Wednesday 18th of September 2019

പ്രളയാതിജീവനം: കുപ്രചരണങ്ങളെ തളളി നാടാകെ ഒന്നിക്കണം

Category: Thrissur Published: Friday, 16 August 2019

തൃശൂര്‍ : തെറ്റായതും ജനവിരുദ്ധവുമായ പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് കേരളത്തിന്റെ പ്രളയാതിജീവനത്തിന് നാടാകെ ഒന്നിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. 73ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം ബാധിച്ച ആയിരകണക്കിന് പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. നൂറിലധികംപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രളയത്തിന്റെ ഇരകളായവരുടെ അതിജീവനത്തിനും പുനരധിവാസത്തിനും നാട് ഒന്നിക്കേണ്ട സമയമാണിത്. ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കാനായി വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളാകെ. ഇതുവരെ രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിലും മറ്റുംമെച്ചപ്പെട്ട ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങാകാന്‍ ജാതി മത ചിന്തകള്‍ക്കതീതമായി നമ്മുക്ക് സാധിക്കണം. ഇതിന് കൂട്ടായ പരിശ്രമവും മനുഷ്യ സ്‌നേഹികളുടെ സഹായങ്ങളും കൂടിയേ തീരൂ. പുന്നയൂര്‍ക്കുളത്ത് പ്രളയത്തില്‍ തകര്‍ന്ന വൈദ്യുതി ടവര്‍ പുനഃസ്ഥാപിക്കാനുള്ള ജോലിക്കായി യാത്രചെയ്യുന്നതിനിടെ തോണി മറിഞ്ഞ് മരിച്ച കെഎസ്ഇബി എഞ്ചിനീയര്‍ ബൈജുവിനെപ്പോലുള്ളവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് ഈ നാടിന്‍െ്‌റ അതിജീവനം സാധ്യമാക്കുന്നത്. 
 
എന്നാല്‍ ഈ ദുരന്തസമയത്തും ജനവിരുദ്ധവും ഹീനവുമായ പ്രചാരണമാണ് സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവ വഴി ചിലര്‍ അഴിച്ചുവിടുന്നത്. മലയാളികളുടെ ഐക്യബോധത്തെ തകര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തണം. ദുരന്തബാധിത പ്രദേശങ്ങളില്‍ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ ഇനിയും നടത്തേണ്ടതായിട്ടുണ്ട്. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും, അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും മറ്റും പൊതുസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവിഭാഗം ജനങ്ങളും കഴിയാവുന്ന നിലയില്‍ സംഭാവന നല്‍കി നാടിന് കൈത്താങ്ങാവണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. 
 
ഭരണഘടനാ മൂല്യങ്ങളും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവവും നിലനിര്‍ത്താന്‍ പരിശ്രമിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്. ഇന്ന് ഈ മൂല്യങ്ങള്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഇവയ്‌ക്കെതിരെ നാം ജാഗരൂകരാകണമെന്നും സ്വാതന്ത്രദിനാഘോഷം പ്രളയാനന്തര അതിജീവന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരാന്‍ പ്രചോദനം നല്‍കട്ടെയെന്നും മന്ത്രി സ്വാതന്ത്രദിന സന്ദേശ പ്രസംഗത്തില്‍ പറഞ്ഞു.