Monday 22nd of April 2019

ജില്ലാ പദ്ധതിയുടെ ഭാഗമായി സംയുക്ത പ്രോജക്ടുകള്‍ ഉണ്ടാകണം

Category: Thiruvananthapuram Published: Monday, 12 February 2018
ഓരോ ജില്ലയിലും പ്രാദേശിക സര്‍ക്കാരുകള്‍ തയ്യാറാക്കുന്നത് 18,000 ഓളം പദ്ധതികള്‍
 
തിരുവനന്തപുരം: 2018-19 സാമ്പത്തികവര്‍ഷാരംഭത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ തന്നെ പദ്ധതി നിര്‍വഹണം ആരംഭിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലകളില്‍ വിവിധ ഏജന്‍സികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ പദ്ധതികളുടെ കരട് യാഥാര്‍ഥ്യമായിട്ടുണ്ട്. ജില്ലാ പദ്ധതിയുടെ ഭാഗമായി സംയുക്ത പ്രോജക്ടുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പദ്ധതികളുടെ വിലയിരുത്തല്‍ ശില്‍പശാല മാസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജില്ലാ കളക്ടര്‍മാര്‍ ഈ ശില്‍പശാലയില്‍ അവതരിപ്പിക്കുന്ന ജില്ലാ പദ്ധതി കരട് സംസ്ഥാന വികസന കൗണ്‍സില്‍ യോഗത്തില്‍ വരുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് അന്തിമരൂപം നല്‍കും. ഓരോ ജില്ലയിലും 18,000 ഓളം പദ്ധതികളാണ് പ്രാദേശിക സര്‍ക്കാരുകള്‍ തയ്യാറാക്കുന്നത്. ഇതിനു പുറമേ കേന്ദ്രസംസ്ഥാനസര്‍ക്കാര്‍ പദ്ധതികളും വരും. ഇവ ഏകീകരിക്കാനുള്ള ഉപകരണമാകണം ജില്ലാ പദ്ധതികള്‍. സംസ്ഥാന സര്‍ക്കാരിന്റെ വികസന ലക്ഷ്യങ്ങള്‍ കൂടി കണക്കിലെടുത്ത് ജില്ലാ വികസന പരിപ്രേക്ഷ്യം രൂപീകരിക്കുക എന്ന ആദ്യഘട്ടമാണ് ജില്ലാ പദ്ധതികള്‍. ജില്ലാ ആസൂത്രണ സമിതികളുടെ നേതൃത്വത്തില്‍ ജില്ലാ പദ്ധതി രൂപീകരിക്കണമെന്നത് ഭരണഘടന അനുശാസിക്കുന്ന കാര്യമാണ്.
പദ്ധതി നടത്തിപ്പില്‍ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഇതിനായി പ്രാദേശിക സര്‍ക്കാരുകളുടെ ശക്തമായ ഇടപെടല്‍ വേണം. സര്‍ക്കാരില്‍നിന്നും എം.പി, എം.എല്‍.എ ഫണ്ടുകളില്‍ നിന്നും, മറ്റു ഏജന്‍സികളില്‍ നിന്നുമുള്ള വിഭവം സമാഹരിച്ച് സംയുക്ത പ്രോജക്ടുകള്‍ ഏറ്റെടുക്കാനാകണം. പദ്ധതിവിഹിതം തീരെ ചെറിയ പരിപാടികള്‍ക്ക് വീതംവെക്കുന്നതിനാല്‍ വലിയ പരിപാടികള്‍ ഏറ്റെടുക്കാനാവാത്ത പ്രശ്‌നം ഇതുവഴി ഒഴിവാക്കാനാകും.
ജില്ലകള്‍ തയാറാക്കുന്ന സംയുക്ത പദ്ധതികളില്‍ ഉയര്‍ന്ന നിലവാരമുള്ളവയ്ക്ക് പ്രോത്‌സാഹനം നല്‍കാന്‍ ബജറ്റില്‍ 40 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഈ അധികസഹായം നേടാന്‍ ജില്ലകള്‍ തമ്മില്‍ ആരോഗ്യകരമായ മത്‌സരമുണ്ടാകണം. അടുത്ത വര്‍ഷം മുതല്‍ ഇത്തരം പദ്ധതികള്‍ക്ക് കൂടുതല്‍ തുക നീക്കിവെക്കാനാകും. ആസൂത്രണ നടപടികള്‍ ലളിതമാക്കുമെന്നും, പദ്ധതി രൂപീകരണ പ്രക്രിയ വര്‍ഷാവസനം വരെ നീളുന്നത് അവസാനിപ്പിക്കുമെന്നും പറഞ്ഞത് നടപ്പാക്കാനായതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓരോ ജില്ലകള്‍ക്കും അവരവരുടെ സവിശേഷതകള്‍ക്ക് അനുസൃതമായി പദ്ധതി ആവിഷ്‌കരിക്കാനും വലിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ജില്ലാ പദ്ധതികള്‍ സഹായിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. 
ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, അംഗം ഡോ. കെ.എന്‍. ഹരിലാല്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എ.ആര്‍. അജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍കോട്, വയനാട്, എറണാകുളം, ഇടുക്കി, മലപ്പുറം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ പദ്ധതികളുടെ കരടാണ് ജില്ലാ കളക്ടര്‍മാര്‍ ഇന്നലെ (ഫെബ്രുവരി 12) അവതരിപ്പിച്ചത്. മറ്റു ജില്ലകളുടെ പദ്ധതികള്‍ 14 ന് അവതരിപ്പിക്കും.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെയും ആഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.