Thursday 16th of August 2018

ദേവസ്വം ബോര്‍ഡിന്റെ അഞ്ചമ്പല ദര്‍ശന തീര്‍ഥാടന യാത്രയ്ക്ക് തുടക്കം

Category: Pathanamthitta Published: Monday, 16 April 2018
പത്തനംതിട്ട: വൈശാഖ മാസാചരണത്തിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡിന്റെയും പഞ്ചദിവ്യദേശ ദര്‍ശന്‍ സമിതിയുടെയും നേതൃത്വത്തില്‍ ദക്ഷിണ കേരളത്തിലെ പാണ്ഡവ തിരുപ്പതി ക്ഷേത്രങ്ങളായ തിരുവാറന്മുള, തൃച്ചിറ്റാറ്റ്, തൃപ്പുലിയൂര്‍, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള അഞ്ചമ്പല ദര്‍ശന തീര്‍ഥയാത്രയ്ക്ക് ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര സന്നിധിയില്‍ തുടക്കമായി. ജനസാഗരത്തെ സാക്ഷിനിര്‍ത്തി വഞ്ചിപ്പാട്ടിന്റെ ആരവമുയര്‍ത്തിയ അന്തരീക്ഷത്തില്‍  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ തീര്‍ഥാടന യാത്ര ഉദ്ഘാടനം  ചെയ്തു. രഥഘോഷയാത്രയുടെ ഫഌഗ് ഓഫും തീര്‍ഥാടന യാത്രയുടെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും സുരേഷ്‌ഗോപി എംപി നിര്‍വഹിച്ചു. 
ദേവസ്വം ബോര്‍ഡ് അംഗം  കെ.പി.ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, ക്ഷേത്രം തന്ത്രി അഗ്‌നിശര്‍മന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്, ചീഫ് എന്‍ജിനീയര്‍ വിനയകുമാര്‍, ആറന്മുള ക്ഷേത്രോപദേശക സമിതി സെക്രട്ടറി മനോജ് മാധവശേരില്‍, തൃക്കൊടിത്താനം ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ബി.രാധാകൃഷ്ണമേനോന്‍, ആറന്മുള ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.അജിത് കുമാര്‍, ആറന്മുള ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.രാജീവ് കുമാര്‍, ജി.രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.  
തീര്‍ഥാടകരുടെ ആവശ്യാനുസരണം വിവിധ ക്ഷേത്രങ്ങളില്‍ നിന്നും അഞ്ച് ക്ഷേത്രങ്ങളും ദര്‍ശിക്കത്തക്കവിധം വാഹന സൗകര്യം ദേവസ്വം ബോര്‍ഡിന്റെയും വിവിധ ക്ഷേത്രോപദേശകസമിതികളുടെയും ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തും. ഇതിനായി ആറന്മുളയില്‍ പ്രത്യേക ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. തീര്‍ഥാടനം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ദേവസ്വം ബോര്‍ഡ് divyadeshadarshan.com എന്ന പേരില്‍ വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.
തീര്‍ഥാടനത്തില്‍ ഉള്‍പ്പെടുന്ന  ക്ഷേത്രോപദേശക സമിതികളുടെ പൂര്‍ണ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. തീര്‍ഥാടകര്‍ക്ക് ക്ഷേത്രോപദേശക സമിതികളുമായി ബന്ധപ്പെട്ടാല്‍ യാത്രയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ലഭ്യമാകും. തീര്‍ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യം ഗതാഗതവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതായി പ്രസിഡന്റ് അറിയിച്ചു. നിലവില്‍ ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് കൂടുതലായി അഞ്ചമ്പല ദര്‍ശനത്തിന് എത്തുന്നത്.