Saturday 24th of August 2019

കനോലി കനാല്‍ നിറഞ്ഞൊഴുകി; നിരവധി വീടുകള്‍ വെള്ളത്തില്‍

Category: Thrissur Published: Tuesday, 13 August 2019
തൃശ്ശൂര്‍:  നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കനോലി കനാല്‍, പെരുന്തോട്- വലിയ തോട് നിറഞ്ഞൊഴുകിയതോടെ എടത്തുരുത്തി, കയ്പമംഗലം പഞ്ചായത്തുകളിലെ നിരവധി വീടുകള്‍ വെള്ളത്തില്‍. പ്രദേശത്തെ 300 വീടുകളാണ് വെള്ളക്കെട്ടിലായത്. കനോലി കനാലില്‍ ഞായറാഴ്ച മുതലാണ് ജലനിരപ്പ് ഉയരാന്‍ തുടങ്ങിയത്. 
 
ഇന്ന്  ഒരടിയോളം വെള്ളം പൊങ്ങി. മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ഒഴുക്കില്ലാത്തതിനാല്‍ വെള്ളം താഴാത്തതും ആശങ്ക കൂട്ടുന്നു. എടത്തിരുത്തി മുതല്‍ പുളിഞ്ചോട് വരെയാണ് കനാല്‍ നിറഞ്ഞൊഴുകുന്നത്. കരുവന്നൂര്‍ ഹരിപുരം താണിശ്ശേരി കെഎല്‍ഡിസി ബണ്ട് പൊട്ടി വെള്ളം കാട്ടൂര്‍ വഴി കനാലിലേക്ക് ഒഴുകുന്നതാണ് കാരണം. ഈസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡിന് കിഴക്ക് ഭാഗത്തെ പ്രദേശങ്ങളായ കോഴിത്തുമ്പ്, ചെന്ത്രാപ്പിന്നി ഈസ്റ്റ്, മധുരംപിള്ളി, ചളിങ്ങാട് കൂനിപ്പറമ്പ്, കാക്കാത്തുരുത്തി, ലാല്‍ ബഹദൂര്‍ ശാസ്ത്രി കോളനി, തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളമുയരുന്നത്. 
 
ഇവിടെ നിന്നും ആളുകള്‍ നേരത്തെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറിയിട്ടുണ്ട്. വെള്ളക്കെട്ടൊഴിയാത്തതിനാല്‍ തീരദേശത്തുകാര്‍ ക്യാമ്പുകളില്‍ തന്നെ. 992 കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. എടത്തുരുത്തിയില്‍ ആറും കയ്പമംഗലത്ത് അഞ്ചും ക്യാമ്പുകളിലായി മൂവായിരത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ട്. നിരവധി ആളുകള്‍ ക്യാമ്പുകളില്‍ താമസിക്കാതെ ബന്ധുവീടുകളിലേയ്ക്ക് മാറിയിട്ടുണ്ട്. 
 
ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, നിയോജകമണ്ഡലം എംഎല്‍എ ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എന്നിവര്‍ എടത്തുരുത്തി സെന്റ് ആന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പ് സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. പടിഞ്ഞാറന്‍ മേഖലകളില്‍ വെള്ളക്കെട്ടിന് നേരിയ ശമനം ആയിട്ടുണ്ട്.