Friday 22nd of November 2019

ഇ.വി.എം കമ്മീഷനിങ് പൂര്‍ത്തിയായി; സ്‌ട്രോങ് റൂമിലേക്ക് മാറ്റി

Category: Pathanamthitta Published: Wednesday, 16 October 2019
 
 
പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ഥികളുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിവ ഉള്‍പ്പെടെയുള്ള ബാലറ്റ് പതിക്കുന്ന ഇ.വി.എം കമ്മീഷനിങ് പൂര്‍ത്തിയായി. ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥികളുടെ ക്രമമനുസരിച്ച് അഞ്ച് പേരുടെയും നോട്ടയും ഉള്‍പ്പെടെ ആറ് പട്ടികയാണുള്ളത്. 
 
സ്ഥാനാര്‍ഥികളുടെ പേര്, ഫോട്ടോ, ചിഹ്നം എന്ന മുറയ്ക്ക് രേഖപ്പെടുത്തിയിട്ടുള്ള ഇ.വി.എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ചശേഷം അവ സീല്‍ ചെയ്ത് കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്ത്, നോട്ടയ്ക്കും സ്ഥാനാര്‍ഥികള്‍ക്കും ഓരോ വോട്ട് രേഖപ്പെടുത്തി ഇ.വി.എം മെഷീനുകളുടേയും വി.വി പാറ്റിന്റേയും കാര്യക്ഷമത ഉറപ്പുവരുത്തുന്ന പ്രക്രിയയാണിത്.
 
212 ബൂത്തുകളിലേക്ക് ആവശ്യമായ മെഷീനുകളുടേയും, റിസര്‍വ് മെഷീനുകളുടേയും കമ്മീഷനിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ് സ്‌കൂളില്‍ തന്നെ ക്രമീകരിച്ചിട്ടുള്ള അഞ്ച് സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റിയതായി കോന്നി തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എം.ബി ഗിരീഷ് പറഞ്ഞു.
 
കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഇ.വി.എം കമ്മീഷനിങ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് പരിശോധിച്ച് ഉറപ്പാക്കി. കോന്നി തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ എം.ബി. ഗിരീഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍, ഉപവരണാധികാരി സി.പി രാജേഷ് കുമാര്‍, കോന്നി തഹസില്‍ദാര്‍ കെ.എസ് നസിയ, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ 12 ഇ.വി.എം മെഷീനുകള്‍ തെരഞ്ഞെടുത്ത് ആയിരം വോട്ട് വീതം വി.വി പാറ്റില്‍ സ്ലിപ്പുമായി ഒത്തുനോക്കി കാര്യക്ഷമത ഉറപ്പുവരുത്തുന്ന റാന്‍ഡമൈസേഷനും നടന്നു. 20 ടേബിളുകളിലായി 160 ഉദ്യോഗസ്ഥരാണ് കമ്മീഷനിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. ഇ.വി.എം മെഷീനുകളുടെ കാര്യക്ഷമത ഉറപ്പുവരുത്താനായി ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിലെ വിദഗ്ധരും എത്തിയിരുന്നു.