Saturday 15th of December 2018

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ബജറ്റ് പൂര്‍ണരൂപം

Category: Thiruvananthapuram Published: Wednesday, 21 March 2018

കേരള സര്‍ക്കാരിന്റെ നവകേരളമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകി കൃഷി, ആരോഗ്യം , വിദ്യാഭ്യാസം, ഭവന നിർമ്മാണ മേഖലകൾക്ക് കൂടുതൽ വകയിരുത്തലുകൾ.


ബഡ്ജറ്റ് ആകെ വരവ്             -    392,27,75,241/-
(സംസ്ഥാനാവിഷ്‌കത വിഹിതം ഉൾപ്പെടെ)
ചെലവ്                -    380,26,40,500/-

നീക്കിബാക്കി                -     12,01,34,741/-
------------------------------
----------------------------------
വകയിരുത്തലുകൾ മേഖല അടിസ്ഥാനത്തിൽ

ഉൽപ്പാദന മേഖല                -    27,54,00,000/-

സേവന മേഖല                -    49,30,52,500/-

പശ്ചാത്തല മേഖല                -    64,38,23,000/-

മെയിന്റനൻസ് റോഡ്            -    40,00,00,000/-

മെയിന്റനൻസ് നോൺ റോഡ്        -      9,32,00,000/-

ജീവനക്കാര്യവും
അനിവാര്യ ചുമതലകളും            -     8,37,30,000/-

മറ്റ് മേഖലകൾ                -    181,34,35,000/-
(കേന്ദ്ര സംസ്ഥാനാവിഷ്‌കത പദ്ധതി ചെലവുകൾ ഉൾപ്പെടെ )
2018-19 വാർഷിക ബഡ്ജറ്റിലെ പ്രധാന വകയിരുത്തലുകൾ
·    ലൈഫ് മിഷൻ (ഭവന 
     നിർമ്മാണം)                    -    16,13,64,500/-
·    ജലശ്രീ (ജലസംരക്ഷണ 
തുടർ പദ്ധതി)                       
      -    2,50,00,000/-
(സംസ്ഥാന ആവിഷ്‌കൃതം                    
                      ഇരുന്നൂറ് കോടി
പദ്ധതി വിഹിതം                        -    175,00,00,000/- 
·    കേദാരം (സമഗ്ര നെൽകൃഷി 
വികസനം)                     -     100,00,000/- 


·    ഹരിത കേരള മിഷൻ- ജൈവസമൃദ്ധി
ജൈവപച്ചക്കറി                -    75,00,000/-
തരിശ് ഭൂമി കൃഷി                -    1,00,00,000/-    1.75 കോടി

·    ഹരിത ഭവനം                -    3,00,00,000/- 
·    കലവറ (പെരിങ്ങമല ഫാം, 
സസ്യകലവറയും മ്യൂസിയവും)        -    75,00,000/-
·    കാഫ് സാറ്റലൈറ്റ് പദ്ധതി            
    (മികച്ചയിനം കന്നുകുട്ടികളുടെ
         ഉൽപ്പാദനവും വ്യാപനവും)         -    35,00,000/-
·    ക്ഷീര സമൃദ്ധി
 (ക്ഷീരകർഷകർക്ക് സബ്‌സിഡി)        -     1,50,00,000/-
·    കൃഷി ഫാമുകൾക്ക് ഉൽപ്പാദന ക്ഷമത    -    50,00,000/-
·    പ്രവാസികൾക്കും സ്വയംസഹായ സംഘങ്ങൾക്കും
ബോയിലർ/ഡയറിഫാം            -    30,00,000/-
സംസ്ഥാന വിഹിതം                -      70,00,000/-     (1 കോടി)

·    മുട്ട സ്വയം പര്യാപ്തമാക്കൽ        -    25,00,000/-
·    ചെറുകിട വ്യവസായം            -    27,00,000/-
·    സൗരോർജ്ജ പ്ലാന്റ്                -     1,00,00,000/-

v    പാഥേയം -സംയുക്ത പദ്ധതി
    (അശരണരായ വൃദ്ധർക്ക് ഭക്ഷണം)     -    3,00,00,000/-
    ഗ്രാമപഞ്ചായത്ത് വിഹിതം            -    3,00,00,000/-     6 കോടി
v    സ്‌നേഹസ്പർശം 
    (ഭിന്നശേഷിക്കാരായ കുട്ടികൾക്ക് 
      സ്‌കോളർഷിപ്പ്)                -    2,50,00,000/-
    ബ്ലോക്ക് ഗ്രാമപഞ്ചായത്ത് വിഹിതം    -    7,50,00,000/-   10 കോടി
v    സ്‌നേഹധാര (വളർച്ചാ വൈകല്യം
    ബാധിച്ച 12 വയസ്സു വരെയുള്ള
    കുട്ടികൾക്ക് ആയുർവ്വേദ
    ചികിത്സ                    -    70,00,000/-
v    രക്ഷ (പെൺകുട്ടികൾക്ക് കരാട്ടേ 
     പരിശീലനം)                              -    1,00,00,000/-
v    വനിതാ പഠന ഗവേഷണ കേന്ദ്രം
     (കിളിമാനൂർ)                    -    50,00,000/-
v    എച്ച്.ഐ.വി ബാധിതരായ കുട്ടികൾക്ക്
     പോഷകാഹാരം                -    10,00,000/-
v    പകൽ വീട്                     -    50,00,000/-
v    കുട്ടികൾക്ക് റഫറൻസ് ലൈബ്രറി        -    25,00,000/-
v    ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ്        -    25,00,000/-
v    വിദ്യാജ്യോതി                 -    30,00,000/-
v    പട്ടികജാതി കുട്ടികൾക്ക് പഠനമുറി    -    3,00,00,000/-
v    ട്രാൻസ്ജന്റേഴ്‌സിന് ആനുകൂല്യം        -    10,00,000/-
v    പട്ടികജാതി വിഭാഗക്കാർക്ക് വിദേശ
     തൊഴിൽ നേടുന്നതിന് സഹായം        -    25,00,000/-
v    പട്ടികജാതി വിഭാഗക്കാർക്ക് ഓട്ടോറിക്ഷ    -    30,00,000/-

v    കളം (3വയസ്സ് മുതൽ 6 വയസ്സ് വരെയുള്ള
     പട്ടികവർഗ്ഗ മേഖലയിലെ 
     കുട്ടികൾക്ക് ആഹാരം)                -    25,00,000/-
v    വനജ്യോതി    (വനമേഖലയിൽ രാത്രി
   പാഠശാല)                        -    10,00,000/-
v    സവാരി (തീരദേശത്തെ ഹൈസ്‌കൂൾ
   വിദ്യാത്ഥികൾക്ക് ബൈസൈക്കിൾ        -    20,00,000/-
v    ആർദ്രം - ആശുപത്രി വികസനം    ,    
    നെടുമങ്ങാട് , വിതുര ആശുപത്രികൾക്ക്
    പുതിയ മന്ദിരം, വർക്കല ആയുർവ്വേദ
   ആശുപത്രി പുതിയ മന്ദിരം                -    9,82,00,000/-
Ø    സാരഥി (സർക്കാർ സ്‌കൂളുകൾക്ക് 
   വാഹനം)                        -     4,00,00,000/-
Ø    സ്മാർട്ട് - പൊതു വിദ്യാഭ്യാസ 
   യജ്ഞത്തിന്റെ ഭാഗമായുള്ള വികസനം
   പതിനഞ്ച് ഹയർ സെക്കണ്ടറി സ്‌കൂളുകൾക്ക്
  പുതിയ മന്ദിരങ്ങൾ , 67 ഹൈസ്‌കൂളുകൾക്ക് പുതിയ
  ലൈബ്രറി, ലാബ് കെട്ടിടങ്ങൾ               -     27,19,00,000/-
Ø    പുതിയ റോഡുകൾ                     -    12,00,00,000/-
Ø    റോഡ് മെയിന്റനൻസ്                -    40,00,00,000/-


