Monday 22nd of April 2019

സുരക്ഷ ഉറപ്പാക്കാന്‍ ഹൈടെക് നിരീക്ഷണ സംവിധാനം

Category: Pathanamthitta Published: Saturday, 13 April 2019
 
പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി ഹൈടെക് സംവിധാനങ്ങള്‍ ജില്ലയില്‍ തയാര്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി തത്സമയ നിരീക്ഷണ സംവിധാനങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തി. 
 
കളക്ടറേറ്റ് പൂര്‍ണമായും സിസിടിവി നിരീക്ഷണത്തിന്‍ കീഴിലാണ്. ദൃശ്യങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് ചേംബറില്‍ നിന്ന് നിരീക്ഷിക്കാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ എല്ലാ സ്ട്രോംഗ് റൂമുകളും സിസിടിവി നിരീക്ഷണത്തിലായിരിക്കും. ഈ ദൃശ്യങ്ങളും കളക്ടര്‍ക്ക് ചേംബറില്‍ ഇരുന്ന് കാണാം. കൗണ്ടിംഗ് സെന്ററിന്റെ ക്രമീകരണം പൂര്‍ണമാകുന്നതോടെ അവിടെയും സിസിടിവി സ്ഥാപിക്കും. ജില്ലയിലെ സെന്‍സിറ്റീവായ 50 ബൂത്തുകളിലും 11 സ്ഥലങ്ങളിലെ 22 വള്‍ണറബിള്‍ ബൂത്തുകളിലും ഉള്‍പ്പെടെ ആകെ 72 ബൂത്തുകളില്‍ സിസിടിവി സ്ഥാപിച്ച് അവയിലെ ദൃശ്യങ്ങളും കളക്ടറേറ്റില്‍ നിരീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. 
 

ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ആപ്പുകള്‍ 

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന്‍ പ്രത്യേക ആപ്ലിക്കേഷനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പി.ഡബ്ല്യു.ഡി. (പേഴ്‌സണ്‍ വിത്ത് ഡിസെബിലിറ്റി) എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. 
 
ശാരീരിക വൈകല്യമുള്ളവര്‍ക്ക് പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിനും സേവനങ്ങള്‍ ആവശ്യപ്പെടുന്നതിനുമുള്ള സൗകര്യം ഈ ആപ്പിലുണ്ട്. പി.ഡബ്ല്യു.ഡി. വോട്ടര്‍ എന്ന നിലയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും നിലവിലെ വോട്ടര്‍ ലിസ്റ്റില്‍നിന്ന് പി.ഡബ്ല്യു.ഡി. വോട്ടര്‍ ആകുന്നതിനുമുള്ള സൗകര്യവും ആപ്പ് വഴി ലഭ്യമാണ്. 
 
അനുയോജ്യമായ പോളിംഗ് സ്റ്റേഷന്‍ ലഭ്യമാക്കുന്നതിനും പ്രത്യേകമായ ക്യൂ ഒരുക്കുന്നതിനുമെല്ലാം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കമ്മീഷന്‍ സൗകര്യമൊരുക്കും. വീല്‍ച്ചെയര്‍ ആവശ്യമുള്ളവര്‍ക്ക് ഇതിലൂടെ ആവശ്യപ്പെടാം. പോളിംഗ് ബൂത്ത് എവിടെയാണെന്ന് കണ്ടെത്തുന്നതിനും നാവിഗേഷന്‍ സെറ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ആപ്ലിക്കേഷനിലുണ്ട്. 3094 ഭിന്നശേഷി വോട്ടര്‍മാര്‍ക്കുള്ള വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.