Saturday 24th of August 2019

റിലേഷന്‍ഷിപ്പ് കേരള പദ്ധതിയുമായി കുടുംബശ്രീ

Category: Thrissur Published: Wednesday, 17 July 2019
 
 
തൃശ്ശൂര്‍: വയോജനങ്ങള്‍, ഭിന്നലിംഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സ്നേഹ സാന്ത്വനമായി കുടുംബശ്രീ അയല്‍ക്കൂട്ട രൂപീകരണം ആരംഭിച്ചു. സാമ്പത്തികമായും സാമൂഹികമായും ഇവരെ ഉന്നതിയില്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
 
വയോജനങ്ങള്‍ക്ക് സന്തോഷപ്രദമായ ജീവിതം നയിക്കാന്‍ ഇവര്‍ക്ക് ലഭിക്കുന്ന ഇടവേളകള്‍ വായന, കഥാകഥനം, പാട്ടും നൃത്തവും, നാടന്‍ കലകള്‍, പദ്യപാരായണം തുടങ്ങിയവയ്ക്കായി പ്രയോജനപ്പെടുത്തും. 
 
വ്യക്തിഗതമായോ കൂട്ടമായോ ആയ സ്വയംസംരംഭങ്ങള്‍ ആരംഭിക്കുവാനോ നിലവിലുളള മെച്ചപ്പെടുത്താനുളള ശ്രമങ്ങളിലൂടെ പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കും. ഇവരുടെ ആരോഗ്യപരിചരണ കാര്യങ്ങളില്‍ ആരോഗ്യകേന്ദ്രങ്ങളുടെ ഇടപെടലുകള്‍ നടത്തുക, തദ്ദേശസ്വയംഭരണസംവിധാനങ്ങളിലൂടെ വികസന ഫണ്ടില്‍ നിന്ന് വയോജനക്ഷേ പദ്ധതികള്‍ക്കുളള നീക്കി വയ്പുകള്‍ വര്‍ദ്ധിപ്പിക്കാനും അവ ഫലപ്രദമായി ചെലവഴിക്കപ്പെടുന്നു എന്നും ഉറപ്പാക്കുക എന്നിവയെല്ലാം പദ്ധതി ലക്ഷ്യമിടുന്നു. 
 
തൃശൂര്‍ ജില്ലയില്‍ 1167 വയോജന അയല്‍ക്കൂട്ടങ്ങളും 192 ഭിന്നശേഷി അയല്‍ക്കൂട്ടങ്ങളും ഒരു ഭിന്നലിംഗ അയല്‍ക്കൂട്ടവും രൂപീകരിച്ചു. 9242 പേര്‍ ഇതിലൂടെ പദ്ധതിയില്‍ ഭാഗമായി. ഇവര്‍ക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 21 സൗജന്യ നേത്ര ചികിത്സയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. മാനസിക ഉല്ലാസത്തിനായി വിനോദയാത്ര, സിനിമപ്രദര്‍ശനം, പരിസ്ഥിതിവാരാഘോഷം എന്നിവ സംഘടിപ്പിച്ചു.