Saturday 24th of August 2019

അട്ടപ്പാടിയിലെ വികസന സ്വപ്നങ്ങള്‍ അധികൃതരോട് പങ്കുവെച്ച് വിദ്യാര്‍ഥികള്‍

Category: Palakkad Published: Friday, 19 July 2019
 
 
പാലക്കാട്: 'ജില്ലാ കലക്ടറുടെ കസേരയില്‍ ഇരിക്കാന്‍ ആര്‍ക്കൊക്കെ ആഗ്രഹമുണ്ട്?' ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ ചോദ്യത്തിന് കൈ ഉയര്‍ത്തിയത് മൂന്നുപേര്‍. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി അട്ടപ്പാടിയിലെ പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍, എം.ആര്‍.എസ്. വിദ്യാര്‍ത്ഥികള്‍ക്കായി ഐ.ടി.ഡി.പി.യുടെ സഹകരണത്തോടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അട്ടപ്പാടിയുടെ വികസന കാഴ്ചപ്പാടും തങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കുറിപ്പെഴുത്തില്‍ മികച്ച ആശയങ്ങള്‍ പങ്കുവെച്ച വിദ്യാര്‍ത്ഥികളുമായുള്ള മുഖമുഖത്തിലായിരുന്നു ജില്ലാ കലക്ടറുടെ ചോദ്യം. 
 
വിദ്യാര്‍ത്ഥികളില്‍ ഏറെപ്പേരും പങ്കുവെച്ചത് സിവില്‍ സര്‍വീസ് മോഹങ്ങളായിരുന്നു. ജില്ലാ കലക്ടറോടും അട്ടപ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ സബ് കലക്ടര്‍ ജെറോമിക് ജോര്‍ജിനോടും ചോദിച്ചതേറെയും സിവില്‍ സര്‍വീസ് അനുഭവങ്ങളും. തുടര്‍ച്ചയായ കഠിനാധ്വാനത്തിലൂടെയും സമയത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെയും ഉയര്‍ന്ന ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയും. അവനവന്റെ കഴിവില്‍ ആത്മവിശ്വാസം വേണമെന്നും സിവില്‍ സര്‍വീസ് എന്നതിനപ്പുറത്ത് മറ്റു തൊഴില്‍ മേഖലകളും  ികച്ചതാണെന്നും ജില്ലാ കലക്ടര്‍ മറുപടിയായി പറഞ്ഞു. 
 
കഴിവുകള്‍ അനുസരിച്ച് മുന്നേറുകയാണ് വേണ്ടത്. ഒഴിവുസമയം എങ്ങനെ ചെലവഴിക്കുന്നു എന്നതിലാണ് വിജയം. സാധാരണയില്‍ നിന്നും വ്യത്യസ്തമായി കാര്യങ്ങള്‍ നിര്‍വഹിക്കണം. ഉദാഹരണമായി എല്ലാവരും രാവിലെ അഞ്ചിന് എഴുന്നേല്‍ക്കുമ്പോള്‍ ലക്ഷ്യബോധമുള്ളവര്‍ നാലിന് എഴുന്നേറ്റ് കഠിനാധ്വാനം ചെയ്യണം. അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ ആ പ്രദേശത്തു മാത്രം ഒതുങ്ങാതെ ലോകത്തെവിടെയും ജോലി ചെയ്യാന്‍ തയ്യാറായി മുന്നോട്ടു വരേണ്ടതുണ്ട്. വിദ്യാഭ്യാസം ലഭിച്ചവര്‍ അതിനനുസൃതമായ ജോലി ലോകത്തെവിടെ ലഭിച്ചാലും പോകാന്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ അട്ടപ്പാടിയുടെ വികസനം സാധ്യമാകൂ. 
 
