Friday 18th of October 2019

പെരുമാറ്റച്ചട്ട ലംഘനം തടയാന്‍ സി വിജില്‍ ആപ്പ്

Category: Pathanamthitta Published: Saturday, 05 October 2019
 
 
പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ വോട്ടര്‍മാര്‍ക്ക് സി വിജില്‍ എന്ന ആപ്പില്‍ പരാതിപ്പെടാം. പരാതി ലഭിച്ചാല്‍ നൂറ് മിനിറ്റനകം പരിഹാരം കാണണമെന്നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ മാത്രമേ സി വിജില്‍ ആപ്പിലൂടെ സ്വീകരിക്കൂ. 
 
ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടു മിനിറ്റില്‍ കൂടാതെയുള്ള വീഡിയോ എന്നിവ സഹിതം ചെറുകുറിപ്പുകളോടെ പരാതികള്‍ അപ്പ്‌ലോഡ് ചെയ്യാം. ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാകും. പരാതി അപ്ലോഡ് ചെയ്തു കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കും. ഇതിലൂടെ പരാതിയുടെ ഫോളോ അപ്പ് മൊബൈലില്‍ തന്നെ ട്രാക്ക് ചെയ്യാന്‍ കഴിയും.  ഒരാള്‍ക്ക് ഒന്നിലധികം ചട്ടലംഘനം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. പരാതിക്കാരന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. 
 
ആപ്പിന്റെ ദുരുപയോഗം തടയുന്നതിനുള്ള ഫീച്ചറുകള്‍ ഇതില്‍ തന്നെയുണ്ട്. ഫോട്ടോയോ വീഡിയയോ ക്ലിക്ക് ചെയ്തതിനു ശേഷം സംഭവം റിപോര്‍ട്ട് ചെയ്യാന്‍ അഞ്ചു മിനിറ്റ് ലഭിക്കും. നേരത്തെ റെക്കോഡ് ചെയ്ത വീഡിയോയോ പഴയ ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ സാധ്യമല്ല. ആപ്പ് വഴി നല്‍കുന്ന പരാതി കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയും ഇവിടെ നിന്നും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡിന് കൈമാറുകയും ചെയ്യും. പത്ത് സ്‌ക്വാഡുകളാണ് കോന്നി നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ പ്രവൃത്തിക്കുന്നത്. സി വിജില്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.