Thursday 21st of November 2019

ജില്ലയില്‍ പോഷണ്‍ മാസാചരണത്തിന് സമാപനമായി

Category: Thrissur Published: Wednesday, 16 October 2019
 
 
തൃശ്ശൂര്‍:  അമ്മമാരിലും കുട്ടികളിലൂം ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല പോഷണ മാസാചരണത്തിന് സമാപനമായി. തൃശൂര്‍ ടൗണ്‍ഹാളില്‍ ടി എന്‍ പ്രതാപന്‍ എംപി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യ സംരക്ഷണത്തില്‍ കേരളത്തിന് എറെ മുന്നോട്ട് പോകാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
 
ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യ സംരക്ഷണവും പ്രധാനമാണ്. ആരോഗ്യ സാക്ഷരതയില്‍ മുന്നിലെത്താന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട് എന്നത് നേട്ടമാണ്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെ സംബന്ധിച്ച് ജാഗ്രതപുലര്‍ത്തണമെന്ന് എംപി പറഞ്ഞു. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 16 വരെയാണ് ജില്ലയില്‍ പോഷണ മാസാചരണം സംഘടിപ്പിച്ചത്. 
 
ഇതിന്റെ ഭാഗമായി കുട്ടികളിലെ വിളര്‍ച്ച മുന്‍കൂട്ടി കണ്ടെത്തുന്നതിനായി അനീമിയ സ്‌ക്രീനിങ്ങ് ക്യാമ്പ്, ബോധവല്‍ക്കരണ ക്ലാസുകള്‍, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. ജില്ലാതലത്തിലും ബ്ലോക്ക്തലത്തിലുമായാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. മാസാചരണത്തിന്റെ ഭാഗമായി പോഷണ്‍ എക്സ്പ്രസ് വാഹനജാഥ ജില്ലയില്‍ പര്യടനം നടത്തി.
 
സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പത്മിനി ടീച്ചര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.ജെ. ഡിക്സണ്‍, ആരോഗ്യകാര്യ സ്റ്റാന്‍്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മഞ്ജുളാരുണന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എസ് സുലക്ഷണ, ഡെപ്യൂട്ടി ഡിഎംഒ ഡോ. മിനി വി കെ, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ എന്‍ ഗീത, ഡിപിഎം ഡോ. ടി വി സതീശന്‍, എംസിഎച്ച് ഓഫീസര്‍ ടി ആര്‍ കുമാരി, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ കെ കെ ചിത്രലേഖ, എ എ ഷറഫുദ്ദീന്‍ , വിവിധ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.