ബഡ്ജറ്റ് പ്രസംഗം

കേരളത്തിന്റെ സമസ്ത മേഖലയിലും വികസനത്തിന്റെ നവോൻമേഷം പകർന്ന നവകേരള മിഷൻ യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. നവകേരള മിഷന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട നാല് മിഷനുകളും വ്യക്തമായ കർമ്മ പരിപാടികൾ ആവിഷ്‌ക്കരിച്ച് കഴിഞ്ഞു. അധികാര വികേന്ദ്രീകരണത്തിന്റെ ആധാരശിലയായ ജില്ലാ പദ്ധതി രൂപീകരണം ആസൂത്രണ സമിതിയുടെ നിയമപരമായ ഉത്തരവാദിത്വമാണ്. രണ്ട് പതിറ്റാണ്ട് കാലത്തെ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ പകർന്ന് തന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ രൂപം കൊണ്ട ജില്ലാപദ്ധതിയും നിലവിൽ വന്നു കഴിഞ്ഞു. നവകേരളമിഷൻ മുന്നോട്ടുവെയ്ക്കുന്ന കർമ്മപരിപാടികളും ജില്ലാ പദ്ധതി നിർദ്ദേശിക്കുന്ന വികസന സമീപനവും സമന്വയിപ്പിച്ചുകൊണ്ടാണ് ഇത്തവണ ജില്ലാ പഞ്ചായത്ത് വികസന പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നത്. പദ്ധതി രൂപീകരണത്തിലെ കാലതാമസം പ്രാദേശിക സർക്കാരുകളുടെ വലിയ പോരായ്മയായിരുന്നു. വർഷത്തിൽ 9 മാസം പദ്ധതി രൂപീകരണവും 3 മാസം പദ്ധതി നിർവ്വഹണവും ആയിരുന്നു നിലവിലുണ്ടായിരുന്ന സ്ഥിതി. പദ്ധതി രൂപീകരണം സമയ ബന്ധിതമാക്കാൻ ആരംഭിച്ച ശ്രമത്തിൽ കഴിഞ്ഞവർഷം വളരെ വലിയ പുരോഗതിയുണ്ടായി. എന്നാൽ അടുത്ത വർഷത്തെ പദ്ധതി അതാത് സാമ്പത്തിക വർഷം തന്നെ രൂപീകരിക്കണമെന്ന സർക്കരിന്റെ നിലപാടും പ്ലാനിംഗ് ബോർഡിന്റെ നിർദ്ദേശവും ഇത്തവണ അക്ഷരാർത്ഥത്തിൽ പാലിക്കപ്പെട്ടിരിക്കുന്നു. 2018-19 വർഷത്തേക്കുള്ള വാർഷിക പദ്ധതികൾക്ക് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഇതിനകം  ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിക്കഴിഞ്ഞു. ഇത്തരത്തിൽ അംഗീകാരം നേടിയ ആദ്യ ജില്ലാപഞ്ചായത്താണ് തിരുവനന്തപുരം. 
ഈ സവിശേഷതകൾ ആകെ സമന്വയിപ്പിച്ചുകൊണ്ടാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സാഭിമാനം ഈ ബഡ്ജറ്റ് സമർപ്പിക്കുന്നത.് അത്യന്തം അഭിമാനകരവും അതിലേറെ ആവേശകരവുമായ ഒരു വസ്തുത കൂടി ഈ സന്ദർഭത്തിൽ ചൂണ്ടിക്കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ചരിത്രത്തിലാദ്യമായി ഒരു തദ്ദേശ സ്വയംഭരണ സർക്കാർ ലോക ഗിന്നസ് റിക്കാർഡ് ബുക്കിൽ സ്ഥാനം നേടിയ ചരിത്ര സംഭവമാണത്.  ജില്ലാപഞ്ചായത്തിന്റെ 'രക്ഷ' എന്ന പദ്ധതി അനുസരിച്ച് കരാട്ടെ പരിശീലനം നേടിയ 6000 പെൺകുട്ടികൾ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഗിന്നസ് അധികാരികളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ കരാട്ടെ പ്രദർശനമാണ് തിരുവനന്തപുരം ജില്ലാപഞ്ചായത്തിന് ഗിന്നസ് റിക്കാർഡ് നേടിത്തന്നത്. തിരുവനന്തപുരം ജില്ലാപഞ്ചായത്തിനെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ സഹായിച്ച എല്ലാവരോടും ഈ സന്ദർഭത്തിൽ നന്ദി പറയുന്നു.
    ചാരിതാർത്ഥ്യത്തോടെ മറ്റൊരു കാര്യം ചൂണ്ടികാണിക്കുന്നത് കഴിഞ്ഞ വർഷം ബഡ്ജറ്റിൽ പ്രഖ്യാപിച്ച് വൻ ജനപങ്കാളിത്തത്തോടെ ബഹു. മുഖ്യമന്ത്രി തുടക്കം കുറിച്ച 'ജലശ്രീ' എന്ന ജലസുരക്ഷാ പദ്ധതി വമ്പിച്ച ജനപിന്തുണ നേടികൊണ്ട് വിജയത്തിലേയ്ക്ക് കുതിച്ചുകൊണ്ടിരി ക്കുന്നതാണ്.     ജലശ്രീയുടെ ഭാഗമായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ജില്ലയിൽ 1797 ഫാം പോണ്ടുകൾ സ്വകാര്യ വസ്തുവിലും 62 ഫാം പോണ്ടുകൾ പൊതുവസ്തുവിലും പൂർത്തീകരിച്ചിട്ടുണ്ട്.  1139 കിണറുകൾ നാളിതുവരെ റീചാർജ്ജിംഗ് സംവിധാനം ഒരുക്കി കഴിഞ്ഞു. ജില്ലയിൽ ആകമാനം ഭൂവികസന പ്രവർത്തനങ്ങളുടെ ഭാഗമായി 48000 മഴക്കുഴികളും 3293 കി.മീറ്റർ തോടുകളുടെ നവീകരണവും 3891 തടയണ നിർമ്മാണവും പൂർത്തിയായി. മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കയർ ഭൂവസ്ത്രം അണിയിക്കുന്ന പ്രവർത്തനങ്ങൾ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. ജൂൺ 5, പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുന്നതിനായി 73 ഗ്രാമപഞ്ചായത്തുകളിലെ 518 നഴ്‌സറികളിലൂടെ 19.63 ലക്ഷം ഫലവൃക്ഷ തൈകൾ ഉൽപാദിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ 1961 പുതിയ വ്യകതിഗത കിണറുകളും നിർമ്മിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ പൊതു വിദ്യാലയങ്ങൾ ആശുപത്രികൾ എന്നിവിടങ്ങളിൽ കിണർ റീചാർജ്ജിംഗ് സംവിധാനം ഒരുക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വേനൽ മഴയ്ക്ക് മുമ്പ് ഇവ പൂർത്തീകരിക്കാൻ നടപടി സ്വീകരിച്ചിട്ടുള്ളതാണ്.
    സംസ്ഥാനാവിഷ്‌കൃത വിഹിതമായ 175 കോടി രൂപ കൂടി ഉപയോഗിച്ചുകൊണ്ട് 2018-19 സാമ്പത്തിക വർഷത്തിൽ 200 കോടിയുടെ ജലസംരക്ഷണ പ്രവർത്തനങ്ങൾ ജലശ്രീയുടെ ഭാഗമായി ജില്ലാപഞ്ചായത്ത് ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
    പുതിയ കാലത്തെയും പുതിയ ലോകത്തെയും അഭിസംബോധന ചെയ്യുക എന്നതാണ് പ്രാദേശിക സർക്കാരിന്റെ ഇന്നത്തെ അനിവാര്യമായ കടമ. ഉന്നതമായ വികസന സമീപനമാണ് ഈ ബഡ്ജറ്റ് മുന്നോട്ട് വയ്ക്കുന്നത്.  നാടിന്റെ ആവശ്യങ്ങളെ തൊട്ടറിയുന്ന നൂതന ആശയങ്ങൾ ഈ ബഡ്ജറ്റിൽ നിറഞ്ഞു നിൽപ്പുണ്ട്. ഇതിനകം തന്നെ സംസ്ഥാനത്തിനാകെ മാതൃകയും ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റിയതുമായ അനേകം പദ്ധതികളാണ് ജില്ലാപഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്. 
തിരുവനന്തപുരം ജില്ലയെ ഒരൊറ്റ യൂണിറ്റായി കണ്ടുകൊണ്ടുള്ള സമഗ്രമായ കാഴ്ചപ്പാടാണ് ജില്ലാ പഞ്ചായത്തിനുള്ളത്. ഇൻഡ്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്നുള്ള ഗാന്ധിജിയുടെ വാക്കുകളെ അന്വർത്ഥമാക്കും വിധം ഗ്രാമീണ മേഖലയ്ക്കും കാർഷിക മേഖലയ്ക്കും അതീവ് പ്രാധാന്യം നൽകിയിട്ടുണ്ട്. അതിവേഗം നഗരവത്ക്കരണം നടന്നു കൊണ്ടിരിക്കുന്ന ജില്ലയാണ് തലസ്ഥാന ജില്ല. അതിന്റേതായ നേട്ടങ്ങളും കോട്ടങ്ങളും നമ്മൾ അനുഭവിക്കുന്നു. ഉപരിപഠനാർത്ഥവും ഉപജീവനാർത്ഥവും ഇവിടെയെത്തപ്പെട്ട ഇതര സംസ്ഥാനക്കാരെ മാത്രമല്ല ഇതര രാജ്യക്കാരേയും ഇരു കൈയ്യും നീട്ടി നാം സ്വീകരിച്ചിട്ടുണ്ട്. 
 മൂടൽമഞ്ഞ് മേലാട ചാർത്തി നിൽക്കുന്ന പശ്ചിമഘട്ട മലനിരകളും തിരമാലകൾ നൃത്തം ചെയ്യുന്ന തീരങ്ങളും ഒരുപോലെ മനോഹാരിത ചൊരിയുന്ന തലസ്ഥാന ജില്ല വികസനരംഗത്ത് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതികളിലൂടെയും ത്രിതല പഞ്ചായത്തുകളും നഗരസഭകളും നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളിലൂടെയും വൻ കുതിപ്പു തുടരുകയാണ്.. അതുകൊണ്ടു തന്നെയാണ് അതിഥികളായി വന്നവർ പോലും ഇവിടെ ആതിഥേയരായി മാറിയത്. ജനോപകാരപ്രദവും പരിസ്ഥിതി സംരക്ഷണത്തിലൂന്നിയതുമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിലും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ആയതിനാലാണ് സാധാരണക്കാരായ ഗ്രാമീണർ മുതൽ ഐ.റ്റി.പ്രൊഫഷണൽസ് വരെ ജീവിതത്തിന്റെ നാനാ തുറകളിൽ ഉള്ളവർ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളേയും പ്രവർത്തനങ്ങളേയും പ്രതീക്ഷയോടെ ഉറ്റ് നോക്കുന്നത്. 
    പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതവും അശാസ്ത്രീയവുമായ ചൂഷണമാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇതിലൂടെ നഷ്ടമാകുന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥ വരുത്തി വയ്ക്കുന്ന അനർത്ഥങ്ങൾ നിരവധിയാണ്. അതുകൊണ്ട് തന്നെ പ്രകൃതി വിഭവങ്ങളുടെ സന്തുലിതമായ ഉപയോഗത്തിലൂന്നിയുള്ള സുസ്ഥിര വികസനം എന്ന കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്ന ബഡ്ജറ്റാണിത്്. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വാർഷിക പദ്ധതി നിർദ്ദേശങ്ങളും 2017-18 സാമ്പത്തിക വർഷത്തെ പുതുക്കിയ ബഡ്ജറ്റും ഉൾക്കൊള്ളിച്ചു കൊണ്ട് 392,27,75,241/-രൂപയും, (മുന്നൂറ്റി തൊണ്ണൂറ്റി രണ്ട് കോടി ഇരുപത്തി ഏഴ് ലക്ഷത്തി എഴുപത്തയ്യായിരത്തി ഇരുന്നൂറ്റി നാൽപ്പത്തി ഒന്ന് രൂപ മാത്രം) ആകെ വരവും, 380,26,40,500/- (മുന്നൂറ്റി എൻപതു കോടി ഇരുപത്തി ആറ് ലക്ഷത്തി നാൽപതിനായിരത്തി അഞ്ഞൂറ് രൂപ മാത്രം)  ആകെ ചെലവും,  നീക്കി ബാക്കി 120,13,47,41/- (പന്ത്രണ്ട് കോടി പതിമൂന്ന് ലക്ഷത്തി ഏഴായിരത്തി നാൽപത്തി ഒന്നു രൂപ മാത്രം) പ്രതീക്ഷിക്കുന്ന 2018-19 ലെ വാർഷിക ബഡ്ജറ്റ് സഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നു. 

