Friday 19th of October 2018

അയിരൂര്‍ വില്ലേജ് ഓഫീസും സ്മാര്‍ട്ടാകുന്നു

Category: Pathanamthitta Published: Thursday, 09 August 2018
 
പത്തനംതിട്ട:  അയിരൂര്‍ വില്ലേജ് ഓഫീസ് ആധുനിക സജ്ജീകരണങ്ങളോടെ സ്മാര്‍ട് വില്ലേജ് ഓഫീസാകുന്നു. ഓഫീസിന്റെ നിര്‍മാണ ഉദ്ഘാടനം 14ന് ഉച്ചയ്ക്ക് 12ന് റാന്നി എംഎല്‍എ രാജു എബ്രഹാം നിര്‍വഹിക്കും. അയിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് തമ്പി അദ്ധ്യക്ഷത വഹിക്കും. 44 ലക്ഷം രൂപയാണ് അയിരൂര്‍ സ്മാര്‍ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണത്തിനായി ചെലവഴിക്കുന്നത്. നിലവിലെ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഭാഗവും സമീപമുള്ള പഴയ കെട്ടിടവും പൊളിച്ചാണ് പുതിയ സ്മാര്‍ട് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നത്. വരാന്ത, ഫ്രണ്ട് ഓഫീസ്, ഹാള്‍, വില്ലേജ് ഓഫീസറുടെ മുറി, റെക്കോര്‍ഡ് മുറി, ഡൈനിംഗ് ഹാള്‍ എന്നിവയാണ് പുതിയ ഓഫീസില്‍ നിര്‍മിക്കുക. 
 
ഫ്രണ്ട് ഓഫീസില്‍ സേവനങ്ങള്‍ക്കായെത്തുന്ന പൊതുജനങ്ങള്‍ക്ക് ഇരിപ്പിടവും, കുടിവെള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ആറ് പേര്‍ക്ക് ഇരിക്കാവുന്നതാണ് ഓഫീസ് ഹാള്‍. ഒന്‍പത് ജീവനക്കാരുള്ള വില്ലേജ് ഓഫീസില്‍ എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യവും പുതിയ ഓഫീസില്‍ ഒരുക്കുന്നുണ്ട്. ഓഫീസിന് പുറത്തായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി രണ്ട് ടോയ്ലറ്റുകള്‍ നിര്‍മിക്കും. ഇതില്‍ അംഗപരിമിതരായവര്‍ക്കുള്ള ടോയ്ലറ്റ് സംവിധാനവും ഇവര്‍ക്കായി പ്രത്യേക റാമ്പും നിര്‍മിക്കുന്നുണ്ട്. 1300 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട്് വില്ലേജ് ഓഫീസിന്റെ നിര്‍മാണചുമതല നിര്‍മിതി കേന്ദ്രത്തിനാണ്.