Sunday 22nd of April 2018

ലൈഫ് മിഷന്‍ വീടുകള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കണം

Category: Pathanamthitta Published: Wednesday, 07 February 2018
പത്തനംതിട്ട: ലൈഫ്മിഷന്‍ പദ്ധതിയില്‍ ജില്ലയുടെ ലക്ഷ്യം ഫെബ്രുവരിയോടെ പൂര്‍ത്തീകരിക്കാന്‍ കഴിയണമെന്ന് കലക്ടര്‍ ആര്‍ ഗിരിജ നിര്‍ദ്ദേശിച്ചു. ജില്ലാതലഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. സര്‍ക്കാരിന്റെ ഫഌഗ്ഷിപ്പ് പദ്ധതിയായ ലൈഫ് മിഷന്റെ ആദ്യവര്‍ഷത്തെ ലക്ഷ്യം മാര്‍ച്ച്് 31നകം പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണമാണ്. 
ജില്ലയില്‍ ആകെ 1568  വീടുകളാണ് പദ്ധതിയിലുള്ളത്. ഇതില്‍ 169 എണ്ണം പൂര്‍ത്തീകരിച്ചു.  സമയബന്ധിതമായി  വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിനു കൂട്ടായ പരിശ്രമം വേണമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ വീടുകളുടെ പൂര്‍ത്തീകരണ പുരോഗതി ജില്ലാതലത്തില്‍ ദിവസേന വിലയിരുത്തണം. തദ്ദേശ സ്ഥാപനതല കര്‍മസമിതി യോഗം ആവശ്യാനുസരണം വിളിച്ചുചേര്‍ത്ത് വീടുകളുടെ പുരോഗതി വിലയിരുത്തണമെന്നും ദുര്‍ഘട മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കലക്ടര്‍ പറഞ്ഞു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനം വേണം. സാമ്പത്തിക സഹായം നല്‍കിയാലും സ്വന്തമായി ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ശേഷിയില്ലാത്തവരുടെ കാര്യത്തിലും ശ്രദ്ധ വേണം. ഇതിനായി വാര്‍ഡുതലത്തില്‍ പ്രവര്‍ത്തനം ചിട്ടപ്പെടുത്തണം.
ഏറ്റവും ദുര്‍ഘട മേഖലയിലെ ഭവനപൂര്‍ത്തീകരണം വെല്ലുവിളിയാണെങ്കിലും എല്ലാ വീടുകളും സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം മാര്‍ച്ച് 31നകം  തന്നെ പൂര്‍ത്തീകരിക്കണമെന്നും യാതൊരു ഇളവും ഇക്കാര്യത്തില്‍ പ്രതീക്ഷിക്കരുതെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു. സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള എല്ലാ പിന്തുണ സംവിധാനങ്ങള്‍ നല്‍കിയാലും  നിയമ പ്രശ്‌നങ്ങള്‍, കുടുംബവഴക്ക്, സ്വത്തുതര്‍ക്കം, ഗുണഭോക്താവ് സ്ഥലം മാറി താമസിക്കുന്നു, ഗുണഭോക്താവിനെ ഒരു തരത്തിലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ തുടങ്ങിയ വിവിധ കാരണങ്ങളാല്‍ നിര്‍മ്മാണം മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കേസുക ളുമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. തദ്ദേശ സ്ഥാപനതല കര്‍മസമിതി അംഗങ്ങള്‍ അങ്ങനെയുള്ള കേസുകള്‍ ഓരോന്നും പരിശോധിച്ച് കാര്യകാരണം സഹിതം അങ്ങനെയുള്ളവരുടെ വിവരം അറിയിച്ചാല്‍ ഇക്കാര്യം സര്‍ക്കാരിന്റെ കൂടി ശ്രദ്ധയില്‍പെടുത്താമെന്ന് കലക്ടര്‍ പറഞ്ഞു. ഓരോ വീടുകളുടെ പൂര്‍ത്തീകരണത്തിന് സമഗ്രമായ ആക്ഷന്‍ പ്ലാനുണ്ടാകണം. വെറുതെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും അതനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കലക്ടര്‍ പറഞ്ഞു. അടൂര്‍, പത്തനംതിട്ട, പന്തളം, തിരുവല്ല നഗരസഭകള്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു
പൂര്‍ത്തിയായ എല്ലാ വീടുകളും ലൈഫ്മിഷന്‍ സൈറ്റില്‍ ദിവസേന അപ്‌ഡേറ്റ് ചെയ്യണം. ഓരോ തദ്ദേശ സ്ഥാപനത്തില്‍ നിന്നും ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായി ജില്ലയിലേക്ക് ലഭ്യമാക്കുന്നതിന് പ്രത്യേക നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തണമെന്നും റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി നല്‍കുന്നുവെന്ന് തദ്ദേശ സ്ഥാപനതല സെക്രട്ടറിമാരും വകുപ്പുദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറും ലൈഫ് മിഷന്‍ ജില്ലാ കണ്‍വീനറുമായ ജി കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പട്ടികജാതി, പട്ടിക ഗോത്ര വര്‍ഗം, ഫിഷറീസ്, മൈനോറിറ്റി, പഞ്ചായത്ത്, ഗ്രാമവികസനം  തുടങ്ങിയ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, നഗരസഭാ സെക്രട്ടറിമാര്‍, ബിഡിഒമാര്‍, ലൈഫ് ജില്ലാ കോഓര്‍ഡിനേറ്റര്‍ റാണി തുടങ്ങിയവര്‍ പങ്കെടുത്തു.