Sunday 17th of February 2019

പ്രളയബാധിത സമാശ്വാസ ധനസഹായം: ജില്ലയില്‍ വിതരണം ചെയ്തത് 27.37 കോടി രൂപ

Category: Thrissur Published: Tuesday, 04 September 2018
 
തൃശൂര്‍:  പ്രളയബാധിതര്‍ക്കുളള ദുരിതാശ്വാസ ധനസഹായമായ പതിനായിരം രൂപയിനത്തില്‍ ജില്ലയില്‍ ഇതുവരെ  27.37 കോടിയോളം ട്രഷറികളില്‍ നിന്നും വിതരണം ചെയ്തു. ദുരിതബാധിതരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്യുന്നത്. വില്ലേജ് ഓഫീസര്‍മാര്‍ മുഖേന താലൂക്കുകളില്‍ നിന്നും ലഭിച്ച കണക്കനുസരിച്ചാണ് വിവരം. തൃശൂര്‍, തലപ്പിളളി, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍, ചാവക്കാട്, ചാലക്കുടി, കുന്നംകുളം താലൂക്കുകളില്‍ നിന്നായി 78841 പേരുടെ വിവരങ്ങളാണ് ലഭിച്ചത്. ഇതില്‍ 65212 പേരുടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കി.
 
ജില്ലയുടെ പുനര്‍നിര്‍മ്മാണത്തിനായി കൂടുതല്‍ ഫണ്ട് ആവശ്യമായതിനാല്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് എല്ലാവരും തങ്ങളാല്‍ ആവുന്ന സംഭാവന നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി അനുപമ അഭ്യര്‍ത്ഥിച്ചു. ഫണ്ട് സമാഹരിക്കുന്നത് ശരിയായ രീതിയിലല്ലെന്ന വ്യാജ വാര്‍ത്തകള്‍ ജനങ്ങളുടെ ഇടയില്‍ പ്രചരിക്കുന്നുണ്ട്. നല്‍കുന്ന ഓരോ തുകയും കൃത്യമായ രതീസിയോടെ സുതാര്യമായ രീതിയില്‍ അക്കൗണ്ട് ചെയ്യുന്നുണ്ടെന്നും റീബിള്‍ഡിംഗ് കേരള യാഥാര്‍ത്ഥ്യമാക്കാന്‍ ജനങ്ങളുടെ എല്ലാവിധ സഹകണം ആവശ്യമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.