Thursday 22nd of August 2019

പടയണി കളരിയില്‍ 13 സംഘങ്ങള്‍ മാറ്റുരുക്കും

Category: Pathanamthitta Published: Saturday, 19 September 2015

പത്തനംതിട്ട: ജില്ലയുടെ തനത്‌ കലാരൂപമായ പടയണി വിനോദസഞ്ചാര ഭൂപടത്തില്‍ എത്തിക്കുന്നതിനും ലോക ശ്രദ്ധ ആകര്‍ഷിക്കുന്നതിനുമായി ഡി.റ്റി.പി.സിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ ഒന്‍പത്‌, 10, 11 തീയതികളില്‍ താഴൂര്‍ ഭഗവതി ക്ഷേത്രം ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പടയണി കളരിയില്‍ ജില്ലയിലെ 13 പടയണി സംഘങ്ങള്‍ പങ്കെടുക്കും. 

കോഴഞ്ചേരി ടൂറിസ്റ്റ്‌ ഫെസിലിറ്റേഷന്‍ സെന്ററില്‍ പടയണി ആചാര്യന്‍ പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം വിവിധ പരിപാടികള്‍ക്ക്‌ രൂപം നല്‍കി. ജില്ലയിലെ കടമ്മനിട്ട, കുരമ്പാല, ഓതറ, പുല്ലാട്‌, എഴുമറ്റൂര്‍, കദളിമംഗലം, കോട്ടാങ്ങല്‍, ഇലന്തൂര്‍, നാരങ്ങാനം, പൂരിട്ടിക്കാവ്‌, കുന്നന്താനം, തെള്ളിയൂര്‍, കവിയൂര്‍ എന്നിവടങ്ങളിലെ വിവിധ പടയണി സംഘങ്ങള്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. എല്ലാ ദിവസവും സെമിനാറും, വൈകുന്നേരം പടയണി അവതരണവും ഉണ്ടായിരിക്കും അന്തോണി, മാടന്‍, തൊപ്പിമാടന്‍, പുലവൃത്തം, തപ്പുംമേളം, കാലന്‍ കോലം, താവടി, ഗണപതി, അരക്കി, തങ്ങളും പടയും, കുതിര, കാലയക്ഷി, പരദേശി, വേലകളി, പക്ഷി ഭൈരവി, കാക്കാരശ്ശി, കുമ്മി, തള്ളമറുത, ചുടലമാടന്‍, പക്ഷി, സുന്ദരയക്ഷി, പന്നതാവടി, പിശാച്‌, അന്തരയക്ഷി, അമ്മൂമ്മ, നാഗയക്ഷി തുടങ്ങി വിവിധ രൂപങ്ങള്‍ കളരിയില്‍ അവതരിപ്പിക്കും.