Sunday 16th of December 2018

പാഴ് വസ്തു സംഭരണത്തിന് പൊതുജനങ്ങള്‍ സഹകരിക്കണം

Category: Thrissur Published: Monday, 03 September 2018
 
തൃശൂര്‍: പ്രളയബാധിതരായവര്‍ വീടുകളില്‍ നിന്ന് പുറന്തളളുന്ന പാഴായ നിത്യോപയോഗസാധനങ്ങള്‍ ശേഖരിക്കാന്‍ കണ്ടെത്തിയ താല്‍ക്കാലിക സംഭരണ കേന്ദ്രങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ അഭ്യര്‍ത്ഥിച്ചു. ജില്ലയില്‍ ഇതിനായി കണ്ടെത്തിയ കൊരട്ടി ത്വക്ക് രോഗാശുപത്രി കോമ്പൗണ്ടിലെ സ്ഥലം താലൂക്ക് ഓഫീസ്, ഹരിതകേരളം ജില്ലാ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് പരിശോധിച്ച് ജനജീവിതത്തെ യാതൊരു തരത്തിലും ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയതാണെന്നും അവര്‍ അറിയിച്ചു. പാഴ്വസ്തുക്കള്‍ നിരത്തിലും പൊതു ഇടങ്ങളിലും നിറയുന്ന സാഹചര്യത്തിലാണ് അവ മൊത്തം ശേഖരിച്ച് ക്‌ളീന്‍ കേരളാ കമ്പനിയടക്കമുളള ഏജന്‍സികള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 
 
ഇതിനാണ് താല്‍ക്കാലിക സംഭരണ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. അഴുകുന്ന ജൈവമാലിന്യങ്ങള്‍ ഇത്തരം കേന്ദ്രങ്ങളില്‍ ശേഖരിക്കുന്നതല്ല. പാഴ് വസ്തുക്കള്‍ കൂട്ടിയിട്ട് മാലിന്യകൂമ്പാരമാക്കുകയല്ല മറിച്ച് അവ ഒരുമിച്ച് സംഭരിച്ച് ജില്ലയ്ക്ക് പുറത്ത് കൊണ്ടുപോവുകയാണ് ലക്ഷ്യം. ജില്ലയില്‍ പൊതുട്രഞ്ചിംഗ് ഗ്രൗണ്ട് ഇല്ലാത്ത സാഹചര്യത്തില്‍ ഇത്തരം താല്‍ക്കാലിക സംഭരണ സംവിധാനങ്ങള്‍ കൂടിയേ തീരൂ. താല്‍ക്കാലിക സംഭരണ കേന്ദ്രങ്ങള്‍ക്കെതിരെ ചിലയിടങ്ങളില്‍ നിന്നും പ്രാദേശിക എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത്തരം താല്‍ക്കാലിക സംഭരണകേന്ദ്രങ്ങളോട് രാഷ്ട്രീയം, പ്രാദേശികത, മതം എന്നിവ കണക്കിലെടുക്കാതെ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.