Thursday 20th of September 2018

മൂലൂര്‍ അനീതിക്കെതിരേ ശബ്ദമുയര്‍ത്തിയ കവി

Category: Pathanamthitta Published: Wednesday, 14 February 2018
പത്തനംതിട്ട: ഉച്ചനീചത്വങ്ങളും അസമത്വങ്ങളും നിറഞ്ഞ ഒരു കാലഘട്ടത്തില്‍ അനീതികളോടു പോരാടിയ കവിയായിരുന്നു മൂലൂര്‍ എസ്. പത്മനാഭ പണിക്കരെന്ന് നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ വി.ശശി പറഞ്ഞു. സരസ കവി മൂലൂര്‍ എസ്. പത്മനാഭ പണിക്കരുടെ 149ാംമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള അവാര്‍ഡ് സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ജാതി വ്യവസ്ഥയ്ക്കും ചാതുര്‍വര്‍ണ്യത്തിനുമെതിരേ മൂലൂരിനെപ്പോലെയുള്ള മഹാന്മാര്‍ പടപൊരുതി സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇന്ന് നിയമം മൂലം ജാതി വ്യവസ്ഥ നിരോധിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. പൈതൃകവും സംസ്‌കാരവും നമ്മുടെ അമൂല്യമായ വിജ്ഞാന സമ്പത്താണ്. ഇതില്‍ നമുക്ക് അഭിമാനിക്കാം. എന്നാല്‍, അത് കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വരുത്തി വേണം അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 
ഒരു കാലഘട്ടത്തിന്റെ ശബ്ദമായിരുന്ന മൂലൂരിന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ പുസ്തകങ്ങളും കൈയെഴുത്ത് പ്രതികളും സൂക്ഷിച്ച് വരും തലമുറയ്ക്ക് കൈമാറുന്നതിനായി ഒരു ലൈബ്രറി ആരംഭിക്കുന്നതിന് മുന്‍കൈയെടുക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. 
32ാംമത് മൂലൂര്‍ അവാര്‍ഡ് പി.പി. രാമചന്ദ്രനും നവാഗത കവിക്കുള്ള നാലാമത് മൂലൂര്‍ പുരസ്‌കാരം മധു ആലപ്പടമ്പിനും  ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പ്രൊവൈസ്ചാന്‍സലര്‍ ഡോ.കെ.എസ്.രവികുമാര്‍ സമ്മാനിച്ചു.  സംസ്‌കൃത ഭാഷയില്‍ ഡോക്ടറേറ്റ് നേടിയ കെ.കെ.അജയകുമാറിനെ ഡെപ്യുട്ടി സ്പീക്കര്‍ ആദരിച്ചു. ഏറ്റവും നല്ല ഗ്രന്ഥശാല പ്രവര്‍ത്തകയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കെ.ആര്‍. സുശീലയെ വീണാ ജോര്‍ജ് എംഎല്‍എ ആദരിച്ചു. 
മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് കെ.സി. രാജഗോപാലന്‍, സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ്, മൂലൂര്‍ സ്മാരക സമിതി സെക്രട്ടറി വി.വിനോദ്, ട്രഷറര്‍ കെ.എന്‍.ശിവരാജന്‍, എ.പി.ജയന്‍, ഡോ.എ.റസലുദീന്‍, ഡോ.അനു ഹരിലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജിഷാ സുരാജ്, അഷ്ടമി എസ്. കുമാര്‍ എന്നിവര്‍ കവിത ആലപിച്ചു.