പ്രതീക്ഷിക്കുന്ന വരവിന്റെ  വിശദാശങ്ങൾ

നികുതിയേതര വരവ് - 8,34,25,000/- രൂപ (എട്ട് കോടി മുപ്പത്തി നാല് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ മാത്രം)  ജനറൽ പർപ്പസ് ഫണ്ട് -  3,06,22,000/- രൂപ (മൂന്ന് കോടി ആറ്        ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ മാത്രം)  റവന്യൂ ഗ്രാന്റ് - പദ്ധതി ചെലവ് -  134,18,04,000/- രൂപ (നൂറ്റി മുപ്പത്തി നാല്  കോടി പതിനെട്ട് ലക്ഷത്തി നാലായിരം രൂപ മാത്രം)  റവന്യൂ ഗ്രാന്റ് - പദ്ധതിയേതര ചെലവ് - 177,00,00,000 (സംസ്ഥാനാവിഷ്‌കൃത വിഹിതം 175 കോടി രൂപ ഉൾപ്പെടെ നൂറ്റി  എഴുപത്തി ഏഴ് കോടിരൂപ മാത്രം)                       
                                                         മൂലധന വരവ് - 50,88,23,000/- രൂപ (അമ്പത് കോടി എൺപത്തി എട്ട് ലക്ഷത്തി ഇരുപത്തി മൂന്നായിരം രൂപ മാത്രം) മുൻ ബാക്കി -  18,81,01,241/- രൂപ (പതിനെട്ട് കോടി എൺപത്തി ഒന്ന് ലക്ഷത്തി ആയിരത്തി ഇരുന്നൂറ്റി നാൽപ്പത്തി ഒന്ന് രൂപ മാത്രം)    ആകെ വരവ് - 392,27,75,241/-രൂപ (മുന്നൂറ്റി തൊണ്ണൂറ്റി രണ്ട് കോടി ഇരുപത്തി ഏഴ് ലക്ഷത്തി എഴുപത്തയ്യായിരത്തി ഇരുന്നൂറ്റി നാൽപ്പത്തി ഒന്ന് രൂപ മാത്രം)      

ചെലവ് വിശദാംശങ്ങൾ
റവന്യൂ ചെലവ് (അനിവാര്യ ചുമതലകൾ) - 4,90,65,000/-   റവന്യൂ പദ്ധതി ചെലവുകൾ   - 145,97,52,500/- (നൂറ്റി നാൽപത്തി അഞ്ച്  കോടി തൊണ്ണൂറ്റിയേഴ് ലക്ഷത്തി അൻപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ മാത്രം)  റവന്യൂ പദ്ധതിയേതര ചെലവ് - 178,50,00,000 (നൂറ്റി എഴുപത്തി എട്ട്് കോടി അമ്പതു ലക്ഷം രൂപ മാത്രം  (സംസ്ഥാനാവിഷ്‌കൃത വിഹിതം 175 കോടി രൂപ ഉൾപ്പെടെ)  മൂലധന ചെലവ് - 50,88,23,000/- രൂപ (അമ്പത് കോടി എൺപത്തി എട്ട് ലക്ഷത്തി ഇരുപത്തി മൂന്നായിരം രൂപ മാത്രം) ആകെ ചെലവ് - 380,26,40,500/- (മുന്നൂറ്റി എൻപതു കോടി ഇരുപത്തി ആറ് ലക്ഷത്തി നാൽപതിനായിരത്തി അഞ്ഞൂറ് രൂപ മാത്രം)     
 
നീക്കി ബാക്കി - 120,13,47,41/- (പന്ത്രണ്ട് കോടി പതിമൂന്ന് ലക്ഷത്തി ഏഴായിരത്തി നാൽപത്തി ഒന്നു രൂപ മാത്രം)     

ഉൽപ്പാദന മേഖലയ്ക്ക് 27,54,00,000/- രൂപയും (ഇരുപത്തി ഏഴ് കോടി അമ്പത്തി നാല് ലക്ഷം രൂപ മാത്രം) സേവന മേഖലയ്ക്ക് 49,30,52,500/- രൂപയും (നാൽപ്പത്തൊമ്പത് കോടി മുപ്പത് ലക്ഷത്തി അമ്പത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപ മാത്രം) പശ്ചാത്തല മേഖലയ്ക്ക് 64,38,23,000/- രൂപയുമാണ്(അറുപത്തി നാല് കോടി മുപ്പത്തി എട്ട് ലക്ഷത്തി ഇരുപത്തി മൂവായിരം രൂപ മാത്രം), റോഡ് മെയിന്റനൻസിനായി 40,00,00,000/- രൂപയും (നാൽപ്പത് കോടി രൂപ മാത്രം) മെയിന്റനൻസ് നോൺ റോഡ് ഇനത്തിൽ 9,32,00,000/- (ഒമ്പത് കോടി മുപ്പത്തി രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ നടപ്പാക്കിയ ജനപ്രിയ പദ്ധതികളായ ജൈവസമൃദ്ധി, രക്ഷ, ദിശ, ജലശ്രീ, പാഥേയം, വിദ്യാജ്യോതി, സ്‌നേഹസ്പർശം, സ്‌നേഹധാര, കൂത്തമ്പലം, ഗ്രന്ഥപ്പുര എന്നീ പദ്ധതികൾ ഈ വർഷവും തുടരുന്നുണ്ട്. 


2018-19 വാർഷിക ബഡ്ജറ്റിലെ പ്രധാന പദ്ധതികൾ
ലൈഫ് മിഷൻ - ഭവന നിർമ്മാണ പദ്ധതി (16,13,64,500/- രൂപയുടെ വകയിരുത്തൽ)

നവകേരള മിഷന്റെ ഭാഗമായ ലൈഫ് മിഷൻ എന്ന സമ്പൂർണ്ണ ഭവന നിർമ്മാണ പദ്ധതി കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. തിരുവനന്തപുരം ജില്ലയിൽ പല ഘട്ടങ്ങളിലായി വിവിധ ഭവന പദ്ധതികളിലൂടെ നിർമ്മാണം ആരംഭിച്ചതും എന്നാൽ പകുതി വഴിക്ക് നിർമ്മാണം നിലച്ചതുമായ ഭവനങ്ങൾ പൂർത്തീകരിക്കുക എന്നതാണ് ലൈഫ് മിഷൻ ആദ്യ വർഷത്തിൽ ലക്ഷ്യമിട്ടത്. ലൈഫ് മിഷന്റെ ഭാഗമായി ജില്ലയിൽ 6527 വീടുകളുടെ നിർമ്മാണമാണ് പൂർത്തീകരിക്കേണ്ടിയിരുന്നത്. ആയതിൽ 3000 വീടുകളുടെ നിർമ്മാണം ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. 2017-18 സാമ്പത്തിക വർഷത്തിൽ ലൈഫ്, പി.എം.എ.വൈ. മുതലായ ഭവന പദ്ധതികളിലായി ജില്ലാപഞ്ചായത്ത് 14 കോടിയിലധികം രൂപ ചെലവഴിച്ചിരുന്നു. ഈ വർഷം തീർത്തും ഭവനരഹിതരായവർക്ക് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ 16,13,64,500/- രൂപ ഈ സ്വപ്ന പദ്ധതിക്കായി ജില്ലാപഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്.
    കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും, ത്രിതല പഞ്ചായത്തുകളുടെ സമന്വയത്തിലൂടെ ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് യൂണിറ്റ് കോസ്റ്റിന് പുറമേ അധിക സഹായങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിന് ജില്ലാ തലത്തിൽ ഒരു സമഗ്ര സംയുക്ത പദ്ധതി കൂടി ആവിഷ്‌കരിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സാധന ഘടകം പ്രയോജനപ്പെടുത്തി ഭവന നിർമ്മാണത്തിനുള്ള സിമന്റ് ബ്ലോക്കുകൾ, ജനൽ, ജാളി, കട്ടിള എന്നിവ നിർമ്മിച്ച് ഗുണഭോക്താക്കൾക്ക് സൗജന്യ നിരക്കിൽ വിതരണം ചെയ്യാനുള്ള ശ്രമങ്ങളും നടപ്പിലാക്കുന്നതിന്  ഇത്തരം യൂണിറ്റുകൾ ഗ്രാമ ബ്ലോക്ക് തലത്തിൽ സ്ഥാപിക്കാവുന്നതാണ്. ലൈഫ് പദ്ധതിയിൽ വൻതോതിൽ വീടുകളുടെ നിർമ്മാണം ഏറ്റെടുക്കുമ്പോൾ വിദഗ്ധ തൊഴിലാളികളുടെ (മേസ്തിരി, പ്ലംമ്പർ, കാർപെന്റർ മുതലായവ) വർദ്ധിച്ച ആവശ്യം നിറവേറ്റുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കായികക്ഷമതയും താല്പര്യമുള്ള തൊഴിലാളികൾക്ക് കെട്ടിട നിർമ്മാണത്തിൽ പരിശീലനം നൽകുകയും ചെയ്യും. 


