Thursday 21st of November 2019

കളക്ടേഴ്സ് അറ്റ് സ്‌കൂള്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

Category: Thrissur Published: Tuesday, 15 October 2019
 
 
തൃശ്ശൂര്‍:  പ്ലാസ്റ്റിക് മാലിന്യമുക്ത യജ്ഞത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്ന കളക്ടേഴ്സ് അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പട്ടിക്കാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിര്‍വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിത കെ പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പദ്ധതി വിശദീകരിച്ചു. ജില്ലയിലെ മൂന്ന് വിദ്യാലയങ്ങളിലും തുടര്‍ന്ന് ഒരു ഗ്രാമപഞ്ചായത്തിലെ രണ്ട് സ്‌കൂളുകളിലും പദ്ധതി ആരംഭിക്കും. 
 
മാലിന്യ സംസ്‌ക്കരണത്തെകുറിച്ചും ഉറവിടത്തില്‍ വെച്ചുളള തരംതിരിവിനെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള ടീഷര്‍ട്ട് ജില്ലാ കളക്ടര്‍ സ്‌കൂളിന് കൈമാറി. 
 
ജില്ലാ ശുചിത്വമിഷന്‍ വിതരണം ചെയ്യുന്ന തുണി സഞ്ചി വിതരണം ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ചേര്‍ന്ന് സ്‌കൂള്‍ എസ്പിസി കാഡറ്റ് ആന്‍സിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശുഭ ടി എസ്, ജില്ലാ പഞ്ചായത്തംഗം ലില്ലി ഫ്രാന്‍സീസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ചന്ദ്രന്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ടി ആര്‍ ഷീജ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് മധുമിത എന്നിവര്‍ പങ്കെടുത്തു.