Sunday 18th of November 2018

ഇത് ക്ഷേത്രപ്രവേശനത്തിന്റെയും നവോത്ഥാന പോരാട്ടത്തിന്റെയും രണ്ടാം ഘട്ടം

Category: Thrissur
Published: Tuesday, 13 November 2018
തൃശൂര്‍ :  ക്ഷേത്രപ്രവേശന വിളംബരത്തിന്റെയും നവോത്ഥാന പോരാട്ടത്തിന്റെയും രണ്ടാം ഘട്ടമാണിതെന്നും സമൂഹത്തിലെ ഏവര്‍ക്കും ഇതില്‍ പങ്കുചേരാമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍. കേരള സാഹിത്യ അക്കാദമിയില്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യന്‍ ഭരണഘടനയ്ക്ക് മുകളില്‍ ഒരു മതഗ്രന്ഥത്തിനും സ്ഥാനമില്ല. ആ ഭരണഘടനയെയാണ് ചിലര്‍ മതത്തിന്റെ പേരില്‍ വെല്ലുവിളിക്കുന്നത്. ഇത് ജനാധിപത്യ വ്യവസ്ഥയ്ക്ക് നിരക്കുന്നതല്ല. ജനങ്ങള്‍ അധമബോധത്തില്‍ നിന്ന് വഴിമാറി ചിന്തിച്ചു തുടങ്ങിയ കാലഘട്ടമാണിതെന്ന് ജാതിബോധം ഉയര്‍ത്തിവിടുന്നവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
സംസ്ഥാന സര്‍ക്കാര്‍ വന്നതിനു ശേഷം ശാന്തി നിയമനത്തില്‍ പോലും അവര്‍ണര്‍ക്ക് ഇടം നല്‍കി. ഇത് വിപ്ലവകരമായ ഒരു മാറ്റത്തിന്റെ തുടക്കമാണെന്ന് സര്‍ക്കാരിനെ വിശ്വസിക്കുന്ന ജനങ്ങള്‍ക്കറിയാം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദം കൃത്രിമ വിശ്വാസ പ്രശ്‌നം മാത്രമാണ്. ഇത്തരത്തിലുള്ള ശ്രമങ്ങളെ ഒരുമിച്ച് ചെറുക്കുകയാണ് വേണ്ടത്. ചിലര്‍ ശബരിമലയെ മുന്‍നിര്‍ത്തി പര്‍വതീകരിക്കുന്ന നിലപാടെടുക്കുന്നു. തങ്ങളാണ് ശരിയെന്ന് അവര്‍ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇക്കാലത്ത് ജനങ്ങളുടെ ചിന്താബോധം ഉയര്‍ന്നു വന്നത് ശ്രദ്ധിക്കാതെയാണ് ഇവര്‍ ഇത്തരത്തിലുള്ള കുത്സിത പരിശ്രമങ്ങള്‍ നടത്തുന്നതെന്നും സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ഹിസാംത്മക ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്നും കൃഷിവകുപ്പ്മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.രാജന്‍ എംഎല്‍എ , സബ് കളക്ടര്‍ ഡോ. രേണുരാജ് , അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍. ബിജു എന്നിവര്‍ പങ്കെടുത്തു. ചിത്രരചന മത്സര വിജയികള്‍ക്ക് കൃഷിവകുപ്പ് മന്ത്രി സമ്മാനദാനം നടത്തി. മൂന്നുദിവസങ്ങളിലായി നടന്ന വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി പ്രഭാഷണം, ചരിത്രചിത്രപ്രദര്‍ശനം, സെമിനാര്‍, കലാപരിപാടികള്‍, വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ എന്നിവയാണ് സംഘടിപ്പിച്ചത്. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് , വിദ്യാഭ്യാസ വകുപ്പ് ,   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ , കേരള സാഹിത്യ അക്കാദമി , ഇതര വകുപ്പുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.