Friday 22nd of November 2019

പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു; ജാഗ്രത പാലിക്കണം

Category: Thrissur Published: Friday, 01 November 2019
 
തൃശ്ശൂര്‍: പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്ക് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തുറന്നു.
 
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്ന് 202 ക്യുമെക്‌സ് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കാന്‍ തുടങ്ങി. ഉച്ചയ്ക്ക് രണ്ടു മണിക്ക് 419.75 മീറ്റര്‍ ആണ് ഡാമിലെ ജലനിരപ്പ്. ഡാമിന്റെ സുരക്ഷിതത്വവും പൊതുജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് നടപടി.
 
ഡാമിലെ ഏഴ് സ്പില്‍വേ ഷട്ടറുകള്‍ ക്രസ്റ്റ് ലെവല്‍ ആയ 419.41 മീറ്ററില്‍ തുറന്നുവെച്ചിരിക്കുന്നതിനാല്‍ നേരത്തെ തന്നെ 30 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഡാമിന്റെ പരമാവധി സംഭരണ ശേഷി 424 മീറ്ററാണ്. പറമ്പിക്കുളം ഡാമിലെ നിലവിലെ ജലനിരപ്പ് 1823.95 അടിയായതിനാലാ ണ് ഒരു സ്ലൂയിസ് ഗേറ്റ് തുറക്കുന്നത്. 1825 അടിയാണ് പറമ്പിക്കുളത്തിന്റെ പരമാവധി സംഭരണ ശേഷി.
 
ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നതോടെ ചാലക്കുടി പുഴയില്‍ അഞ്ച് അടി വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയിലിറങ്ങുന്നവരും മീന്‍ പിടിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു