പ്രളയബാധിത ലൈബ്രറികള്‍ക്ക് പുസ്തകങ്ങളുമായി സാമൂഹ്യപ്രവര്‍ത്തക
Category: Pathanamthitta
Published: Wednesday, 10 October 2018
കഥകള്‍, കവിതകള്‍, നിരൂപണകള്, ആത്മകഥകള്‍ തുടങ്ങിയ വിവിധങ്ങളായ പുസ്തകങ്ങളാണ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയത്. നഷ്ടപ്പെട്ട പുസ്തകങ്ങള്‍ക്ക് പകരം പുതിയ പുസ്തകങ്ങള്‍ കൈമാറുന്നതിലൂടെ പുതുതലമുറയ്ക്ക് വഴികാട്ടിയാവാന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നതെന്ന് സുനില്‍ ടീച്ചര്‍ പറഞ്ഞു. പുസ്തകങ്ങള്‍ എന്നും എല്ലാവര്ക്കും മുതല്‍ക്കൂട്ടാണ്. അധ്യാപികയായതിനാലാണ് തനിക്ക് പുസ്തകങ്ങളുമായി ഇത്ര അടുപ്പം ഉണ്ടായതെന്നും ടീച്ചര്‍ പറഞ്ഞു. ഈ ഡിജിറ്റല്‍ യുഗത്തിലും കുട്ടികള്‍ നല്ല വായനാശീലമുള്ളവരാകണം എന്നാഗ്രഹിക്കുന്ന ടീച്ചറുടെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ് ഗ്രാമീണവായനശാലകളെ ശക്തിപ്പെടുത്തുകയെന്നത്.
ഇതിന്റെ ഭാഗമായി പണം മുടക്കി വാങ്ങിയ പുസ്തകങ്ങളും തനിക്ക് സമ്മാനമായി ലഭിച്ച പുസ്തകങ്ങളും വായനശാലകളില്‍ ടീച്ചര്‍ ഏല്‍പ്പിക്കാറുണ്ട്. ജില്ലയില്‍ ഇതുവരെ സുനില്‍ ടീച്ചറിന്റെ നേതൃത്വത്തില്‍ 20 ലൈബ്രറികളും ആരംഭിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ നല്‍കിയിട്ടുള്ളത് ജില്ലാ ജയില്‍ ലൈബ്രറിക്കാണ്. പ്രളയകാല സന്നദ്ധപ്രവര്‍ത്തനങ്ങളിലും സുനില്‍ ടീച്ചര്‍ സജീവ സാന്നിദ്ധ്യമായിരുന്നു. ആവശ്യമായ സാധനങ്ങളും വോളന്റിയേഴ്സിനെയും ടീച്ചറുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ അവശ്യസാധന വിതരണ ഹബുകള്‍ പ്രവര്‍ത്തിച്ചിരുന്ന അടൂര്‍, തിരുവല്ല, പത്തനംതിട്ട കളക്ടറേറ്റ്, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ എത്തിച്ചിരുന്നു.