Thursday 23rd of May 2019

ജാതിയുടെയും സമുദായിക വികാരത്തിന്റെയും പേരില്‍ വോട്ട് തേടരുത്

Category: Thrissur Published: Monday, 08 April 2019
 
 
തൃശ്ശൂര്‍: തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വോട്ടര്‍മാരുടെ ജാതിയുടെയും സാമുദായിക വികാരത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് തേടരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി.വി അനുപമ അറിയിച്ചു. ജാതികള്‍, സമുദായങ്ങള്‍, മതവിഭാഗങ്ങള്‍, ഭാഷാവിഭാഗങ്ങള്‍ എന്നിവ തമ്മിലെ ഭിന്നതക്ക് ആക്കം കൂട്ടുന്നതോ പരസ്പര വിദ്വേഷമോ സംഘര്‍ഷമോ ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുത്. 
 
ക്ഷേത്രങ്ങള്‍, മുസ്ലിം പളളികള്‍, ചര്‍ച്ചുകള്‍, ഗുരുദ്വാരകള്‍ മറ്റ് ആരാധനാലയങ്ങള്‍ എന്നിവ പ്രസംഗം, പോസ്റ്ററുകള്‍, പാട്ടുകള്‍ എന്നിങ്ങനെ ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനും തെരഞ്ഞെടുപ്പ് പ്രക്രിയക്കുമുള്ള വേദിയായി ഉപയോഗിക്കരുത്. മറ്റു പാര്‍ട്ടികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വിമര്‍ശിക്കരുത്. പരിശോധിക്കപ്പെടാത്ത ആരോപണത്തിന്റെ പേരിലും വളച്ചൊടിച്ചും നടത്തുന്ന വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും കമീഷന്‍ വ്യക്തമാക്കുന്നു.
 
രാജ്യത്തിന്റെ സൈനികരുടെ ചിത്രങ്ങളോ സൈനികര്‍ പങ്കെടുത്ത പരിപാടികളുടെ ചിത്രങ്ങളോ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പരസ്യങ്ങളില്‍ ഉപയോഗിക്കരുതെന്ന് കമീഷന്‍ അറിയിച്ചു. സൈനികര്‍ ഉള്‍പ്പെടുന്ന പ്രവൃത്തികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗപ്പെടുത്താന്‍ പാടില്ലെന്നും വ്യക്തമാക്കി.