Sunday 22nd of April 2018

തൃശൂരില്‍ 242 വില്ലേജുകളില്‍ ഓണ്‍ലൈന്‍ പോക്കുവരവ്

Category: Thrissur Published: Thursday, 01 February 2018
തൃശൂര്‍: ജില്ലയിലെ 255 വില്ലേജുകളില്‍ 242 വില്ലേജുകള്‍ ഓണ്‍ലൈന്‍ പോക്കുവരവിനു സജ്ജമായതായി ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ അറിയിച്ചു. ഇതോടെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളുടെ പോക്ക് വരവ് നടപടി സത്വരവും സൂതാര്യവുമായി നടപ്പാക്കാന്‍ സാധിക്കും. 
ആധാരം രജിസ്റ്റര്‍ ചെയ്ത് ഭൂമി കൈമാറാനുദ്ദേശിക്കുന്ന വ്യക്തി ബന്ധപ്പെട്ട വില്ലേജ് ഓഫീസറില്‍ നിന്നും കൈമാറേണ്ട ഭൂമി സംബന്ധിച്ച തണ്ടപ്പേര്‍ അക്കൗണ്ട് കൈ പ്പറ്റണം. തണ്ടപ്പേര്‍ അക്കൗണ്ടിന്റെ അടിസ്ഥാനത്തില്‍ ആധാരം എഴുത്തുകാര്‍, വക്കീലന്മാര്‍ മുഖാന്തരമോ സ്വന്തം നിലക്കോ ആധാരം തയ്യാറാക്കി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട സബ് രജിസ്ട്രാറെ സമീപിക്കണം. തണ്ടപ്പേര്‍ അക്കൗണ്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കി രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തീകരിച്ച ആധാരങ്ങളുടെ വിശദാംശം ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നും ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ ലഭിക്കും. ഇത് വില്ലേജ് ഓഫീസര്‍ക്ക് പോക്ക് വരവ് നടപടി സൂഗമമായി പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ശേഷിക്കുന്ന 13 വില്ലേജുകളായ തൃശൂര്‍ താലൂക്കിലെ പൂങ്കുന്നം, പെരിങ്ങാവ്, നടത്തറ, നെട്ടിശ്ശേരി, പാറളം, പള്ളിപ്പുറം, തലപ്പിള്ളി താലൂക്കിലെ മുത്തിക്കോട്, പെരിങ്ങൂര്‍, മിണാലൂര്‍, കുമരനെല്ലൂര്‍, പുതുരുത്തി, ചാലക്കുടി താലൂക്കിലെ കിഴക്കെ ചാലക്കുടി, മറ്റ ത്തൂര്‍ എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ പോക്കുവരവിനുള്ള ഡിജിറ്റലൈസേഷന്‍ നടപടി പുരോഗമിക്കുകയാണെന്നും കളക്ടര്‍ അറിയിച്ചു.