ജലശ്രീ - സമ്പൂർണ്ണ ജല സുരക്ഷാപദ്ധതി (സംസ്ഥാന ആവിഷ്‌കൃത വിഹിതം കൂടി ചേർത്ത് 200 കോടി രൂപയുടെ വകയിരുത്തൽ)

'മണ്ണും മനസ്സും നിർമ്മലമാകട്ടെ,
മഴയും പുഴയും സ്വന്തമാകട്ടെ'…

    ജില്ലയിലെ നീരൊഴുക്കുകളും ജലാശയങ്ങളും മാലിന്യമുക്തമാക്കാനും ജലസ്രോതസ്സുകൾ സംരക്ഷിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള സമ്പൂർണ്ണ ജലസുരക്ഷാപദ്ധതിയാണ് 'ജലശ്രീ'. ഘട്ടംഘട്ടമായി ജില്ലയിലെ കിണറുകൾ റീചാർജ്ജ് ചെയ്യുന്നതിനും ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. വാർഡടിസ്ഥാനത്തിൽ ജലസഭകളും, പഞ്ചായത്ത് അടിസ്ഥാനത്തിൽ ജലസംഗമങ്ങളുമായി പദ്ധതി ജനമനസ്സുകളിൽ ഇടം പിടിച്ചുകഴിഞ്ഞു. ജലസുരക്ഷാ രംഗത്ത് ഒരു വിപ്ലവം കുറിച്ചുകഴിഞ്ഞ ആ പദ്ധതി കൂടുതൽ വിപുലീകരിച്ച് നടപ്പിലാക്കും.  ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ ഘടകങ്ങളെ കൂട്ടിയിണക്കികൊണ്ട് ഗ്രാമ-ബ്ലോക്ക്- ജില്ലാപഞ്ചായത്ത് പദ്ധതി വിഹിതങ്ങളും ഉൾപ്പെടുത്തി ജലശ്രീ പദ്ധതി വിപുലപ്പെടുത്തും. കിള്ളിയാർ സംരക്ഷണത്തിനുവേണ്ടി ആരംഭിച്ചിരിക്കുന്ന മിഷൻ പ്രവർത്തനങ്ങൾക്ക് ജലശ്രീ സമ്പൂർണ്ണ പിൻതുണ നൽകും. ജില്ലയിലെ പ്രധാന നദിയായ വാമനപുരം നദി സംരക്ഷണത്തിനുവേണ്ടി വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കും. മൊത്തം 200 കോടി രൂപ ഈ പദ്ധതിക്കുവേണ്ടി ചെലവഴിക്കും. 

കാർഷിക മേഖല
    തിരുവനന്തപുരം ജില്ല പ്രധാനമായും ഒരു കൃഷി അധിഷ്ഠിത ജില്ലയാണ്. നമ്മുടെ ഉത്സവങ്ങളും ആചാരങ്ങൾ പോലും കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വൻവ്യവസായങ്ങളോ എടുത്ത് പറയത്തക്ക വാണിജ്യ സ്ഥാപനങ്ങളോ ഇല്ലാത്ത ഒരു ജില്ലയാണ് തിരുവനന്തപുരം. അതു കൊണ്ട് തന്നെ ജില്ലയിലെ ഗ്രാമീണ മേഖലയിലെ ജനങ്ങൾ ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നവരാണ്. ഇവിടത്തെ കാർഷികോൽപ്പന്നങ്ങളും മലഞ്ചരക്കുകളും വാങ്ങാൻ അന്യ സംസ്ഥാനങ്ങളിൽ നിന്നു മാത്രമല്ല അന്യരാജ്യങ്ങളിൽ നിന്നു പോലും വ്യാപാരികൾ വന്നിരുന്നു എന്നത് യാഥാർത്ഥ്യമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാർഷിക മേഖലയ്ക്ക് പ്രഥമ പരിഗണന നൽകി പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നത്. കാർഷിക മേഖലയ്ക്ക് 8,50,00,000/- രൂപ  ഈ വർഷത്തെ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

കേദാരം (സമഗ്ര നെൽകൃഷി വികസനം - 1 കോടി രൂപ)

    പുതിയ തലമുറയ്ക്ക് കടങ്കഥയായി മാറിക്കൊണ്ടിരിക്കുന്ന  പഴയ കാർഷിക സംസ്‌കൃതിയുടെ  ഊർജ്ജം വീണ്ടെടുത്ത്് നമ്മുടെ കാർഷിക മേഖലയ്ക്ക് ശക്തിപകരുകയും അതിലൂടെ ഭക്ഷ്യസ്വയം പര്യാപ്തത കൈവരിക്കുകയുമാണ് ലക്ഷ്യം വയ്ക്കുന്നത്. തരിശ് കിടക്കുന്ന നമ്മുടെ വയലേലകളിൽ നിന്നും കൊയ്ത്ത് പാട്ടിന്റെ വായ്ത്താരികൾ ഉയർന്ന് കേൾക്കാനും നമ്മുടെ പത്തായങ്ങൾ വിഷരഹിതമായ നെല്ല് കൊണ്ട് നിറയ്ക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് കേദാരം. മണ്ണിന്റെ താളം മറന്ന മലയാളിയെ കാർഷിക മേഖലയിലെ ജൈവതാളത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകുവാൻ നമുക്ക് കഴിയും.  ഈ പദ്ധതിയിലൂടെ- 100 ഹെക്ടർ നെൽപ്പാടങ്ങൾ സമ്പുഷ്ടമാക്കാൻ കഴിയും.
ഹരിത ഭവനം - ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുമായുള്ള സംയുക്ത പദ്ധതി (ജില്ലാപഞ്ചായത്ത് വകയിരുത്തൽ 3 കോടി രൂപ)

    വീടിനും വീട്ടുവളപ്പിനും ഹരിതശോഭ പകരുന്ന കമനീയമായ പദ്ധതിയാണ് ഹരിതഭവനം.  ഹരിതകേരള മിഷൻ മുന്നോട്ടു വയ്ക്കുന്ന ഈ ആശയത്തെയാണ് പദ്ധതിയിലൂടെ സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്നത്. വീടിനു ചുറ്റും ഫലവൃക്ഷങ്ങളും, അടുക്കള തോട്ടവും, മാലിന്യ സംസ്‌കരണ യൂണിറ്റും, ജലം സുലഭമാക്കുവാൻ കിണർ റീചാർജ്ജിംഗും ഉൾപ്പെടെയുള്ളതാണ് ഹരിതഭവനം പദ്ധതി. ഗ്രാമ-ബ്ലോക്കു പഞ്ചായത്തുകളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ 3 കോടി രൂപ ജില്ലാപഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.


ജൈവസമൃദ്ധി - വിഷരഹിത പച്ചക്കറി കൃഷി വ്യാപനം (1.75 കോടി വകയിരുത്തൽ)

    ഹരിതകേരള മിഷൻ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് വിഷരഹിത പച്ചക്കറിയുടെ കാര്യത്തിലുള്ള സ്വയംപര്യാപ്തത. ജില്ലയിലെ കുടുംബശ്രീ കൂട്ടായ്മകളും കർഷക ഗ്രൂപ്പുകളും മുഖാന്തിരം ആവിഷ്‌കരിച്ച ജൈവസമൃദ്ധി പദ്ധതി കഴിഞ്ഞ കാലങ്ങളിൽ വലിയ ഫലമാണ് ഉണ്ടാക്കിയത്. ഈ സാമ്പത്തികവർഷം 3000 യൂണിറ്റുകളിലൂടെ പദ്ധതി നടപ്പിലാക്കും. സഹകരണ സംഘങ്ങളുമായി സഹകരിച്ച് സംഭരണ വിപണന കേന്ദ്രങ്ങൾ ഒരുക്കും. ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് 75 ലക്ഷം രൂപ നീക്കി വയ്ക്കുന്നു. 
    ജൈവസമൃദ്ധിയുടെ ഭാഗമായ മറ്റൊരു പദ്ധതിയാണ് തരിശു ഭൂമി കൃഷി. തിരുവനന്തപുരം ജില്ലയിൽ 2900 ഹെക്ടർ ഭൂമി വയലായും കരയായും തരിശായി കിടപ്പുണ്ട്. ആദ്യ ഘട്ടമെന്ന നിലയിൽ ഈ വർഷം 100 ഹെക്ടർ സ്ഥലത്ത് പുതുതായി കൃഷി ആരംഭിക്കും. എല്ലാ ഗ്രാമപഞ്ചായത്തുകളിലും തരിശു ഭൂമിയിൽ ഒരു മാതൃക കൃഷിത്തോട്ടം സ്ഥാപിക്കും. പദ്ധതിയ്ക്കായി 1 കോടി രൂപ നീക്കി വയ്ക്കുന്നു.

