Friday 22nd of November 2019

അബാന്‍ ജംഗ്ഷനു സമീപം മിനി പാര്‍ക്ക് നിര്‍മ്മിക്കും

Category: Pathanamthitta Published: Thursday, 17 October 2019
 
 
പത്തനംതിട്ട:  നഗരത്തിലെ റിംഗ് റോഡ് ശുചീകരണ-സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അബാന്‍ ജംഗ്ഷനു സമീപം മിനി പാര്‍ക്ക് നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. റിംഗ് റോഡ് ശുചീകരണത്തിന്റേയും സൗന്ദര്യവത്കരണത്തിന്റേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ക്കുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
സ്പോണ്‍സര്‍ഷിപ്പിലാകും മിനി പാര്‍ക്കിന്റെ നിര്‍മ്മാണം. നടപ്പാതയും ഇരിക്കുവാന്‍ കസേരകളും വാട്ടര്‍ കിയോസ്‌കുകളും ചെറിയ ഓപ്പണ്‍ ജിംനേഷ്യവുമടങ്ങുന്നതായിരിക്കും മിനി പാര്‍ക്ക്. 15 മുതല്‍ 20 ലക്ഷം രൂപ വരെ മുടക്കിലാകും നിര്‍മ്മാണം. പാര്‍ക്കിന്റെ രൂപരേഖ, സ്പോണ്‍സര്‍ഷിപ്പ് ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണെന്നും കളക്ടര്‍ പറഞ്ഞു. റിംഗ് റോഡ് സൗന്ദര്യവത്ക്കരണത്തിന്റെ ആദ്യഘട്ടം വിജയമായതിനാല്‍ കൂടുതല്‍ സംഘടനകളും വ്യക്തികളും മുന്‍പോട്ട് വരുന്നുണ്ട്. 
 
റിംഗ് റോഡില്‍ ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങള്‍, യന്ത്രങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കും. നവംബര്‍ 23ന് രാവിലെ ഏഴിന് ശുചീകരണത്തിനും സൗന്ദര്യവത്കരണത്തിനുമായി എല്ലാവരും വീണ്ടും റിംഗ് റോഡില്‍ ഒത്തുചേര്‍ന്ന് പ്രവൃത്തനങ്ങള്‍ നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. 
 
ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍, നഗരസഭാ സെക്രട്ടറി എ.എം മുംതാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി നഗരസഭാ യൂണിറ്റ് പ്രസിഡന്റ് ശശി ഐസക്, വിവിധ സ്‌കൂള്‍, കോളേജ് പ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.