Friday 18th of October 2019

വികസന നേട്ടങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ പരിശ്രമിക്കണം

Category: Pathanamthitta Published: Monday, 11 February 2019
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷപരിപാടികള്‍ പത്തനംതിട്ട നഗരസഭ ഇടത്താവളത്തില്‍ ഫെബ്രുവരി 20 മുതല്‍ 27 വരെ നടക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന പ്രദര്‍ശനം, വികസന സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍, എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്ന് ദിവസത്തെ പരിപാടികള്‍, പുതിയ പദ്ധതികളുടെയും പൂര്‍ത്തീകരിച്ച പദ്ധതികളുടെയും ഉദ്ഘാടനങ്ങള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.  
സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുവാന്‍ പരിപാടിയിലൂടെ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. ചരിത്രത്തില്‍ സമാനതകളില്ലാത്ത വികസന പദ്ധതികളാണ് കേരളത്തില്‍ ഇപ്പോള്‍ നടന്നുവരുന്നത്. നവകേരള നിര്‍മിതിയുടെ ഭാഗമായി നടപ്പാക്കിയ നാല് മിഷനുകള്‍, പ്രളയാനന്തര പുനര്‍നിര്‍മാണം തുടങ്ങി എല്ലാ പദ്ധതികളും പൂര്‍ണവിജയം നേടി ലോകത്തിന് തന്നെ മാതൃകയായി. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് കണ്ട് മനസ്സിലാക്കുവാനും അവബോധം സൃഷ്ടിക്കുവാനും സാധിക്കുന്ന രീതിയിലായിരിക്കണം ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. 
ദിനാഘോഷ പരിപാടികള്‍ പൂര്‍ണമായും ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ച് നടത്തണമെന്നും ഫ്‌ളെക്‌സ് ബോര്‍ഡുകളും പ്ലസ്റ്റിക് ഉപയോഗവും കഴിയുന്നത്ര കുറയ്ക്കുന്നതിന് വകുപ്പുകള്‍ ശ്രദ്ധിക്കണമെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ആയിരം ദിനാഘോഷത്തോട് അനുബന്ധിച്ച് തുടക്കം കുറിക്കുവാന്‍ കഴിയുന്ന ആറന്മുള നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികള്‍ എംഎല്‍എ അവതരിപ്പിച്ചു. വിവിധ മണ്ഡലങ്ങളില്‍ ഉദ്ഘാടനം ചെയ്യാനുള്ളതും നിര്‍മാണം തുടങ്ങുന്നതുമായ പദ്ധതികള്‍ സമയം നിശ്ചയിച്ച് നടപ്പാക്കണമെന്നും ഈ പദ്ധതികളുടെ പ്രചാരണം പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന നടത്തണമെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. അടൂര്‍ നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം ചെയ്യാന്‍ കഴിയുന്ന പദ്ധതികള്‍ എംഎല്‍എ അവതരിപ്പിച്ചു. 
വനം വകുപ്പ് മന്ത്രി കെ. രാജു ചെയര്‍മാനും ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, രാജു ഏബ്രഹാം, വീണാ ജോര്‍ജ്,  അടൂര്‍ പ്രകാശ്, ചിറ്റയം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപൂര്‍ണാദേവി, നഗരസഭ അധ്യക്ഷ ഗീത സുരേഷ്, തിരുവല്ല നഗരസഭ അധ്യക്ഷന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, അടൂര്‍ നഗരസഭ അധ്യക്ഷ ഷൈനി ബോബി, പന്തളം നഗരസഭ അധ്യക്ഷ റ്റി. കെ. സതി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ. അനന്തഗോപന്‍, ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി. ജെ. കുട്ടപ്പന്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ്, കേരള സ്റ്റേറ്റ് ലേബര്‍ ഫെഡ് ചെയര്‍മാന്‍ മണ്ണടി അനില്‍, ജില്ലാ കലക്ടര്‍ പി ബി നൂഹ് കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ ജോയിന്റ് കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. 
കേരളത്തിലെ വിവിധ രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്ന കുടുംബശ്രീയുടെ ഫുഡ്‌കോര്‍ട്ട് മേളയുടെ മുഖ്യ ആകര്‍ഷകമാവും. ഇതിന് പുറമേ കുടുംബശ്രീ സംഘങ്ങളുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന സ്റ്റാളുകളും ഉണ്ടാകും. പൊതുജനങ്ങള്‍ക്ക് നേരിട്ട് സേവനം നല്‍കുന്ന എല്ലാ വകുപ്പുകളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന സ്റ്റാളുകള്‍ ഒരുക്കും. റവന്യു, തദ്ദേശ സ്വയംഭരണം, നഗരകാര്യം, മോട്ടോര്‍ വാഹനം, എംപ്ലോയ്‌മെന്റ്, തൊഴില്‍, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ പൊതുവിതരണം, ക്ഷീരവികസനം, വനിതാ ശിശുക്ഷമം, സാമൂഹ്യനീതി, പൊലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, ആയുര്‍വേദ, പട്ടികജതി വികസനം, എക്‌സൈസ്, ഫിഷറീസ്, സഹകരണം തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകള്‍ മേളയെ ആകര്‍ഷകമാക്കും. കൂടാതെ വനിതാ ശിശുക്ഷേമ വകുപ്പ് നടത്തുന്ന പപ്പറ്റ് ഷോ, ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഫോക്‌ലോര്‍ അക്കാദമിയുടെ  നാടന്‍പാട്ട്, എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന കാക്കാരശി നാടകം, പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഗോത്രകലാ സംഗമം, വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങിയവ പരിപാടിക്ക് മിഴിവേകും. 
യോഗത്തില്‍ എഡിഎം പി. റ്റി. എബ്രഹാം, തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, സിപിഐ ജില്ലാ സെക്രട്ടറി എ. പി. ജയന്‍, മുന്‍ എംഎല്‍എ കെ. സി. രാജഗോപാലന്‍, അലക്‌സ് കണ്ണമല, രാജു നെടുമ്പുറം, സത്യന്‍കണ്ണങ്കര, ശ്രീകുമാര്‍, ബി. ഷാഹുല്‍ ഹമീദ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.