 കലവറ (75,00,000/-രൂപ വകയിരുത്തൽ)
    തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പെരിങ്ങമല ജില്ലാ കൃഷിത്തോട്ടത്തിൽ ഔഷധ സസ്യ കലവറയും സസ്യ മ്യൂസിയവും സ്ഥാപിക്കാൻ 75,00,000/- രൂപ വകയിരുത്തിയിട്ടുണ്ട്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂർവ്വ സസ്യങ്ങളും വിത്തുകളും കണ്ടെത്തി സംരക്ഷിക്കലും കാർഷിക മേഖലയെക്കുറിച്ച് സമഗ്രമായ അറിവ് പകർന്നു നൽകുന്ന മ്യൂസിയവും ഒരു പ്രധാന മുതൽക്കൂട്ടായിരിക്കും.  കാർഷിക മേഖലയിൽ കേരളത്തിന്റെ ഒരു മാതൃക പദ്ധതിയായി ഇത് മാറും. ഔഷധ സസ്യകൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥാ സമ്പുഷ്ടമായ പശ്ചിമഘട്ട താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിന്റെ ഇതിനായി തെരഞ്ഞെടുത്തതും ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ്. ഫാം ടൂറിസത്തിന്റെ തെക്കൻ കേരളത്തിലെ പ്രധാന കേന്ദ്രമായി ഇത് മാറുമെന്ന് പ്രതീക്ഷിക്കാം.
മൃഗസംരക്ഷണവും ക്ഷീരവികസനവും (9,73,00,000/- രൂപയുടെ വകയിരുത്തലുകൾ)

     കാർഷിക മേഖലയുടെ അനുബന്ധ മേഖലയാണ് മൃഗസംരക്ഷണം. ഇവ പരസ്പരം പൂരകങ്ങളാണ്. ആന്റിബയോട്ടിക് രാസ പദാർത്ഥങ്ങൾ അടങ്ങിയ പാലിന്റെ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഗ്രീൻ മിൽക്ക് പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ജില്ലയെ പാലിന്റെ കാര്യത്തിൽ മാത്രമല്ല മുട്ടയുടെ കാര്യത്തിലും സ്വയം പര്യാപ്തമാക്കുവാനുള്ള പദ്ധതികളാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. 
ക്ഷീരസമൃദ്ധി 
     ക്ഷീര കർഷകർക്കുള്ള മാതൃകാ പദ്ധതിയാണിത്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ ഓരോ രൂപ വീതവും ക്ഷീര വകുപ്പ് നൽകുന്ന ഒരു രൂപയും ചേർത്ത് ക്ഷീര കർഷകർക്ക് ഓരോ ലിറ്റർ പാലിനും 4 രൂപ വീതം ധനസഹായം നൽകുന്ന പദ്ധതിയാണിത്. ജില്ലാപഞ്ചായത്ത് ഈ പദ്ധതിയ്ക്കായി 1.5 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. 
മൃഗസംരക്ഷണ പദ്ധതികൾക്കായി 6,48,00,000/- രൂപയും, ഫാമുകളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി 50,00,000/- ലക്ഷം രൂപയും ബഡ്ജറ്റിൽ മാറ്റിവച്ചിട്ടുണ്ട്.  തിരുവനന്തപുരം ജില്ലയെ മുട്ട സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ചെറ്റച്ചൽ ജഴ്‌സി ഫാം മുഖേന നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് 25,00,000/- ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മറുനാട്ടിൽ നിന്നും മടങ്ങിയെത്തിയ ശേഷം ജീവിതം വഴിമുട്ടി നിൽക്കുന്ന പ്രവാസികൾക്കും കർഷക ഗ്രൂപ്പുകൾക്കും ഉപജീവനാർത്ഥം സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ഡയറി ഫാം/ബ്രോയിലർ ആരംഭിക്കുന്നതിന് സംസ്ഥാന വിഹിതം കൂടി ഉൾപ്പെടുത്തി 1,00,00,000/- രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ മാസത്തിൽ മുപ്പതിനായിരം കോഴിക്കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന ഹാച്ചറിയും ചെറ്റച്ചൽ ഫാമിൽ സജ്ജമാകുന്നു.
സേവനമേഖല
സാമൂഹ്യക്ഷേമ രംഗത്തും, ആരോഗ്യരംഗത്തും, വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ പ്രതിബദ്ധതയോടു കൂടിയ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിനുവേണ്ടി 49,30,52,500/-രൂപ നീക്കിവയ്ക്കുന്നു.

ആർദ്രം - ആരോഗ്യ മോഖലയിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കൽ 
(9,82,00,000/- രൂപയുടെ വകയിരുത്തൽ)

    ആരോഗ്യരംഗത്ത് ഒരു പുതിയ കുതിപ്പിന് വഴിയൊരുക്കുന്നതാണ് ആർദ്രം മിഷൻ.  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് ഈ വർഷം ലക്ഷ്യം വയ്ക്കുന്നത്. പാലിയേറ്റീവ് രംഗത്ത് സെക്കന്ററി സ്റ്റേജ് പരിപാലനത്തിന്റെ ചുമതല ജില്ലാപഞ്ചായത്തിനാണ്.  ജില്ലയിലെ 10 ആശുപത്രികളിൽ പാലിയേറ്റീവ് വാർഡുകൾ ആരംഭിക്കുവാൻ ജില്ലാപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.  സ്‌നേഹം മെഡിക്കൽ പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 'സ്‌നേഹം മധുരം' പദ്ധതിയിലൂടെ മാസത്തിൽ 1 രൂപയെങ്കിലും കുട്ടികളിൽ നിന്ന് സംഭാവനയായി ശേഖരിക്കുവാൻ ജില്ലാപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള നെടുമങ്ങാട്, വർക്കല (ആയൂർവ്വേദം), വിതുര ആശുപത്രികളിൽ പുതിയ മന്ദിരം നിർമ്മിക്കുവാനും, പേരൂർക്കട ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനും, നെയ്യാറ്റിൻകര ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി വിവിധ പദ്ധതികൾ ഈ വർഷം ആവിഷ്‌കരിച്ചിട്ടുണ്ട്. ആദിവാസി-തീരദേശ മേഖലയിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ആരംഭിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ആർദ്രം മിഷനായി 2018-19 സാമ്പത്തിക വർഷത്തിൽ ജില്ലാപഞ്ചായത്ത് 9,82,00,000/-രൂപ വകയിരുത്തിയിട്ടുണ്ട്. 

സ്‌നേഹധാര (70,00,000/- രൂപ വകയിരുത്തൽ)

     കുട്ടികൾ നമ്മുടെ നാടിന്റെ സമ്പത്താണ്. എന്നാൽ വളർച്ചാ വൈകല്യങ്ങൾ അവരെ സംബന്ധിച്ചിടത്തോളം ഗുരുതരമായ അവസ്ഥയാണ്. മാതാപിതാക്കൾക്ക് മാത്രമല്ല സമൂഹത്തിന് ആകമാനം തീരാ ദു:ഖമാണ്. ആധുനിക വൈദ്യശാസ്ത്രത്തിന് ഈ വിഷയത്തിൽ വളരെയധികം പരിമിതികളുണ്ട്. എന്നാൽ ആയുർവ്വേദം, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയുമായി സംയോജിപ്പിച്ച് ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് സ്‌നേഹധാര. ശിശുക്കളിലെ വളർച്ചാ വൈകല്യങ്ങളെ കണ്ടെത്തുന്നതും ഫലപ്രദമായി ചികിത്സിയ്ക്കുന്നതിനും ഈ പദ്ധതി നല്ല മാതൃക സൃഷ്ടിച്ചു കഴിഞ്ഞിട്ടുണ്ട്. പാറശ്ശാല, പാലോട്, കിഴുവിലം, വർക്കല എന്നീ പെരിഫറൽ  ഒ.പി-കളിലൂടെയും, പൂജപ്പുര ആയ്യൂർവ്വേദ സെന്ററിലെ ഐ.പി. വിഭാഗത്തിലുമായി ഈ പദ്ധതി കൂടുതൽ ശക്തമാക്കും. സ്‌നേഹധാര പദ്ധതിക്കായി  2018-19 സാമ്പത്തിക വർഷത്തിൽ 70 ലക്ഷം രൂപ വകയിരുത്തുന്നു.
സ്‌നേഹസ്പർശം - (ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ്- ഗ്രാമ -ബ്ലോക്ക്- പഞ്ചായത്തുകളുമായി ചേർന്ന് 10 കോടി രൂപ വകയിരുത്തൽ)
    മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള തണലാണ് സ്‌നേഹസ്പർശം പദ്ധതി.  ജില്ലയിലെ 3000 ത്തോളം വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഇതൊരു ആശ്രയമായി മാറിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രതിവർഷം 28500/-രൂപ സ്‌കോളർഷിപ്പായി ഈ പദ്ധതിയിലൂടെ നൽകുന്നു. ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്
തിന്റെ സംയുക്ത പദ്ധതിയായ സ്‌നേഹസ്പർശത്തിന് 2018-19 വർഷത്തിൽ 10 കോടി രൂപ നീക്കി വയ്ക്കുന്നു.

