Wednesday 18th of September 2019

പൊയ്യ താഴ്‌വാരം റോഡ് ഇടിയുന്നു ; നാട്ടുകാര്‍ ആശങ്കയില്‍

Category: Thrissur Published: Wednesday, 14 August 2019
തൃശ്ശൂര്‍:  പൊയ്യ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ താഴ്വാരം റോഡ് ഓരോ ദിവസം കഴിയുന്തോറും ഇടിഞ്ഞുകൊണ്ടിരിക്കുന്നത് നാട്ടുകാരില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. നാല്‍പ്പത്തഞ്ചു അടിയോളം റോഡ് താഴേക്ക് ഇടിഞ്ഞ അവസ്ഥയിലാണ്.റോഡിന് താഴെയുള്ള അടിവാരത്തെ കരിങ്കല്‍ക്കെട്ട് മണ്ണിടിച്ചിലില്‍ തകര്‍ന്നു. 
 
റോഡിന്റെ ഒരു വശത്ത് മതില്‍ കെട്ടി തിരിച്ച സ്വകാര്യ വ്യക്തിയുടെ പറമ്പില്‍മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനധികൃതമായി മണ്ണെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് രൂപപ്പെട്ട വലിയ കുഴികളില്‍ വെള്ളം കെട്ടിനിന്ന സാഹചര്യത്തിലാണ് റോഡ് ഇടിഞ്ഞത്. ഓരോ ദിവസം കഴിയുന്തോറും മതിലിന്റെ വശത്തോട് ചേര്‍ന്ന് വിള്ളല്‍ കൂടി വരുകയാണ്. പ്രദേശത്തെ ഇരുപത്തിയെട്ട് കുടുംബങ്ങള്‍ ഇപ്പോഴും ആശങ്കയില്‍ കഴിയുന്നു. മണ്ണിടിച്ചിലില്‍ രണ്ട് വൈദ്യുതി പോസ്റ്റുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. 
 
കഴിഞ്ഞ ദിവസം വൈദ്യുതി പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു. പൊയ്യ - പൂപ്പത്തി ഭാഗത്തേക്ക് എളുപ്പമാര്‍ഗ്ഗമുള്ള വഴിയാണിത്. റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് സമീപവാസിയായ കുരിശിങ്കല്‍ പാപ്പച്ചന്റെ കുടുംബത്തെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. റോഡിന്റെ അപകടാവസ്ഥക്ക് പരിഹാരം കാണുന്നതിനുള്ള ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ ശുഭ സജീവന്‍ പറഞ്ഞു.