Saturday 20th of October 2018

ജില്ലയിലെ കിണറുകളുടെ ശുചീകരണത്തിന് യുണിസെഫ് സഹകരണത്തോടെ കര്‍മ്മപദ്ധതി

Category: Thrissur Published: Friday, 31 August 2018
 
തൃശൂര്‍:  പ്രളയത്തില്‍ മലിനമായ ജില്ലയിലെ കിണറുകളുടെ സമഗ്ര ശുചീകരണത്തിന് യുണീസെഫ് സഹകരണത്തോടെ കര്‍മ്മപദ്ധതി തയ്യാറാക്കുന്നു. തൃശൂര്‍ മുന്‍ ജില്ലാ കളക്ടര്‍ വി കെ ബേബി അധ്യക്ഷത വഹിക്കുന്ന വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് കര്‍മ്മ പദ്ധതി്. ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. 
 
യുണീസെഫ് വാഷ് വിഭാഗം വിദഗ്ദ്ധന്‍ ഡോ. ആനന്ദ്, നാഷ്ണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീഹരി, കേരള വാട്ടര്‍ അതോറിറ്റി മുന്‍ എഞ്ചിനീയര്‍ രതീഷ് എന്നിവരാണ് സംഘത്തിലുള്ള മറ്റ് അംഗങ്ങള്‍. ക്ലോറിനേഷനുശേഷവും പ്രളയബാധിത മേഖലകളിലെ പല കിണറുകളിലേയും വെള്ളത്തില്‍ ബാക്ടീരിയ സാന്നിധ്യവുമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കര്‍മ്മപദ്ധതിക്കു പ്രസക്തിയേറുന്നത്. ജില്ലയില്‍ പ്രളയം രൂക്ഷമായി ബാധിച്ച് 46 പഞ്ചായത്തുകളിലെ കിണറുകളുടെ സമഗ്ര ശുചീകരണമാണ് പദ്ധതിയുടെ ആദ്യലക്ഷ്യം.
 
ഗ്രാമപഞ്ചായത്തുകള്‍, നഗസഭകള്‍, കോര്‍പ്പറേഷന്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. കിണര്‍ ശുചീകരണം, ജലവിതരണ സംവിധാനങ്ങളുടെ ശുചീകരണം, ഉപഭോക്തൃതല ശുചീകരണം എന്നീമൂന്നുതലങ്ങളിലായാണ് പദ്ധതി നിര്‍വ്വഹണം നടത്തുക. ജില്ലാതലത്തില്‍ കളക്ടറും തദ്ദേശഭരണതലത്തില്‍ സ്ഥാപനമേധാവികളുമാണ് പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കുക. പൂര്‍ണമായും വെള്ളപ്പൊക്കം ബാധിച്ചവ, ഭാഗികമായി ബാധിച്ചവ, മുഴുവനായും മുങ്ങിപ്പോയവ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് കിണറുകള്‍ ശുചീകരിക്കുക. ഇതിനായി തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 4 മുതല്‍ 5 വരെ അംഗങ്ങളുള്ള കര്‍മ്മസേനയ്ക്ക് രൂപം നല്‍കും. 
 
ജില്ലാതലത്തില്‍ പ്രതേൃക പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഇതില്‍അംഗങ്ങളായിരിക്കും. വാര്‍ഡുതലത്തില്‍ പ്രളയം ബാധിച്ച കിണറുകള്‍ തിരിച്ചറിയുകയും ഈ കിണറുകളുടെ അവസ്ഥ മനസിലാക്കാനായി വീട്ടുകാര്‍ക്കായി 10 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയ്യാറാക്കലാണ് കര്‍മ്മപദ്ധതിയുടെ ആദ്യപടിയെന്ന് പി ജെ ബേബി പറഞ്ഞു. വീടുകളില്‍ സന്ദര്‍ശനം നടത്തുന്ന കര്‍മ്മസേന, കിണറുകളിലെ ചെളിയുടെയും മാലിന്യത്തിന്റെയും അളവ് പരിശോധിക്കാനുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് തത്സമയം തന്നെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കും. കര്‍മ്മപദ്ധതിയുടെ അടിസ്ഥാനത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.