പാഥേയം - അഗതികൾക്ക് ഭക്ഷണം. (6 കോടി വകയിരുത്തൽ)

വിശപ്പുരഹിത കേരളമെന്ന ആശയവുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോവുകയാണ്. തിരുവനന്തപുരം ജില്ലയിൽ ഒരുനേരമെങ്കിലും ആഹാരം കഴിക്കാൻ നിവൃത്തിയില്ലാത്ത ആളുകളെ കണ്ടെത്തി ഭക്ഷണം നൽകുന്നതിനുള്ള ശ്രമമാണിത്. ഇതിനായി പ്രത്യേക സർവ്വേ നടത്തി കണ്ടെത്തുന്ന അത്തരം ആളുകൾക്ക് കുടുംബശ്രീ യൂണിറ്റുകൾ വഴി പൊതിച്ചോറുകൾ തയ്യാറാക്കി വീട്ടിൽ എത്തിച്ചു നൽകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം ജില്ലയിലെ 10 പഞ്ചായത്തുകളിൽ പൈലറ്റായി നടപ്പാക്കിയ ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 2018-19 സാമ്പത്തിക വർഷത്തിൽ കൂടുതൽ പഞ്ചായത്തുകളിൽ പദ്ധതി വ്യാപിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. ആകെ ചെലവിന്റെ പകുതി ഗ്രാമ പഞ്ചായത്ത് വഹിക്കുന്നു. ജില്ലാപഞ്ചായത്ത് ഈ പദ്ധതിയ്ക്കായി 2018-19 വർഷത്തിൽ 6 കോടി നീക്കിവയ്ക്കുന്നു. 


ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകത്തിൽ വിവരിച്ചതുപോലെ
'അന്ന വസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീ തന്നെ
ഞങ്ങൾക്ക് തമ്പുരാൻ'. -  ഈ ആപ്തവാക്യത്തെ അന്വർത്ഥമാക്കുന്ന പദ്ധതിയാണ് പാഥേയം.

 

സ്മാർട്ട് 
ജില്ലയിലെ വിദ്യാലയങ്ങളുടെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെട്ട നിലവാരത്തിലേയ്ക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് രൂപം നൽകിയ പദ്ധതിയാണ് സ്മാർട്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളുടെ പ്രവേശേന കവാടങ്ങൾ , കെട്ടിടങ്ങൾ, ലൈബ്രറി , ലാബുകൾ എന്നിവ നവീകരിക്കൽ. ജില്ലയിലെ 25 സ്‌കൂളുകളിൽ സ്റ്റീം കിച്ചൺ ആരംഭിക്കുന്നതാണ്. ഞങടഅ ഫണ്ട് ഉപയോഗപ്പെടുത്തി 67 സ്‌കൂളുകളിലെ ലൈബ്രറികൾ, ലാബുകൾ എന്നിവ ആധുനികവത്കരിക്കും. നബാർഡ് സഹായത്തോടെ 15 സ്‌കൂളുകളിൽ ബഹു നില മന്ദിരങ്ങൾ നിർമ്മിയ്ക്കുന്നതാണ്. സ്മാർട്ട് പദ്ധതിയുടെ നടത്തിപ്പിനായി 2018-19 സാമ്പത്തിക വർഷത്തിൽ 29,19,00,000/- രൂപ ജില്ലാ പഞ്ചായത്ത് നീക്കി വയ്ക്കുന്നു.

സാരഥി - സർക്കാർ സ്‌കൂളുകൾക്ക് വാഹനം വാങ്ങൽ (4 കോടി രൂപ)

    ജില്ലാപഞ്ചായത്തിന്റെ നൂതന പദ്ധതിയാണിത്. 4 കോടി രൂപ മുടക്കി ജില്ലാപഞ്ചായത്തിന്റെ 26 ഡിവിഷനുകളിലായി 26 സ്‌കൂളുകൾക്ക് ബസ് വാങ്ങി നൽകുന്നു.  ഇന്ന് 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് നൽകുന്ന പ്രാഥമിക വിദ്യാഭ്യാസം എന്നത് മൗലീക അവകാശവും പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് സർക്കാരിന്റെ കർത്തവ്യവുമാണ്. അതുകൊണ്ട് തന്നെ ശാരീരിക വിഷമതകൾ മൂലമോ മറ്റ് കാരണങ്ങൾ കൊണ്ടോ സ്‌കൂളുകളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് യാത്രാ സൗകര്യം ഒരുക്കുവാനും അവരെ സ്‌കൂളിൽ എത്തിക്കുവാൻ സ്‌കൂളുകൾക്ക് ബസ്സ് വാങ്ങുന്നതിനുള്ള പദ്ധതിയാണ് സാരഥി. തിരുവനന്തപുരം ജില്ലയിലെ ഒരു കുട്ടി പോലും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്താൻ ഈ പദ്ധതിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 


വനജ്യോതി (10,00,000/-രൂപ വകയിരുത്തൽ)


    തിരുവനന്തപുരം ജില്ലയിലെ ആദിവാസി മേഖലയിലെ കുട്ടികൾക്ക് സ്‌കൂൾ സമയത്തിനു ശേഷം രാത്രികാല പാഠശാലകൾ ഒരുക്കി പഠനത്തിനാവശ്യമായ ഭൗതീക സാഹചര്യങ്ങൾ സൃഷ്ടിച്ച് അവരെ പഠനത്തിനും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആദിവാസി ഊരുകളിലെ വിദ്യാസമ്പന്നർക്ക് പരിശീലനം നൽകി ട്യൂഷൻ ടീച്ചർമാരായി നിയോഗിക്കും.  കുട്ടികൾക്കും പഠന സൗകര്യങ്ങളും ലഘുഭക്ഷണവും രാത്രി പാഠശാലകളിൽ ഏർപ്പെടുത്തും.

വിദ്യാജ്യോതി (30,00,000/- രൂപ വകയിരുത്തൽ)

    വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലും തലസ്ഥാന ജില്ല മുൻപന്തിയിലാണ്.  എന്നാൽ എസ്.എസ്.എൽ.സി. പരീക്ഷ പോലുള്ള പൊതു പരീക്ഷകളിൽ നാം പതിമൂന്നാം സ്ഥാനത്തായിരുന്നു. തീരപ്രദേശത്തും ആദിവാസി മേഖലകളിലും കൊഴിഞ്ഞുപോക്ക് ഒരു പ്രശ്‌നം തന്നെയാണ്. ഈ പശ്ചാത്തലത്തിലാണ് സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുവാനുള്ള പദ്ധതികളോടൊപ്പം വിജയശതമാനം ഉയർത്തുവാനുള്ള പദ്ധതിക്ക് ജില്ലാപഞ്ചായത്ത് രൂപം നൽകിയത്. എസ്.എസ്.എൽ.സി. റിസൾട്ട് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ വിദ്യാജ്യോതിയുടെ ഫലമായി പതിമൂന്നാം സ്ഥാനത്തുനിന്നും ഏഴാം സ്ഥാനത്തേയ്ക്ക് ജില്ലയെ ഉയർത്തുവാൻ കഴിഞ്ഞു. ഈ വർഷം വിദ്യാജ്യോതി പദ്ധതി എസ്.എസ്.എൽ.സി, +2 വിദ്യാർത്ഥികൾക്കായി ഉയർത്തുന്നു. ആയതിലേയ്ക്കായി ഈ സാമ്പത്തിക വർഷം 30 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.

'മാനസ' - ഗേൾസ് അമിനിറ്റി സെന്റർ (1 കോടി രൂപ വകയിരുത്തൽ)

    ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകളിലും ആകർഷകമായതും ആധുനിക സൗകര്യങ്ങളോടു കൂടിയതുമായ ഗേൾസ് അമിനിറ്റി സെന്ററുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് 'മാനസ'. ഇതിന്റെ ഭാഗമായി വിദ്യാർത്ഥിനികൾക്ക് റസ്റ്റ് റൂം, നാപ്കിൻ വെൻഡിംഗ് മെഷീൻ, ആധുനിക യൂറിൻ ഷെഡുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള നിർമ്മിതിയാണ് മാനസ. സ്‌കൂളുകളിൽ ഇപ്പോൾതന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ പദ്ധതിയ്ക്കായി 2018-19 സാമ്പത്തിക വർഷത്തിലും 1 കോടി രൂപ നീക്കി വയ്ക്കുന്നു.

കുട്ടികൾക്ക് റഫറൻസ് ലൈബ്രറി (25 ലക്ഷം രൂപ വകയിരുത്തൽ)

    ജില്ലയിലെ മുഴുവൻ സ്‌കൂൾ വിദ്യാർത്ഥികൾക്കും സർവ്വ വിജ്ഞാനത്തിന്റെയും ഒരു കലവറ തുറന്നിടുക എന്ന ആശയത്തിലൂന്നി ജില്ലാ ആസൂത്രണ സമിതി് ആവിഷ്‌കരിച്ച പദ്ധതിയാണ് ജില്ലാ റഫറൻസ് ലൈബ്രറി. ഇരുപതിനായിരം ചതുരശ്ര അടിയിൽ പണി തീർക്കുന്ന ലൈബ്രറിയിൽ ഒരുക്കുന്ന 1 ലക്ഷം പുസ്‌കതങ്ങളിലൂടെ ഏത് വിഷയത്തിനെപ്പറ്റിയും ആഴത്തിൽ അറിവ് നേടുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് റഫറൻസ് ചെയ്യാനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകും. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ നഗരഹൃദയത്തിൽ ഒഴിവുള്ള ഒരു കേന്ദ്രത്തിൽ തിരുവനന്തപുരം കോർപ്പറേഷന്റെ കൂടി സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയ്ക്കായി 25 ലക്ഷം രൂപ ജില്ലാപഞ്ചായത്ത് വകയിരുത്തുന്നു.

