Friday 22nd of November 2019

ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിങ് കോളെജിന് സ്റ്റാഫ് ക്വാര്‍ട്ടേഴ്സും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബ്ലോക്കും

Category: Palakkad Published: Tuesday, 15 October 2019
 
പാലക്കാട്:  അഞ്ച് നിലകളിലായി 2385.77 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ 20 ക്വാര്‍ട്ടേഴ്സുകളാണ് ഉള്‍ക്കൊള്ളുക. ഓരോ നിലകളിലും നാല് വീതം ക്വാര്‍ട്ടേഴ്സുകളും ഓരോ ക്വാര്‍ട്ടേഴ്സിലും രണ്ട് ബെഡ്റൂം, ഡ്രോയിങ് റൂം, ഡൈനിംങ് റൂം, അടുക്കള, ടോയ്ലറ്റ്, വരാന്ത എന്നിവയും പൊതുവായ ഇടനാഴികള്‍, ജെനറേറ്റര്‍ റൂം, സ്റ്റെയര്‍ റൂം, ലിഫ്റ്റ് സൗകര്യം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 
പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 5.25 കോടി രൂപയ്ക്കാണ് കൈറ്റ് എന്‍ജിനീയേഴ്സ് ആന്‍ഡ് ഡെവലപ്മെന്റ് കരാര്‍ എടുത്തിരിക്കുന്നത്. 24 മാസത്തിനുള്ളില്‍ കരാര്‍ പൂര്‍ത്തിയാക്കുമെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച  പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.
 
ഇലക്ട്രിക്കല്‍ വിഭാഗം വിദ്യാര്‍ഥികളുടെ പഠനത്തിനുള്ള അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബ്ലോക്ക് നിര്‍മിക്കുന്നത്. 6.68 കോടി ചെലവില്‍ 4570 ചതുരശ്ര മീറ്ററില്‍ നിര്‍മിക്കുന്ന കെട്ടിടം 18 മാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. 
 
മാളിയേക്കല്‍ കണ്‍സ്ട്രക്ഷന്‍സാണ് കരാറുകാര്‍. ഏഴ് ലാബുകള്‍, നാല് ക്ലാസ് മുറികള്‍, എട്ട് സ്റ്റാഫ് മുറികള്‍, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, സെമിനാര്‍ ഹാള്‍, വിശ്രമ മുറികള്‍, ഇടനാഴികള്‍, ശുചിമുറികള്‍, സ്റ്റെയര്‍ റൂം, ലിഫ്റ്റ് സൗകര്യം ഉള്‍പ്പെടെ പാര്‍ക്കിംഗ് ഏരിയ, ജെനറേറ്റര്‍ റൂം, സ്പോര്‍ട്സ് സ്റ്റോര്‍, ജെനറല്‍ സ്റ്റോര്‍ എന്നിവയും ഉള്‍പ്പെടുത്തിയാണ് നിര്‍മിക്കുന്നത്.