Sunday 21st of April 2019

കലഞ്ഞൂര്‍ സ്‌കൂളും സ്മാര്‍ട്ടായി

Category: Pathanamthitta Published: Wednesday, 11 July 2018
പത്തനംതിട്ട : ജില്ലയിലെ ഒരു സ്‌കൂള്‍ കൂടി സ്മാര്‍ട്ടാകുന്നു. കലഞ്ഞൂര്‍ പഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളാണ് സ്മാര്‍ട്ട് ക്ലാസ് റൂമുമായി മുഖം മിനുക്കിയത്. ഗ്രാമപഞ്ചായത്തിന്റെ വികസന പദ്ധതിയില്‍പ്പെടുത്തി നാല് ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കൂളിനെ സ്മാര്‍ട്ടാക്കിയത്. വിദ്യാഭ്യാസസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചുവട് പിടിച്ചാണ് ഗ്രാമപഞ്ചായത്ത് സ്‌കൂളിലെ സ്മാര്‍ട്ടാക്കിയത്. 
 
കലഞ്ഞൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ സ്മാര്‍ട്ടാകുന്നതിന്റെ ഭാഗമായി ക്ലാസ് റൂമുകളില്‍  ടൈല്‍ ഇടുകയും എയര്‍കണ്ടീഷന്‍ ചെയ്യുകയും ചെയ്തു.  മാത്രമല്ല, പുതിയ ഡെസ്‌ക്ക്,  ബെഞ്ച്, സീലിംഗ്, പ്രൊജക്ടര്‍ സംവിധാനം, കംപ്യൂട്ടര്‍ , ഡിജിറ്റല്‍ ബോര്‍ഡുകള്‍ തുടങ്ങി ആധുനിക സംവിധാനങ്ങള്‍ വരെയുള്‍പ്പെടുത്തിയാണ് സ്മാര്‍ട്ട് ക്ലാസ് റൂം തയാറാക്കിയിട്ടുള്ളത്. 2016 ലാണ് കലഞ്ഞൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ നവീകരണം ആരംഭിച്ചത്. ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളാണ് ഈ സ്‌കൂളിലുള്ളത്. ഈ വര്‍ഷം തന്നെ പഞ്ചായത്തിലെ മറ്റ് സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ കൂടി സ്മാര്‍ട്ടാക്കാനുള്ള തയ്യാറൈടുപ്പിലാണ് അധികൃതര്‍.