Thursday 21st of June 2018

ലാലൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ഥ്യമാകുന്നു

Category: Thrissur Published: Monday, 16 April 2018
തൃശൂര്‍: ലാലൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഉടന്‍ യാഥാര്‍ഥ്യമാകുന്നു. ലാലൂരിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയവും ടെന്നീസ് കോര്‍ട്ടും ഗുസ്തി, ബോക്‌സിങ്, ടേബിള്‍ ടെന്നീസ്, വോളിബോള്‍, ഹാന്‍ഡ് ബോള്‍ ഉള്‍പ്പെടെ എല്ലാ ഇന്‍ഡോര്‍ മത്സരങ്ങളും സംഘടിപ്പിക്കാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ കൗണ്‍സില്‍ ഹാളി്ല്‍ ചേര്‍ന്ന മന്ത്രിമാരുടെ അവലോകന യോഗത്തില്‍ തീരുമാനമായി.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 55.84 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനമാണ് ആദ്യഘട്ടത്തില്‍ നടത്തുക. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയവും സ്‌പോര്‍ട്‌സ്‌കോംപ്ലക്‌സും നിര്‍മിക്കുന്നത്. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ലാലൂരിലെ  ട്രജിങ് മൈതാനത്തുള്ള 14ഏക്കറിലാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയവും സ്‌പോര്‍ട്‌സ്‌കോംപ്ലക്‌സും നിര്‍മിക്കുന്നത്. കിറ്റ്‌കോ സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ട് കിഫ്ബി അംഗീകരിച്ചു. മന്ത്രിമാരായ എ സി മൊയ്തീന്‍,  വി എസ് സുനില്‍കുമാര്‍ എന്നിവരുമായി മേയര്‍ അജിത ജയരാജന്റെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍  സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മാണത്തെക്കുറിച്ച് അന്തിമ തീരുമാനമായി. കിറ്റ്‌കോ വിശദമായ പദ്ധതി രേഖ യോഗത്തില്‍ സമര്‍പ്പിച്ചു. കോര്‍പറേഷന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് വകുപ്പുമായി ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കും. തുടര്‍ന്ന് ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവര്‍ത്തനവും തുടങ്ങും. മെയ് മാസത്തില്‍ തറക്കല്ലിടും.
കായികപ്രേമികളുടെ കാലങ്ങളായുള്ള  ആവശ്യങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ പുതിയ കാല്‍വയ്‌പോടെ പരിഹാരമാകുന്നത്. പ്രശസ്ത ഫുട്‌ബോള്‍ താരം ഐ.എം വിജയന്റെ പേരിലാണ് ലാലൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിക്കുക. രണ്ടായിരം പേര്‍ക്ക് ഇരിക്കാവുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയം, സിന്തറ്റിക് ഫുട്‌ബോള്‍ ഗ്രൗണ്ട്, 1200പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയോടുകൂടിയ പവലിയന്‍, നീന്തല്‍ക്കുളം, ടെന്നീസ് കോര്‍ട്ട്, ക്രിക്കറ്റ് പരീശീലനത്തിനുള്ള സൗകര്യം എന്നിവ ആദ്യഘട്ടത്തില്‍ യാഥാര്‍ഥ്യമാവും. മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍മാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിന്‍സെന്റ് കാട്ടൂക്കാരന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എ എസ് കുട്ടി, കൗണ്‍സിലര്‍ ജോണ്‍ ഡാനിയേല്‍,കോര്‍പറേഷന്‍ സെക്രട്ടറി എം നിസാറുദ്ദീന്‍, കീറ്റ്‌കോ കണ്‍സള്‍ട്ടന്റ് ബാബു വൈശാഖ് എന്നിവര്‍ സംസാരിച്ചു. വര്‍ഗീസ് കണ്ടംകുളത്തി സ്വാഗതം പറഞ്ഞു.