസൂക്ഷിക്കുമെന്ന് ഏവരും പ്രതിജ്ഞയെടുത്തു.കരിഞ്ചാത്തി മൂല മുതല്‍ വഴയില പാലം വരെയുള്ള 22 കിലോമീറ്റര്‍ ദൂരം നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക 
യുവജനതൊഴിലാളി സംഘടനകളും ചേര്‍ന്നാണ് വൃത്തിയാക്കിയത്. ആറിന്റെ ഒഴുക്കുതടഞ്ഞ മരങ്ങളുടെ കൊമ്പുകള്‍ വെട്ടിമാറ്റിയും പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്തും പുഴയ്ക്ക് ഒഴുകാനുള്ള വഴിയൊരുക്കി. 
 
വഴയിലയില്‍ ദേവസ്വംസഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശുചീകരണയജ്ഞം  ഉദ്ഘാടനം ചെയ്തു. കിള്ളിയാറിന്റെ പുനരുജ്ജീവനത്തിന് ജനകീയ മാതൃകയായി കിള്ളിയാര്‍ മിഷന്‍ മാറിയെന്നും വൃത്തിയാക്കിയ സ്ഥലങ്ങളില്‍ വീണ്ടും മാലിന്യം ഇടുന്ന അവസ്ഥ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. സി. ദിവാകരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഐ.ബി. സതീഷ് എം.എല്‍.എ., ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ.എന്‍. ഹരിലാല്‍, ജോര്‍ജ് ഓണക്കൂര്‍, കിള്ളിയാറൊരുമ സമിതി കണ്‍വീനറും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ബി. ബിജു, കരകുളം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില, ഉദ്യോഗസ്ഥര്‍, വിവിധ സംഘടനകള്‍, പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, സ്‌കൂള്‍ എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.  
 
മൂഴിയില്‍ ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക്, പത്താംകല്ലില്‍ വനംവകുപ്പ് മന്ത്രി കെ. രാജു, അഴീക്കോട്, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, പുത്തന്‍പാലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം.എല്‍.എ.മാരായ ഡി.കെ. മുരളി, കെ.എസ്. ശബരീനാഥ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി എന്നിവര്‍ പങ്കെടുത്തു. പനവൂരില്‍ ഡോ. എ. സമ്പത്ത് എം.പി.യും വാളിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും കുട്ടപ്പാറയില്‍ ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റയും കൊല്ലാങ്കാവില്‍ ഹരിതകേരളം മിഷന്‍ ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമയും കലാഗ്രാമത്തില്‍ മേയര്‍ അഡ്വ. വി.കെ. പ്രശാന്തും പഴകുറ്റിയില്‍ സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും വി.ഐ.പി.യില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ.യും ഫഌഗ് ഓഫ് നിര്‍വഹിച്ചു.