Saturday 23rd of March 2019

പമ്പ ഹില്‍ടോപ്പ് വ്യൂ പോയിന്റിലേക്ക് കയറുന്നത് നിരോധിച്ചു

Category: Pathanamthitta Published: Saturday, 12 January 2019
പത്തനംതിട്ട : ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സംയുക്ത പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടസാധ്യത മുന്‍നിര്‍ത്തി തീര്‍ഥാടകര്‍ പമ്പാ ഹില്‍ടോപ്പ് വ്യൂ പോയിന്റിലേക്ക് കയറുന്നത് നിരോധിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ ഉത്തരവായി. പോലീസ് പമ്പാ ഹില്‍ടോപ്പില്‍ തീര്‍ഥാടകര്‍ കയറാതിരിക്കുന്നതിന് ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 
 
ഹില്‍ടോപ്പ് മുതല്‍ ഹില്‍ടോപ്പ് വ്യൂ പോയിന്റ് വരെയുള്ള സ്ഥലങ്ങളില്‍ 4 ഘട്ടങ്ങളായി തുറക്കാവുന്നതും അടയ്ക്കാവുന്നതുമായ ബാരിക്കേഡുകള്‍ സ്ഥാപിക്കണം. യൂടേണ്‍ മുതല്‍ ഹില്‍ടോപ്പ് വരെയുള്ള സ്ഥലങ്ങളിലെ നദിയിലേക്ക് ഇറങ്ങാവുന്ന വശങ്ങളില്‍ തീര്‍ഥാടകര്‍ നദിയിലേക്ക് ഇറങ്ങാതിരിക്കുന്നതിനായി ശക്തിയുള്ള ബാരിക്കേഡുകള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
 
യൂടേണ്‍ മുതല്‍ ഹില്‍ടോപ്പ് വരെയുള്ള സ്ഥലങ്ങളില്‍ വൈദ്യുത വിളക്കുകള്‍ കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ സ്ഥാപിക്കണമെന്നും ത്രിവേണി മുതല്‍ ഹില്‍ടോപ്പ് വരെയുള്ള സ്ഥലങ്ങളില്‍ ആംബുലന്‍സ് സൗകര്യത്തോടുകൂടിയ വൈദ്യുത സംഘത്തേയും ആവശ്യമായ ഉപകരണങ്ങളോട് കൂടിയ അഗ്‌നിശമനസേനാ വിഭാഗത്തേയും പോലീസ് സേനയേയും നിയോഗിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.