സവാരി - തീരദേശ മേഖലയിലെ കുട്ടികൾക്ക് സൈക്കിൾ (20 ലക്ഷം രൂപ വകയിരുത്തൽ)

    പഴയ തലമുറയുടെ ബാല്യകാല സ്വപ്നങ്ങളിലൊന്നാണ് സൈക്കിൾ. തീരപ്രദേശത്ത് സ്‌കൂൾ തലത്തിൽ നിലനിൽക്കുന്ന കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠനം ആസ്വാദ്യകരമാക്കുന്നതിനും ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് സവാരി. ഹൈസ്‌കൂൾ തലത്തിലെ 250 വിദ്യാർത്ഥികൾക്ക് സൈക്കിൾ വാങ്ങി നൽകുന്ന പദ്ധതിയാണിത്. ഇതിനായി 2018-19 സാമ്പത്തിക വർഷത്തിൽ 20 ലക്ഷം രൂപ വകയിരുത്തുന്നു

 

രക്ഷ - പെൺകുട്ടികളുടെ കരാട്ടെ പരിശീലനം 
( 1 കോടി രൂപ വകയിരുത്തൽ)

    ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥിനികൾക്കായി ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ച കരാട്ടെ പരിശീലന പദ്ധതിയാണ് 'രക്ഷ'. പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുവാനും പ്രതിരോധ ശേഷി ഉണർത്തുവാനും ഉദ്ദേശിച്ചിട്ടുള്ള പദ്ധതിയാണിത്. 'സ്ത്രീശക്തി അജയ്യശക്തി' എന്ന സന്ദേശം സമൂഹത്തിന് പകർന്നു നൽകുന്ന ഈ പദ്ധതി ലോക ഗിന്നസ് റിക്കോർഡിൽ ഇടം നേടിയിരിക്കുകയാണ്, കൂടുതൽ വിദ്യാർത്ഥിനികളെ ഉൾപ്പെടുത്തിക്കൊണ്ട് രക്ഷ പദ്ധതി ഈ വർഷവും നടപ്പിലാക്കുന്നതിനു വേണ്ടി 1 കോടി രൂപ ജില്ലാപഞ്ചായത്ത് നീക്കി വയ്ക്കുന്നു.

ഗ്രന്ഥപ്പുര - ലൈബ്രറികളുടെ വിപുലീകരണം (30 ലക്ഷം രൂപ വകയിരുത്തൽ)

    നവകേരളത്തിന്റെ രൂപീകരണത്തിന് വലിയ സംഭാവനയാണ് ഗ്രന്ഥശാലകളും, വായനശാലകളും നൽകിയിട്ടുള്ളത്. അക്ഷരത്തെയും, പുസ്തകത്തെയും സ്‌നേഹിക്കുന്ന കേരളത്തിന്റെ സുമനസ്സാണ് മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിന് മതനിരപേക്ഷതയുടെയും സൗഹൃദത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചത്. വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ ലൈബ്രറികൾ ഫലപ്രദമാക്കാനും ലൈബ്രറി കൗൺസിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 50 ഗ്രന്ഥശാലകൾക്ക് പുസ്തകവും, ഫർണിച്ചറുകളും ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്തിനു കീഴിലുള്ള ഹൈസ്‌കൂളുകളിൽ ജില്ലാപഞ്ചായത്ത് ഓണറേറിയം നൽകി ലൈബ്രേറിയൻമാരെ 10 മാസക്കാലയളവിലേയ്ക്ക് നിയമിക്കും. ഈ പദ്ധതിയ്ക്കായി 2018-19 വാർഷിക ബഡ്ജറ്റിൽ 30 ലക്ഷം രൂപ നീക്കി വയ്ക്കുന്നു.


മത്സ്യമേഖല- മത്സ്യ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും പരിശീലനവും, മത്സ്യ വിത്തുകൾ നിക്ഷേപിക്കുന്ന പദ്ധതികൾ (70 ലക്ഷം രൂപ വകയിരുത്തൽ)

     ദീർഘമായ ഒരു തീരദേശം ഉള്ള ജില്ലയാണ് തിരുവനന്തപുരം. മലയോര പ്രദേശം പോലെ സവിശേഷ പ്രാധാന്യം അർഹിക്കുന്നവരാണ് തീരദേശവാസികൾ. കഴിഞ്ഞ വർഷം ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളിൽ നിന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇതുവരെയും മുക്തരായിട്ടില്ല. അവരുടെ പുനരധിവാസവും, ജീവനോപാധികൾ നൽകലും നമ്മുടെ ഉത്തരവാദിത്തമാണ്. മത്സ്യ തൊഴിലാളി വനിതകൾക്ക് മൂല്യവർദ്ധിത ഉല്പ്പന്നങ്ങളുടെ നിർമ്മാണവും, പരിശീലനവും യൂണിറ്റ് സ്ഥാപിക്കലിനുമായി 50 ലക്ഷം രൂപയും ജലാശയങ്ങളിൽ മത്സ്യ വിത്തുകൾ നിക്ഷേപിക്കുന്ന പദ്ധതികൾക്കായി 20 ലക്ഷം രൂപയും വകയിരുത്തുന്നു.

 
വനിതാ പഠന കേന്ദ്രം - (50 ലക്ഷം രൂപ വകയിരുത്തൽ)

    സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകികൊണ്ട് ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് വനിതാ പഠന കേന്ദ്രം. സ്ത്രീപക്ഷ സംവാദത്തിനും ഗവേഷണത്തിനും  പ്രത്യേകം പ്രാധാന്യം നൽകികൊണ്ട് കിളിമാനൂരിൽ ഡോർമിറ്ററി സൗകര്യത്താടുകൂടിയ സെമിനാർഹാളുകളും വെർച്ച്വൽ ക്ലാസ്സ് റൂമുകളും സ്ഥാപിക്കും. കിലയുടെ സഹായത്തോടെ സ്ത്രീപഠന ഗവേഷണത്തിനും സൗകര്യം ഒരുക്കും. ഈ മാതൃകാ സ്ത്രീ പഠന കേന്ദ്രത്തിനായി 50 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തുന്നു.

കൂത്തമ്പലം - നാടൻ വാദ്യമേളങ്ങളുടെ പ്രോത്സാഹനം (50 ലക്ഷം രൂപ വകയിരുത്തുന്നു)

നാടൻ കലാരൂപങ്ങളും, വാദ്യമേളങ്ങളും പുതിയ തലമുറയ്ക്ക് അന്യമായികൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ സാംസ്‌കാരിക തനിമയ്ക്ക് മകുടം ചാർത്തുവാനുള്ള ഒരു എളിയ സംരംഭമാണ് ജില്ലാപഞ്ചായത്തിന്റെ 'കൂത്തമ്പലം' പദ്ധതി. പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, ബാന്റുമേളം, നാടൻപാട്ട് എന്നിവയിൽ പരിശീലനം നൽകി കലാകാരൻമാരെ വാർത്തെടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാർ ഫെലോഷിപ്പ് നൽകുന്ന കലാകാരൻമാരെ ഈ പദ്ധതിയിൽ ഉപയോഗപ്പെടുത്തും. തെരഞ്ഞെടുക്കപ്പെട്ട ഹൈസ്‌കൂളു കളിലും, ഹയർ സെക്കന്ററി സ്‌കൂളുകളിലും ലൈബ്രറികളിലും ആയിരിക്കും ഗ്രൂപ്പുകൾ രൂപീകരിക്കുക. ഈ പദ്ധതിയ്ക്കായി 2018-19 സാമ്പത്തിക വർഷത്തിൽ ജില്ലാപഞ്ചായത്ത് 50 ലക്ഷം രൂപ വകയിരുത്തുന്നു.


ഊർജ്ജ സംരക്ഷണം
    പരമ്പരാഗത ഊർജ്ജ മേഖലയിൽ ഊന്നിയുള്ള വികസന പദ്ധതികൾ കാലഹരണപ്പെട്ടുകഴിഞ്ഞു. പാരമ്പര്യേതര ഊർജ്ജ മേഖലയാണ് നമുക്കിന്ന് ആശ്രയം.  ഭൂമധ്യരേഖയ്ക്ക് അടുത്ത് സ്ഥിതിചെയ്യുന്ന കേരളം പോലൊരു സംസ്ഥാനത്തിൽ സൂര്യൻ തന്നെയാണ് പ്രധാന ഊർജ്ജ സ്രോതസ്സ്. ആയതുകൊണ്ടു തന്നെയാണ് തിരുവനന്തപുരം ജില്ലാപഞ്ചായത്തിലും അനുബന്ധ സ്ഥാപനത്തിലും സോളാർ പവർ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതി രൂപീകരിച്ചിട്ടുള്ളത്. 2017-18 വർഷത്തിൽ 3.5 കോടി രൂപ ഈ പദ്ധതിയ്ക്കായി ചെലവഴിച്ചിട്ടുണ്ട്. 2018-19 വർഷത്തിൽ 1 കോടി രൂപ കൂടി പദ്ധതിയ്ക്കായി വകയിരുത്തുന്നു.

പൊതുമരാമത്ത് (റോഡുകൾക്കായി 62 കോടി വകയിരുത്തൽ)

     വൃത്തിയുള്ളതും ഗതാഗതയോഗ്യവുമായ റോഡുകൾ വികസനത്തിന്റെ ജീവനാഡികളാണ്. ഉൾനാടൻ മലയോര മേഖലയിൽ വികസനത്തിന്റെ വെളിച്ചം എത്തിക്കുന്നതിൽ സഞ്ചാരയോഗ്യമായ റോഡുകൾക്ക് ഗണ്യമായ സ്ഥാനമാണുള്ളത്. അത് കൊണ്ട് തന്നെ ഈ മേഖലയ്ക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അതീവ പരിഗണന നൽകുന്നുണ്ട്. പഴയ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനോടൊപ്പം പുതിയ റോഡുകൾ നിർമ്മിക്കുന്നതിനും പരിഗണന നൽകുന്നുണ്ട്. അവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ഇണങ്ങുന്നതാകാൻ പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. റോഡുകളുടെ ഗുണനിലവാരം ഉയർത്താൻ പ്രത്യേക പാക്കേജ് തയ്യാറാക്കുന്നുണ്ട്. പുതിയ റോഡുകൾക്ക് 12 കോടി രൂപയും പഴയ റോഡുകൾ നവീകരിക്കാൻ 40 കോടി രൂപയും നീക്കിവയ്ക്കുന്നു.  


