Monday 22nd of April 2019

താരപ്രചാരകരുടെ പട്ടിക നല്‍കാന്‍ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം

Category: Thrissur Published: Thursday, 11 April 2019
 
 
തൃശൂര്‍:  ലോക്സഭാ മണ്ഡലത്തില്‍ വിവിധ സ്ഥാനാര്‍ഥികളുടെ പ്രചരണത്തിന് എത്തുന്ന താരപ്രചാരകരുടെ പട്ടിക നല്‍കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചെലവ് നിരീക്ഷകന്‍ എസ്. രംഗരാജന്‍ നിര്‍ദേശം നല്‍കി. മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്.
 
പ്രചരണത്തിന് വരാന്‍ സാധ്യതയുള്ള താരപ്രചാരകരുടെയും പട്ടിക ഓരോ സ്ഥാനാര്‍ഥിയും സമര്‍പ്പിക്കണം. താരപ്രചാരകര്‍ സ്ഥാനാര്‍ഥികളുമായി വേദി പങ്കിട്ടാല്‍ അവരുമായി ബന്ധപ്പെട്ട ചെലവ് സ്ഥാനാര്‍ത്ഥിയുടെ ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 
 
സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ സംബന്ധിച്ച പരിശോധന 13, 17, 21 തീയതികളില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10 മുതല്‍ 1 വരെയും ഉച്ചയ്ക്ക് ശേഷം 2.30 മുതലുമാണ് പരിശോധന. രാവിലെ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെയും ഉച്ചയ്ക്ക് ബിഎസ്പി , സി.പി.ഐ.എം( എല്‍), സ്വതന്ത്രസ്ഥാനാര്‍ഥികളുടെയും ചെലവ് പരിശോധനയാണ് നടക്കുക. സ്ഥാനാര്‍ഥികളുടെ എജന്‍്റുമാര്‍ ഹാജരായി ചെലവുകളെ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കണം. 
 
വോട്ടെടുപ്പ് ദിവസത്തേയും ചെലവ് ഉള്‍പ്പെടുത്തും. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. 10000 രൂപയ്ക്ക് മുകളിലുള്ള യാതൊരു ഇടപാടുകളും ഒരു വ്യക്തിക്ക് ഒറ്റ ദിവസം നേരിട്ട് പണമായി നല്‍കരുത്. പണമിടപാടുകള്‍ക്കായി ഉപയോഗിക്കുന്ന വൗച്ചറുകളില്‍ സീരിയല്‍ നമ്പറുകള്‍ വേണം. പണം നല്‍കുന്ന വ്യക്തിയുടെ പേരും മേല്‍വിലാസവും കൃത്യമായി രേഖപ്പെടുത്തണം. 
 
തെരഞ്ഞെടുപ്പ് ചെലവില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ നോട്ടീസ് ലഭിച്ച് രണ്ടുദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമോ പാരിതോഷികങ്ങളോ നല്‍കുന്നത് നിയമവിരുദ്ധമാണ്. ഇവ ഒരുതരത്തിലും നല്‍കരുത്. പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടപ്രകാരം കുറ്റകരമാണ്. സ്ഥാനാര്‍ഥികള്‍ ചെലവുകളെ സംബന്ധിച്ച നിര്‍േദശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു.