Saturday 15th of December 2018

വീണ്ടെടുപ്പ് കലാകാര സംഗമം : തീം സോങ്ങ് പുറത്തിറക്കി

Category: Thrissur Published: Tuesday, 04 December 2018

തൃശൂര്‍ : പ്രളയാനന്തര പുനര്‍നിര്‍മിതിയുടെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഡിസം. 14,15,16 തിയതികളില്‍ അരങ്ങേറുന്ന വീണ്ടെടുപ്പ് കലാസാംസ്‌കാരിക സംഗമത്തിന് തീം സോങ്ങായി.  മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള ആഹ്വാനത്തോടെയുള്ള ആമുഖ സംഭാഷണത്തോടെ ആരംഭിക്കുന്ന തീം സോങ്ങില്‍ പ്രളയത്തിന്റെ വിവിധ ദൃശ്യങ്ങളും രക്ഷാപ്രവര്‍ത്തന രംഗങ്ങളും കോര്‍ത്തിണക്കിയിട്ടുണ്ട്. കലാകാര സംഗമത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ടി.വി. അനുപമ നല്‍കുന്ന സന്ദേശവും തീം സോങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 
 
തീം സോങ്ങ് സംഗീത നാടക അക്കാദമി ഭരത് മുരളി തുറസ്സരങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്. ജില്ലാ കളക്ടര്‍ ടി.വി. അനുപമ, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, ഡെപ്യൂട്ടി കളക്ടര്‍ എം.ബി. ഗിരീഷ്, മധു എന്നിവര്‍ പങ്കെടുത്തു. പ്രശസ്ത ഗാനരചയിതാവും കവിയുമായ റഫീക്ക് അഹമ്മദ്  രചിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററാണ്. 
 
വീണ്ടെടുപ്പ് : കലാകാര സംഗമം 14 ന് ആരംഭിക്കും
 
 
ജില്ലയുടെ പ്രളയാനന്തര പുനര്‍ നിര്‍മിതിയുടെ ഭാഗമായി തേക്കിന്‍കാട് മൈതാനത്ത് മൂന്നു ദിവസങ്ങളിലായി നടക്കുന്ന വീണ്ടെടുപ്പ് കലാകാര സംഗമത്തിന് ഡിസം. 14 ന് തുടക്കമാകും. തുടര്‍ന്ന് ഡിസം. 16 വരെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ജില്ലാഭരണകൂടം, വിവിധ സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന കലാകാര സംഗമത്തില്‍ മന്ത്രിമാര്‍, എം പി മാര്‍, എം എല്‍ എ മാര്‍, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ചലച്ചിത്ര താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. മൂന്നു ദിവസങ്ങളിലായി ചിത്രകലാ ക്യാമ്പ്, നാടന്‍ കലാമേള, സംഗീത പരിപാടികള്‍, പഴയ നാടക ഗാനങ്ങളുടെ അവതരണം, മേള സന്ധ്യ, നൃത്തശില്പം, നൃത്ത നൃത്ത്യങ്ങള്‍, ചൊല്‍ക്കാഴ്ച തുടങ്ങിയവ അരങ്ങേറും.