ഉന്നത വിജയം കൈവരിച്ചവര്‍ സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാകേണ്ടതുണ്ടെന്ന് അട്ടപ്പാടി നോഡല്‍ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറമായ ജെറോമിക് ജോര്‍ജ് പറഞ്ഞു. അട്ടപ്പാടിയിലെ വിദ്യാഭ്യാസ, കലാ, കായിക മേഖലകള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ മറ്റൊരു ചോദ്യം. ഭൂപ്രകൃതിക്ക് അനുസൃതമായി അട്ടപ്പാടിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കി വരികയാണെന്നും ജില്ലാ കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ സബ്കലക്ടറും മറുപടി പറഞ്ഞു. 
 
കലാകായിക പരിശീലനത്തിനുള്ള സ്ഥലം സംബന്ധിച്ചായിരുന്നു കുട്ടികളുടെ മറ്റൊരു ചോദ്യം. സ്ഥലപരിമിതി മൂലമാണ് ഇത്തരം സൗകര്യങ്ങള്‍ നടപ്പിലാക്കാന്‍ കാലതാമസം വരുന്നതെന്നും കണ്ടെത്താനുള്ള ശ്രമമുണ്ടാകുമെന്നും ജില്ലാ കലക്ടറും സബ് കലക്ടറും കുട്ടികളോട് പറഞ്ഞു. അട്ടപ്പാടിയെ പിന്നോക്കമേഖലയായി പൊതുസമൂഹം കാണുന്നതില്‍ കുട്ടികള്‍ക്കുള്ള ആശങ്ക പങ്കുവെച്ചപ്പോള്‍ സമൂഹത്തിന്റെ  അത്തരം പ്രവണതകളെ തള്ളിക്കളഞ്ഞ് സ്വന്തം കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ച് തെറ്റും ശരിയും തിരിച്ചറിഞ്ഞ് മുന്നോട്ടു പോകണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
 
അട്ടപ്പാടിയിലെ കലാരൂപങ്ങള്‍ക്ക് പൊതുവേദിയില്‍ പ്രാധാന്യം ലഭിക്കാത്തതിനെ കുറിച്ചുള്ള ആശങ്കകള്‍ വിദ്യാര്‍ഥികള്‍ പങ്കുവെച്ചു. ജനകീയ കലാരൂപങ്ങളുമായി സമന്വയിച്ച് മുന്നോട്ടു പോകുമ്പോഴാണ് ഓരോ കലയും നിലനില്‍ക്കുന്നതെന്നും കാലഘട്ടത്തിനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മാത്രമേ കലകളെ മുഖ്യധാരയിലേക്ക്  കൊണ്ടുവരാന്‍ കഴിയൂ എന്ന് ജില്ലാ കലക്ടര്‍ മറുപടി പറഞ്ഞു. ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നുണ്ട്. 
 
പട്ടികവര്‍ഗ വികസന വകുപ്പ്, സിവില്‍ സപ്ലൈസ്, ടി.ഡി.പി.ഒ, ഐ.ടി.ഡി.പി എന്നീ വകുപ്പുകള്‍ ഭക്ഷണകിറ്റ് വിതരണവും കമ്മ്യൂണിറ്റി കിച്ചണും നടപ്പിലാക്കുന്നുണ്ട്. അവ ഫലപ്രദമായി ഉപയോഗപെടുത്തേണ്ടത് ജനങ്ങളാണ്. പാലക്കാട്ടെ ജനങ്ങള്‍ ഒരുപാട് ആവശ്യങ്ങളുമായി മുന്നോട്ടുവരാറില്ലെന്നും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച്  ജനങ്ങള്‍ക്കുള്ള അറിവില്ലായ്മയാണ് ജില്ലയിലെ പ്രധാന വെല്ലുവിളിയെന്നും കുട്ടികളുടെ ചോദ്യത്തിനുത്തരമായി ജില്ലാ കലക്ടര്‍ മറുപടി പറഞ്ഞു.
 
ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന മുഖാമുഖത്തില്‍  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസന്നകുമാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സുമ, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ കൃഷ്ണപ്രകാശ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.