Monday 22nd of April 2019

'രാഷ്ട്രീയ പാര്‍ട്ടികള്‍ പെരുമാറ്റച്ചട്ടം പാലിക്കണം'

Category: Thrissur Published: Saturday, 23 March 2019
തൃശൂര്‍ : രാഷ്ട്രീയ പാര്‍ട്ടികള്‍ പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.   വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാത്തവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും പരമാവധി വോട്ടിങ് ഉറപ്പാക്കുന്നതിനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദ്ദേശം നല്‍കി.    പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടും കുറ്റമറ്റ രീതിയിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തണം. പൊതുസ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. പ്രചാരണ സമയത്ത് വ്യക്തിപരമായ സ്പര്‍ദ്ധ/മതപരമായ സ്പര്‍ദ്ധ എന്നിവ ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കരുതെന്നും അറിയിച്ചു. പ്രചാരണത്തിനോടനുബന്ധിച്ച് റാലി നടത്തുമ്പോഴും വാഹനങ്ങള്‍, മൈക്ക് എന്നിവ ഉപയോഗിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങിക്കേണ്ടതാണ്. 
 
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പ്രചരണം നടത്തണമെന്നും പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കണമെന്നും അറിയിച്ചു. കൊടി, തോരണങ്ങള്‍ എന്നിവ ഉപയോഗത്തിനു ശേഷം ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തകരോ/വ്യക്തികളോ അതാത് സ്ഥലങ്ങളില്‍ നിന്ന് നീക്കം ചെയ്യേണ്ടതാണ്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ പോസ്റ്ററുകളോ, പ്രചാരണ സാമഗ്രികളോ പ്രദര്‍ശിപ്പിക്കുന്നതിന് ബന്ധപ്പെട്ട വ്യക്തികളില്‍ നിന്ന് മുന്‍കൂട്ടി സമ്മതം വാങ്ങിക്കേണ്ടതാണ്. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ ജില്ലാ സപ്ലൈ ഓഫീസര്‍ കെ മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.