Wednesday 18th of September 2019

പൂര്‍ണമായി തകര്‍ന്ന 615 വീടുകള്‍ പുനര്‍നിര്‍മിക്കുന്നു; 327 വീടുകള്‍ പൂര്‍ത്തിയായി

Category: Pathanamthitta Published: Friday, 19 July 2019
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത മേഖലകളുടെ അതിജീവന പ്രവര്‍ത്തനം ശരവേഗത്തില്‍. പൂര്‍ണമായി തകര്‍ന്ന 615 വീടുകളില്‍ 327 എണ്ണത്തിന്റെ നിര്‍മാണം ജില്ലയില്‍ പൂര്‍ത്തിയാക്കിയെന്ന് ജില്ലാ കളക്ടര്‍ പി. ബി. നൂഹ് അറിയിച്ചു. സര്‍ക്കാരിനൊപ്പം ജനങ്ങളും വ്യക്തികളും സന്നദ്ധ സംഘടനകളും മതസ്ഥാപനങ്ങളും സംരംഭകരും ഗുണഭോക്താക്കളും ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാതലങ്ങളിലുമുള്ളവര്‍ പുനര്‍നിര്‍മാണത്തിനായി കൈകോര്‍ത്തു. 
2019 ജനുവരി 31 വരെ ആദ്യ ഘട്ടത്തില്‍ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചത് പ്രകാരം ജില്ലയില്‍ പ്രളയത്തില്‍ 615 വീടുകളില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. സര്‍ക്കാര്‍ നേരിട്ടും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ഇതില്‍ 327  വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ബാക്കി വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ച് വരികയാണ്. ഇതില്‍ റൂഫ് ലെവല്‍ വരെ 77 വീടുകളും ലിന്റല്‍ ലെവല്‍ വരെ 125 വീടുകളും ബേസ്‌മെന്റ് വരെ 69 വീടുകളും പൂര്‍ത്തീകരിച്ചു. 15 ശതമാനം മുതല്‍ 75 ശതമാനം വരെ ഭാഗികമായി തകര്‍ന്ന 18372 വീടുകളുടെ അപേക്ഷകളാണ് ജനുവരി 31 വരെ  ആദ്യ ഘട്ടത്തില്‍ ലഭിച്ചത്. ഇതില്‍ 18,372 പേര്‍ക്കും ദുരിതാശ്വാസ സഹായം നല്‍കി. 
ജില്ലയില്‍ വീടുകളുടെ പുനര്‍ നിര്‍മാണത്തിനു മാത്രം ഗുണഭോക്താക്കള്‍ക്ക് നല്‍കിയത് 63.25 കോടി രൂപയാണ്. ഇതില്‍ വീട് പണി പൂര്‍ത്തീകരിച്ചവരുടെ താക്കോല്‍ ദാനം ഇന്ന് തിരുവല്ലയില്‍ നടക്കുന്ന ജനകീയം ഈ അതിജീവനം പൊതുജനസംഗമത്തില്‍ നടക്കും. മാര്‍ച്ച് 31 വരെ രണ്ടാംഘട്ട അപ്പീല്‍ സ്വീകരിച്ചതില്‍ 2443 അപ്പീലുകളാണ് അംഗീകരിച്ചത്. സബ് കളക്ടര്‍, തഹല്‍സിദാര്‍ തലത്തില്‍ നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ 38 വീടുകള്‍ പൂര്‍ണമായി തകര്‍ന്നതാണെന്ന് കണ്ടെത്തി. ഭാഗികമായി നാശനഷ്ടം സംഭവിച്ച 2405 പേര്‍ക്കുള്ള ദുരിതാശ്വാസ സഹായം കൊടുത്തു തുടങ്ങി. 
ജൂണ്‍ 30 വരെ ഉള്ള മൂന്നാംഘട്ട അപ്പീല്‍ സ്വീകരിച്ചതില്‍ 9071 അപേക്ഷകള്‍ ലഭിച്ചു. ഇത് യുദ്ധകാല അടിസ്ഥാനത്തില്‍ സബ് കളക്ടര്‍, ആര്‍.ഡി.ഒ, തഹല്‍സില്‍ദാര്‍ തലത്തില്‍ നേരിട്ട് പരിശോധന നടത്തി വരുകയാണ്. പ്രളയത്തില്‍ വീടുകള്‍ക്കുണ്ടായ നാശനഷ്ടം നികത്തുന്നതിന് പുതുതായി ലഭിച്ച അപ്പീലുകളില്‍ ഉടന്‍ തന്നെ പരിശോധന പൂര്‍ത്തിയാക്കി നടപടി കൈക്കൊള്ളും. പ്രളയ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഭരണകൂടവുമായി കൈകോര്‍ത്തവരെ പൊതുജന സംഗമത്തില്‍ ആദരിക്കും.