Wednesday 18th of September 2019

കളക്ടറേറ്റില്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചു: ദുരിതബാധിതര്‍ക്ക് ആശ്വാസമായി സഹായങ്ങള്‍ എത്തിതുടങ്ങി

Category: Thrissur Published: Monday, 12 August 2019
തൃശൂര്‍ : പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ജില്ലാ ഭരണകൂടത്തിന്‍െ്‌റ നേതൃത്വത്തില്‍ ആരംഭിച്ച ആവശ്യസാധന കളക്ഷന്‍ സെന്ററിലേക്ക് സഹായങ്ങള്‍ എത്തിതുടങ്ങി. ഞായറാഴ്ച കളക്‌ട്രേറ്റ് ബാര്‍ അസോസിയേഷന്‍ ഹാളിലും അയ്യന്തോള്‍ വനിതാ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലുമായി സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ പ്രളയകാലത്തെന്നപ്പോലെ ഇപ്രാവശ്യവും നിരവധികോണുകളില്‍നിന്നാണ് ഇവിടേക്ക് സഹായമെത്തുന്നത്. 
വൈകുന്നേരത്തോടെ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വിവിധ അവശ്യ വസ്തുക്കള്‍ ഇവിടേയ്‌ക്കെത്തി. കേന്ദ്രം തുറന്ന് 24 മണിക്കൂറിനുള്ളില്‍ 3719 പാക്കറ്റ് ബിസ്‌ക്കറ്റ്, 325 കിലോ അരി, 1867 കുടിവെള്ള പാക്കറ്റുകള്‍ 423 സാനിറ്ററി നാപ്ക്കിനുകള്‍ ഉള്‍പ്പടെയുള്ള ഇവിടേയ്‌ക്കെത്തി. ഇവയ്ക്കു പുറമേ കുട്ടികള്‍ക്കുള്ള ഡയപ്പറുകള്‍, സോപ്പ്, ഡെറ്റോള്‍, പഞ്ചസാര, പരിപ്പ്, മെഴുകുതിരി, തുണിത്തരങ്ങള്‍, ബ്രഷ്, ടൂത്ത് പേസ്റ്റ്, പുതപ്പുകള്‍, ടോര്‍ച്ചുകള്‍ ഉള്‍പ്പടെയുള്ള ആവശ്യ സാധനങ്ങളും കേന്ദ്രത്തിലേക്കെത്തുന്നുണ്ട്. ഇവിടെ ശേഖരിക്കുന്ന സാധനങ്ങള്‍ ആവശ്യാനുസരണം താലൂക്കുകളിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിക്കുന്നതിനുള്ള സൗകര്യമാണ് നിലവില്‍ ജില്ലാ ഭരണകൂടത്തിന്‍െ്‌റ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. 
ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബാര്‍ അസോസിയേഷന്‍ ഹാളിലോ, വനിതാ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലോ നേരിട്ട് സാധനങ്ങള്‍ എത്തിക്കാം. ഡെപ്യൂട്ടി കളക്ടര്‍ എല്‍എ, എന്‍എച്ച്ഡിപി യുടെ മേല്‍നോട്ടത്തിലാണ് കളക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ എകോപനം നിര്‍വഹിക്കുന്നത്. സ്‌പെഷ്യല്‍ തഹസില്‍ദാരുള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. സന്നദ്ധസംഘടനകളുടെ പൊതുവേദിയായ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ വളണ്ടിയര്‍മാരാണ് ഇവിടെയെത്തുന്ന വസ്തുക്കള്‍ തരംതിരിക്കുന്നതും ക്യാമ്പുകളിലേക്ക് എത്തിക്കാനുളള സംവിധാനം ഒരുക്കുന്നതും. ബാര്‍ അസോസിയേഷന്‍ ഹാളിലെ സംഭരണ പരിധി കടന്നാല്‍ സഹായമായി വരുന്ന സാധനങ്ങള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റുംവിധമുള്ള സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. സഹായങ്ങള്‍ എത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കളക്‌ട്രേറ്റിലെ കളക്ഷന്‍ സെന്ററിലേക്ക് ഇവ നേരിട്ടെത്തിക്കാം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 9495467296 (ഡെപ്യൂട്ടി കളക്ടര്‍ എല്‍എ, എന്‍എച്ച്ഡിപി), 9495602898 (സ്‌പെഷ്യല്‍ തഹസില്‍ദാര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. കളക്ഷന്‍ സെന്റര്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് സന്ദര്‍ശിച്ചു. അവശ്യസാധനങ്ങളുടെ ലിസ്റ്റും ശേഖരിക്കേണ്ട വിധവുമെല്ലാം അദ്ദേഹം ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.