Sunday 22nd of April 2018

തുമ്പമണ്‍-കോഴഞ്ചേരി റോഡിന് സരസകവി മൂലൂരിന്റെ പേര് നല്‍കുന്നതിന് ശുപാര്‍ശ

Category: Pathanamthitta
Published: Friday, 20 April 2018
പത്തനംതിട്ട:തുമ്പമണ്‍ - കോഴഞ്ചേരി റോഡിന് കേരളീയ നവോത്ഥാനത്തിന് കനപ്പെട്ട സംഭാവനകള്‍ നല്‍കിയ സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരുടെ പേര് നല്‍കുന്നതിന് ശ്രമിക്കുമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു.  ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തിന്റെ സൗന്ദര്യവത്ക്കരണത്തിന് ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ. ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന സരസകവി മൂലൂര്‍ മുന്‍കൈയെടുത്താണ് തുമ്പമണ്‍-കോഴഞ്ചേരി റോഡ് നിര്‍മിച്ചത്. 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദീര്‍ഘവീക്ഷണത്തോടെ പ്രദേശത്തിന്റെ വികസനത്തെക്കുറിച്ച് പ്രജാസഭയില്‍ അവതരിപ്പിച്ച മഹാനായിരുന്നു മൂലൂരെന്ന് എംഎല്‍എ പറഞ്ഞു. കവിയുടെ ശതോത്തര കനകജയന്തി ആഘോഷങ്ങള്‍ നടക്കുന്ന അവസരത്തില്‍ മൂലൂര്‍ സ്മാരകത്തിന്റെ വികസനത്തിനും മൂലൂരിന്റെ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എംഎല്‍എ പറഞ്ഞു. 
സരസകവി മൂലൂരിന്റെ ജന്മസ്ഥലമായ പരുമലയില്‍ മൂലൂര്‍ സ്മാരകത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സാംസ്‌കാരിക നായകരും ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കുന്ന ഈ പരിപാടിയിലൂടെ മൂലൂരിന്റെ സ്മരണ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുന്നതിന് കഴിയുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മൂലൂര്‍ സ്മാരക പ്രസിഡന്റ് കെ.സി.രാജഗോപാലന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.തങ്കമ്മ, ജില്ലാ പഞ്ചായത്തംഗം വിനീതാ അനില്‍, ബ്ലോക്ക് പഞ്ചായത്തംഗം പിങ്കി ശ്രീധര്‍, വാര്‍ഡംഗം എ.ആര്‍.ബാലന്‍, ഡിറ്റിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്‍.അജയകുമാര്‍, മൂലൂര്‍ സ്മാരക സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. 
സരസകവി മൂലൂരിന്റെ ഭവനമായ കേരളവര്‍മ സൗധം 1989ല്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്തു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മൂലൂര്‍ സ്മാരകത്തിന്റെ ചുറ്റുമതില്‍ നിര്‍മാണത്തിനും പരിസര സൗന്ദര്യവത്ക്കര ണത്തിനുമായി 49 ലക്ഷം രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. നിര്‍മിതി കേന്ദ്രത്തിനാണ് ഇതിന്റെ നിര്‍മാണ ചുമതല നല്‍കിയിട്ടുള്ളത്. ആറ് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.                              
 

Subcategories