Thursday 21st of November 2019

പച്ചതുരുത്ത്: കളക്ടറേറ്റ് അങ്കണത്തില്‍ വൃക്ഷതൈകള്‍ നട്ടു

Category: Thrissur Published: Wednesday, 16 October 2019
 
തൃശ്ശൂര്‍:  ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന പച്ചതുരുത്ത്-അതിജീവനത്തിന്റെ ചെറുമരങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് കളക്ടറേറ്റ് അങ്കണത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കലിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നിര്‍വഹിച്ചു. കളക്ടറേറ്റിലെ ഉദ്യാനത്തില്‍ വീട്ടിത്തൈ നട്ടുകൊണ്ടാണ് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തത്. 
 
മരങ്ങളും കാടും മനുഷ്യന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് കളക്ടര്‍ പറഞ്ഞു. വികസനം പ്രകൃതിയെ മറന്നുകൊണ്ടാകരുത്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം നമ്മുടെ സംസ്‌ക്കാരത്തില്‍ ഉള്‍ക്കൊണ്ടിട്ടുളളതാണ്. കാവുകള്‍ ഉള്‍പ്പെടെയുളളവര്‍ ഈ ആശയത്തിന്റെ അടിസ്ഥാനത്തിലുളളവയാണ്. ഇവ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഒപ്പം പരമാവധി ചെടികളും മരത്തൈകളും നട്ടുവളര്‍ത്താന്‍ നാം ശ്രദ്ധിക്കണം. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനൊപ്പം അവ കൃത്യമായി പരിപാലിക്കേണ്ടതും നമ്മുടെ ഉത്തരാവാദിത്ത്വമാണ്. ചെറിയ വനങ്ങളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. 
 
തേക്ക്, ചന്ദനം, വീട്ടി എന്നീ മൂന്ന് തരം വൃക്ഷങ്ങളുടെ 25 തൈകളാണ് നട്ടത്. സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്റെയും ലയണ്‍സ് ക്ലബിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ജൂണ്‍ അഞ്ചിന് ആരംഭിച്ച പച്ചതുരുത്ത്-ചെറുമരങ്ങളുടെ നടീല്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 43 പഞ്ചായത്തുകളില്‍ മരത്തൈ നട്ടു കഴിഞ്ഞു. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എസ് ജയകുമാര്‍, ഐആന്‍ഡ്പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ വി പി സുലഭകുമാരി, അസിസ്റ്റന്റ് എഡിറ്റര്‍ പി പി വിനീഷ്, ഹരിതകേരളം മിഷന്‍-ഐആന്‍ഡ്പിആര്‍ഡി ജീവനക്കാര്‍, ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.