Saturday 15th of December 2018

അശ്വമേധം : കുഷ്ഠരോഗ നിര്‍ണ്ണയപരിപാടി തുടങ്ങി

Category: Thrissur Published: Thursday, 06 December 2018
തൃശൂര്‍  : ഡിസംബര്‍ അഞ്ചു മുതല്‍ രണ്ടാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന  കുഷ്ഠ രോഗ നിര്‍ണ്ണയ പരിപാടിഅശ്വമേധത്തിന് തുടക്കമായി.  തേക്കിന്‍ക്കാടു മൈതനാത്ത് വിദ്യാര്‍ത്ഥി കോര്‍ണറില്‍  തൃശ്ശൂര്‍ റേഞ്ച് ഐ ജി  എം.ആര്‍.അജിത്കുമാര്‍ ബോധവത്കരണ റാലിയുടെയും റോഡ്  ഷോയുടെയും ഫ്‌ളാഗ് ഓഫ് ചെയ്തു.  ജില്ലാതല ഉദ്ഘാടനം  ടൗണ്‍ ഹാളില്‍ ജില്ലാ കളക്ടര്‍  ടി.വി. അനുപമ  നിര്‍വ്വഹിച്ചു. കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനുള്ള ആദ്യപടിയാണ് രോഗനിര്‍ണ്ണയം. അതു കൊണ്ടു തന്നെ ഈ പരിപാടിയില്‍ ഓരോരുത്തരും പങ്കാളികളായി ലക്ഷ്യം നിറവേറ്റുന്നതിനായി അണിചേരണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയ്യര്‍പേഴ്‌സണ്‍  എം.എല്‍ റോസ്സി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്  ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയ്യര്‍പേഴ്‌സണ്‍   മഞ്ജുള അരുണന്‍  പ്രതിജ്ഞ  ചൊല്ലികൊടുത്തു.          ജില്ലയില്‍ ഈ വര്‍ഷം 36 പേര്‍ക്ക് കുഷ്ഠ രോഗം സ്ഥിരീകരിച്ചതില്‍ നാലു പേര്‍ കുട്ടികളാണ്. കുട്ടികളില്‍ അസുഖം കണ്ടെത്തിയാല്‍ അതിന്റെ അര്‍ത്ഥം ആ സമൂഹത്തില്‍ ഒളിഞ്ഞു കിടക്കുന്ന രോഗലക്ഷണം ഉണ്ടെന്നാണെന്നും അതിനാല്‍ ഈ പരിപാടി അതീവ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ജെ. റീന  പറഞ്ഞു. ചടങ്ങില്‍  സിനിമാ താരം  ഇര്‍ഷാദ് വിശിഷ്ടാതിഥിയായി. രണ്ടാഴ്ച്ചക്കാലം ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി രോഗലക്ഷണങ്ങളുണ്ടെന്നു സംശയിക്കുന്നവരെ നിര്‍ണ്ണയിച്ച് റഫറല്‍ സ്ലിപ്പ് നല്‍കി  അടുത്തുളള സര്‍ക്കാര്‍ ആശുത്രിയില്‍ സൗജന്യചികിത്‌സ ലഭ്യമാക്കും. ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി  ജില്ലയിലുടനീളം വാഹന പ്രചരണവും വീഡിയോ-പോസ്റ്റര്‍ പ്രദര്‍ശനവും നടത്തും.