Thursday 24th of May 2018

മന്ത്രിസഭാ വാര്‍ഷികം; ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണം

Category: Pathanamthitta Published: Wednesday, 16 May 2018
 
പത്തനംതിട്ട: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭ ശബരിമല ഇടത്താവളത്തില്‍ മെയ് 22 മുതല്‍ 28 വരെ നടക്കുന്ന പ്രദര്‍ശന വിപണനമേളയുടെയും വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലുടനീളം നടക്കുന്ന പരിപാടികളുടെയും വിജയത്തിന് ജില്ലയിലെ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യക്ഷമതയോടെ വരും ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍  ചെയ്തിട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രിയുടെയും എംഎല്‍എമാരുടെയും സാന്നിധ്യത്തില്‍ നേരത്തെ ചേര്‍ന്ന യോഗങ്ങളിലെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലെ പുരോഗതിയാണ് പ്രധാനമായും യോഗത്തില്‍ വിലയിരുത്തിയത്. മന്ത്രിസഭാ വാര്‍ഷികവുമായി ബന്ധപ്പെട്ട് ഉദ്ഘാടനം ചെയ്യാവുന്ന പദ്ധതികള്‍ സംബന്ധിച്ച് വിവിധ വകുപ്പ് മേധാവികള്‍ വിശദവിവരങ്ങള്‍ നല്‍കിയിരുന്നു. ഇവയുടെ ഉദ്ഘാടനം നടത്തുന്ന തീയതികളും സമയവും  വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. പൂര്‍ത്തീകരിച്ച പദ്ധതികളില്‍ ഉദ്ഘാടന തീയതികള്‍ നി ശ്ചയിക്കാത്തവ രണ്ട് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ഓഫീസുകളുമായും എംഎല്‍എമാരുമായും ബന്ധപ്പെട്ട് തീയതി നിശ്ചയിച്ച് അറിയിക്കുവാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. 
വാര്‍ഷികാഘോഷങ്ങളുടെ മുന്നോടിയായി 21ന് വൈകിട്ട് മൂന്നിന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നും നഗരസഭാ ബസ് സ്റ്റാന്‍ഡിലേക്ക് നടക്കുന്ന വിളംബര ഘോഷയാത്രയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍സിസി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, എസ്.പി.സി, വിവിധ കലാരൂപങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. 22ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന പരിപാടികളില്‍ വിവിധ ഓഫീസുകളില്‍ നിന്നും ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു. 
പ്രദര്‍ശന വിപണനമേളയുടെ സ്റ്റാളുകളുടെ പണികള്‍ 19ന് പൂര്‍ത്തിയാകും. 20ന് തന്നെ എല്ലാ വകുപ്പുകളും സ്റ്റാളുകള്‍ ഏറ്റെടുത്ത് ഉദ്ഘാടനത്തിന് മുന്നോടിയായി പ്രദര്‍ശനത്തിന് സജ്ജമാക്കണം. എല്ലാ സ്റ്റാളുകളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാണ് വകുപ്പുകള്‍ക്ക് കൈമാറുന്നത്. അധികമായി സൗകര്യം ആവശ്യമുള്ള വകുപ്പുകള്‍ക്ക് ആയത് സജ്ജമാക്കാവുന്നതാണ്. 
യോഗത്തില്‍ എഡിഎം കെ.ദിവാകരന്‍ നായര്‍, തിരുവല്ല ആര്‍ഡിഒ റ്റി.കെ.വിനീത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റ ര്‍ എസ്.സാബിര്‍ ഹുസൈന്‍,  പിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ പി.ആര്‍.സാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ പങ്കെടുത്തു.