കളം - ആദിവാസി-മലയോര മേഖലയിലെ കുട്ടികൾക്ക് പോഷകാഹാരം (25 ലക്ഷം രൂപ വകയിരുത്തൽ)

     തിരുവനന്തപുരം ജില്ലയിലെ ആദിവാസി മലയോര മേഖലയിൽ 3 വയസ്സു മുതൽ 6 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് പോഷകാഹാരം നൽകുന്ന പദ്ധതിയാണ് 'കളം'. 3 വയസ്സു മുതൽ 6 വയസ്സു വരെയുള്ള പ്രായം ഒരു വ്യക്തിയുടെ ജീവിതത്തിലെ നിർണ്ണായക കാലഘട്ടമാണ്. ഈ പ്രായത്തിൽ ഉണ്ടാകുന്ന പോഷകാഹാര കുറവ് കുട്ടികളുടെ ബുദ്ധിവികാസത്തെ വളരെയധികം ബാധിക്കുന്നു എന്നതിനാലാണ് ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിക്കാൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ കൈയ്യെടുത്തത്. പദ്ധതിയ്ക്കായി 25 ലക്ഷം രൂപ വകയിരുത്തുന്നു.


ഗ്രേറ്റ് വേ
    തിരുവനന്തപുരം നഗരത്തിൽ നിന്നും അരുവിക്കര ഡാം വരെയുള്ള 12 കിലോമീറ്റർ ദൂരം വരുന്ന ഒരു വലിയ പാത്‌വേ ആണ് വാട്ടർ അതോറിട്ടിയുടെ പൈപ്പ്‌ലൈൻ റോഡ്. ഇവിടെ കോൺക്രീറ്റ് ഉപയോഗിച്ചുള്ള സ്ഥിര നിർമ്മാണ പ്രവർത്തനങ്ങൾ അനുവദനീയമല്ല. എന്നാൽ വൃത്തിയുള്ള നടപ്പാതകളും, സൈക്ലിംഗ് ട്രാക്കും ഇവിടെ സജ്ജീകരിക്കാനാകും. തണൽ മരങ്ങൾ വച്ചുപിടിപ്പിച്ചും, ഇടയ്ക്ക് വിശ്രമ താവളങ്ങൾ ഒരുക്കിയും ഈ ഗ്രേറ്റ് വേയ്ക്ക് മോടി കൂട്ടാം. ഇതിനായി 'ഗ്രേറ്റ് വേ' എന്ന പദ്ധതി ജില്ലാപഞ്ചായത്ത് മുന്നോട്ടു വയ്ക്കുന്നു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെയും, കോർപ്പറേഷന്റെയും സഹകരണത്തോടെ ഒരു വൻ പദ്ധതിയായിട്ടാണ് വിഭാവനം ചെയതിട്ടുള്ളത്. 


എ.ബി.സി. (അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം- 10 ലക്ഷം രൂപ വകയിരുത്തൽ)

    സംസ്ഥാനമൊട്ടാകെ ഒരു വലിയ സാമൂഹ്യ വിപത്തായി മാറിയിട്ടുള്ള തെരുവു നായ്ക്കളെ നിലവിലുള്ള നിയമങ്ങൾക്കകത്തു നിന്നുകൊണ്ട് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് എ.ബി.സി. പ്രോഗ്രാം. 2017-18 സാമ്പത്തിക വർഷത്തിൽ 10 കേന്ദ്രങ്ങളിൽ വന്ധ്യംകരണ സെല്ലുകൾ സ്ഥാപിക്കുകയും ഇത്തരം കേന്ദ്രങ്ങളിലൂടെ 6000 തെരുവ് നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി പ്രജനന നിയന്ത്രണം നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.  തെരുവ് നായക്കളുടെ നിയന്ത്രണത്തിൽ മാതൃകയാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി തുടരുന്നതിനോടൊപ്പം കുടുംബശ്രീ യൂണിറ്റുകളോട് ചേർന്ന് 2018-19 സാമ്പത്തിക വർഷം മൊബൈൽ എ.ബി.സി. യൂണിറ്റ് ആരംഭിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ഈ പദ്ധതിയ്ക്കായി ബജറ്റിൽ 10 ലക്ഷം രൂപ വകയിരുത്തുന്നു.


പട്ടികജാതി ക്ഷേമം
    പാർശ്വവത്ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ ഉന്നമനമാണ് എല്ലാ വികസന പദ്ധതികളുടെയും മുഖ്യകടമ. തിരുവനന്തപുരം ജില്ലയിലെ പട്ടികജാതി സമൂഹം സാമൂഹ്യ നീതിക്കു വേണ്ടിയുള്ള അനേക സമരങ്ങൾക്ക് നേതൃത്വം നൽകിയവരാണ്.  അയ്യൻങ്കാളിയുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ള ധീരോദാത്തമമായ പ്രക്ഷോഭങ്ങൾ അതിനുദാഹരണങ്ങളാണ്. തിരുവനന്തപുരം ജില്ലയിലെ ജനസംഖ്യയിൽ ഗണ്യമായ ഒരു വിഭാഗം പട്ടികജാതിക്കാരാണ്. ഈ മേഖലയിലെ പ്രധാന പ്രശ്‌നം പാർപ്പിടത്തിന്റെതാണ്. ലൈഫ് പദ്ധതിയിലൂടെ അതിനു പരിഹാരം കാണുവാനുള്ള ശ്രമം നടക്കുന്നു. കോളനികളിൽ നടപ്പാത, കുടിവെള്ളം, വൈദ്യുതി, ഒത്തുചേരുവാനുള്ള പൊതുഇടങ്ങൾ എന്നിവ അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യത്തോടെയാണ് 'സങ്കേതം' എന്ന പേരിൽ സമഗ്ര കോളനി വികസന പദ്ധതികൾക്ക് ജില്ലാപഞ്ചായത്ത് രൂപം നൽകിയത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനമുറിയും അനുബന്ധ സൗകര്യങ്ങളും നൽകുവാനുള്ള പദ്ധതികൾ ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും നൂതന പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. പട്ടികജാതി മേഖലയിൽ മൊത്തം 22,03,76,000/- രൂപ വിവിധ പദ്ധതികൾക്കായി നീക്കി വച്ചിരിക്കുന്നു. 

പട്ടികവർഗ്ഗ ക്ഷേമം

പട്ടികവർഗ്ഗ മേഖലയിൽ ആദിവാസികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ അനവധിയാണ്. ആ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ കൃഷിയും തൊഴിലും അഭിവൃദ്ധിപ്പെടുത്തുന്നതിനും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനും ജില്ലാപഞ്ചായത്ത് നിരവധി പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഈ മേഖലയിൽ 1,75,78,000/- രൂപ വിവിധ പദ്ധതികൾക്കായി നീക്കി വച്ചിരിക്കുന്നു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റിനോടൊപ്പം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ 73 ഗ്രാമപഞ്ചായത്തുകളിലെ 1.75 ലക്ഷം കുടുംബങ്ങൾക്ക് 105 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ലേബർ ബഡ്ജറ്റും ഇതോടൊപ്പം സമർപ്പിക്കുന്നു. 35000 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള ലേബർ ബഡ്ജിന്് 451.50 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത് കൂടാതെ ദാരിദ്ര്യലഘൂകരണ വിഭാഗത്തിന്റെ വാർഷിക ബഡ്ജറ്റും സഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നു. 

'പതിമൂന്നാം പദ്ധതി ജനകീയ പദ്ധതി' എന്ന ലക്ഷ്യം മുൻനിർത്തി രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന ജനകീയാസൂത്രണത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് സമഗ്രവും സർവ്വതല സ്പർശിയുമായ പദ്ധതികൾ ഉൾപ്പെടുത്തി ഒരു ജനകീയ ബഡ്ജറ്റ് അവതരിപ്പിക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്. പരിമിതികൾ ഏറെ ഉണ്ടെങ്കിലും നിശ്ചയദാർഢ്യത്തിന്റെ അച്ചിൽ വാർത്തെടുത്ത ഒരു ബജറ്റാണിത്. മുൻകാലങ്ങളെ അപേക്ഷിച്ച് പുതിയ മേഖലകളിലേയ്ക്ക് കടന്നുചെല്ലുവാനും പുതിയ ധനസ്രോതസ്സുകൾ കണ്ടെത്തുവാനും അത് ജില്ലയുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാക്കി മാറ്റുവാനും ഈ ബജറ്റിലൂടെ സാധിച്ചിട്ടുണ്ട് എന്നാണ് എന്റെ  പ്രതീക്ഷ.  പോയകാലത്തിന്റെ  അനുഭവങ്ങളിൽ നിന്ന് ഊർജ്ജം സംഭരിക്കുവാനും പുതിയ കാലത്തിന്റെ ആരവങ്ങൾക്ക് കാതോർക്കുവാനും ഉള്ള ശ്രമമാണ് ഈ ബജറ്റ്. സാമൂഹ്യ നീതിയും സമഭാവനയും സ്‌നേഹസൗഹൃദങ്ങളും പൂത്തുലയുന്ന കേരളത്തിന്റെ നിറമുള്ള സ്വപ്നങ്ങളിലേക്ക് നമുക്ക് ജൈത്രയാത്ര തുടരാം.