Sunday 16th of December 2018

പ്രളയാനന്തരം കേരളം നേരിടുന്ന പ്രശ്‌നങ്ങളിലൊന്ന് ശുദ്ധജലക്ഷാമം:മന്ത്രി ജി. സുധാകരന്‍

Category: Pathanamthitta Published: Thursday, 11 October 2018
അമ്പലപ്പുഴ: പ്രളയാനന്തരം കേരള ജനത അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ശുദ്ധജല ലഭ്യതയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. റോട്ടറി ക്ലബ്ബ് ഓഫ് അരൂര്‍ സാറ്റലൈറ്റ് സിറ്റി അങ്കണവാടികള്‍ക്ക് സൗജന്യമായി നല്‍കിയ വാട്ടര്‍ പ്യൂരിഫയര്‍ വിതരണം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം.
 
 
                 അമ്പലപ്പുഴ, ചേര്‍ത്തല,കുട്ടനാട് താലൂക്കുകളില്‍ ശുദ്ധജല ക്ഷാമം നേരിടുന്നു. ആറുകള്‍ കൈയേറിയതും തോടുകള്‍ നികത്തിയതുമെല്ലാം  പ്രകൃതിയുടെ സംതുലിതാവസ്ഥയെ പ്രതികൂലമായി ബാധിച്ചു. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കിണര്‍ പോലുള്ള കുടിവെള്ള സ്രോതസ്സുകള്‍ നികത്തരുതെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ 240 ഫാമിലി വാട്ടര്‍ പ്യൂരിഫയറും 10 കമ്മ്യൂണിറ്റി വാട്ടര്‍ പ്യൂരിഫയറുമാണ്  റോട്ടറി ക്ലബ്ബ് ഓഫ് അരൂര്‍ സാറ്റലൈറ്റ് സിറ്റി സൗജന്യമായി അമ്പലപ്പുഴ മണ്ഡലത്തിന് നല്‍കിയത്.
 
        അമ്പലപ്പുഴ താലൂക്കിലെ 223 അങ്കണവാടികള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട ഏഴു പ്രൈമറി സ്‌കൂളുകള്‍ക്കുമാണ് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്തത്. യൂ. കെ. യില്‍ നിന്ന് ഇറക്കുമതി ചെയ്ത രാജ്യാന്തര നിലവാരമുള്ള വാട്ടര്‍ പ്യൂരിഫയറുകളാണിവ. എട്ടു  ലക്ഷം  രൂപയാണ് ഇതിനായി ചെലവായത്. പ്രളയാനന്തരം  കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത പ്യൂരിഫയറുകള്‍ക്ക് 50,000 രൂപയോളം കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി തന്ന സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായി പദ്ധതി വിശദീകരിച്ച റോട്ടറി ക്ലബ്ബ് ഓഫ് അരൂര്‍ സാറ്റലൈറ്റ് സിറ്റി പ്രോജക്ട് ചെയര്‍മാന്‍ ഡോ. ടിന ആന്റണി പറഞ്ഞു. മന്ത്രി ജി. സുധാകരനാണ് വാട്ടര്‍ പ്യൂരിഫയറുകള്‍ അങ്കണവാടികള്‍ക്ക് നല്‍കാന്‍ നിര്‍ദേശിച്ചത്. കുട്ടികള്‍ക്ക് ശുദ്ധജലം കൊടുക്കാനായതില്‍ സന്തോഷമുണ്ടെന്നും ടിന ആന്റണി പറഞ്ഞു.
 
        ചടങ്ങില്‍ അരൂര്‍ സാറ്റലൈറ്റ് സിറ്റി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡി കെ.ഹരീഷ് അധ്യക്ഷത വഹിച്ചു.  ജില്ല കളക്ടര്‍ എസ്.സുഹാസ് മുഖ്യ അതിഥിയായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലിമ ജോജോ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍,അമ്പലപ്പുഴ ബി.ഡി. ഒ. വി.ജെ.ജോസഫ്, റോട്ടറി ക്ലബ്ബ്  ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഇ. കെ.ലൂക്ക്,സ്‌കറിയ ജോസ് കാട്ടൂര്‍, ഡോ. കൃഷ്ണകുമാര്‍, മുരളീധരന്‍, അബ്ദുള്‍ ബഷീര്‍ എന്നിവര്‍ പങ്കെടുത്തു. ശോഭ സനില്‍ സ്വാഗതം പറഞ്ഞു.