Saturday 24th of August 2019

ജില്ലയില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചത് 39.98 കോടി

Category: Thrissur Published: Thursday, 18 July 2019
 
 
തൃശ്ശൂര്‍: പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പൊതുമരാമത്ത് വകുപ്പ് ഇതുവരെ വിനിയോഗിച്ചത് 39.98 കോടി രൂപ. പൊതുമരാമത്ത് വകുപ്പിന് കീഴിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും നിയന്ത്രണത്തില്‍ വരുന്ന തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് അനുബന്ധ പ്രളയ സഹായങ്ങള്‍ക്കും കൂടിയാണ് ഇത്രയും തുക വിനിയോഗിച്ചത്. ഇതിനു പുറമേ മുനിസിപ്പാലിറ്റി തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്കാവശ്യമായ സഹായങ്ങളും തകര്‍ന്ന അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായവും അനുവദിച്ചിരുന്നു. 
 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊതുമരാമത്ത് വകുപ്പിനും കീഴിലായി ജില്ലയില്‍ ആകെ 764 കിലോമീറ്ററോളം റോഡും 12 പാലങ്ങളും ആണ് നിര്‍മ്മിച്ചത്. ജില്ലയില്‍ 86 പഞ്ചായത്തുകളില്‍ മാത്രമായി 3.23 കോടി രൂപയുടെ പ്രളയ സഹായത്തോടെ 63.341 കിലോമീറ്റര്‍ റോഡും 9 പാലങ്ങളുമാണ് പുനര്‍നിര്‍മ്മിച്ചത്. ഇതില്‍ ഏറ്റവും അധികം നാശനഷ്ടങ്ങള്‍ സംഭവിച്ച എടത്തിരുത്തി പഞ്ചായത്തില്‍ 1.19 കോടിയും വെങ്കിടങ്ങ്, തൃക്കൂര്‍, ചേലക്കര, ചേര്‍പ്പ്, പറപ്പൂക്കര, പാണഞ്ചേരി, മടക്കത്തറ എന്നിവിടങ്ങളിലായി 1.97 കോടി രൂപയുമാണ് വിനിയോഗിച്ചത്. 
 
തദ്ദേശ സ്ഥാപനത്തിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ജില്ലയില്‍ കാടുകുറ്റി, വരന്തരപ്പിള്ളി, എളവള്ളി, നെന്മണിക്കര, പറപ്പൂക്കര, കാട്ടൂര്‍, വെള്ളാങ്ങല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലായി പ്രളയത്തില്‍ തകര്‍ന്ന 9 അങ്കണവാടി കെട്ടിടങ്ങള്‍ 10.71 ലക്ഷം രൂപയ്ക്ക് പുനര്‍നിര്‍മ്മിച്ചു.
പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നഗരസഭ അടിസ്ഥാനത്തില്‍ 2018 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ജില്ലയില്‍ വിവിധ മേഖലകളിലായി ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു. തീരദേശ പ്രദേശമായ കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ 37 ക്യാമ്പുകളില്‍ 5921 കുടുംബങ്ങളില്‍ നിന്നായി 35,525 വ്യക്തികളെ താമസിപ്പിച്ചു. 
 
ഇതിനോടൊപ്പം 23 ലക്ഷം രൂപ ചിലവഴിച്ച് പ്രളയത്തില്‍ തകര്‍ന്ന 3 സ്‌കൂള്‍ കെട്ടിടങ്ങളും 5 അങ്കണവാടി കെട്ടിടങ്ങളും 15.8 ലക്ഷം രൂപ ചിലവഴിച്ച് 1.75 കിലോമീറ്റര്‍ റോഡും നന്നാക്കി. ഗുരുവായൂര്‍ നഗരസഭയില്‍ ഒരു കോടി രൂപ വിനിയോഗിച്ച് 12 കിലോമീറ്റര്‍ റോഡും, കുന്നംകുളം നഗരസഭയില്‍ 51 ലക്ഷം രൂപ വിനിയോഗിച്ച് 4.73 കിലോമീറ്റര്‍ റോഡും തകര്‍ന്ന പാലവും, വടക്കാഞ്ചേരി നഗരസഭയില്‍ 68 ലക്ഷം രൂപ വിനിയോഗിച്ച് 5.69 കിലോമീറ്റര്‍ റോഡും 3 പാലങ്ങളും 1.60 ലക്ഷം ഉപയോഗിച്ച് തകര്‍ന്ന അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയാക്കി.
 
ഇരിങ്ങാലക്കുട നഗരസഭയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ബഡ്ജറ്റില്‍ നിന്നും 60.07 ലക്ഷം ഉപയോഗിച്ച് 6 കിലോമീറ്റര്‍ റോഡും തദ്ദേശ സ്ഥാപനത്തിന്റെ ബഡ്ജെറ്റില്‍ നിന്നും 23 ലക്ഷം രൂപ ഉപയോഗിച്ച് ദുരിതാശ്വാസ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും തകര്‍ന്ന അങ്കണവാടി കെട്ടിടങ്ങളുടെ പുനര്‍നിര്‍മ്മാണവും നടത്തി. ജില്ലയില്‍ ചാലക്കുടി നഗരസഭാ മേഖലയിലായിരുന്നു പ്രളയം വിതച്ച നാശനഷ്ടങ്ങള്‍ ഏറെ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലില്‍ ബജറ്റില്‍ നിന്നും 1.7 കോടി രൂപ മുടക്കി ചാലക്കുടിയില്‍ 24.5 കിലോമീറ്ററോളം തകര്‍ന്ന റോഡിന്റെ പണി പൂര്‍ത്തീകരിച്ചു.