Wednesday 18th of September 2019

കാറ്റിലും മഴയിലും നാല് ചീനവലകള്‍ തകര്‍ന്നു

Category: Thrissur Published: Monday, 12 August 2019
തൃശൂര്‍ : ശക്തമായ കാറ്റിലും മഴയിലും അഴീക്കോട് മുനയ്ക്കല്‍ ബീച്ചിലെ നാല് ചീനവലകള്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് ലക്ഷം രൂപ വില മതിക്കുന്നവയാണ് ഓരോന്നും. മടത്തിപ്പറമ്പില്‍ ചന്ദ്രന്‍, മടത്തിപ്പറമ്പില്‍ ഗോപിനാഥന്‍, കൈമാതുരുത്തില്‍ ഗിരീശന്‍, കളത്തില്‍ അബു എന്നിവരുടെ ഉടമസ്ഥതയിലാണ് ചീനവലകള്‍. 36 തൊഴിലാളികളാണ്  ഈ ചീനവലകള്‍ക്ക് കീഴില്‍ പണിയെടുക്കുന്നത്. ഇവ നന്നാക്കാന്‍ രണ്ട് മാസത്തിലധികം സമയം വേണമെന്ന് ചീനവലതൊഴിലാളിയായ കൈമാതുരുത്തില്‍ സഹദേവന്‍ പറയുന്നു. 
പ്രളയത്തില്‍ 5000 രൂപ വിലമതിക്കുന്ന മുട്ടികള്‍ മുഴുവന്‍ ഒഴുകിപ്പോയി. ചീനവല നിര്‍മ്മിക്കാന്‍ സാധാരണ മരങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നതും ബുദ്ധിമുട്ട് കൂട്ടുന്നു. പുന്ന, തേക്ക് മരങ്ങള്‍ കൊണ്ടാണ് ഇതിന്റെ തടി. പുതിയ മരം മുറിച്ച് ഉണക്കി വരാന്‍ കാലതാമസം നേരിടും. അതുവരെയും അതിന് കീഴിലുള്ള തൊഴിലാളികള്‍ക്ക് ദുരിതകാലമാണ്. ഓരോ വലയ്ക്ക് കീഴിലും നാല് മുതല്‍ എട്ട് വരെ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. ഇതില്‍ കടലില്‍ പോകുന്നവരും ഉപജീവനത്തിന് വലയെ മാത്രം ആശ്രയിക്കുന്നവരുമുണ്ട്.