Saturday 24th of August 2019

അട്ടപ്പാടി ഊരുകാര്‍ക്ക് പുഴകടക്കാന്‍ തൂക്കുപാലം ഒരുങ്ങി

Category: Palakkad Published: Thursday, 18 July 2019
പാലക്കാട് : അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ മേലെ തൊഡുക്കി, താഴെ തൊഡുക്കി, ഗലസി ഊരുകളിലെ ഗ്രോതവിഭാഗക്കാരുടെ വര്‍ഷങ്ങള്‍ നീണ്ട യാത്രക്ലേശത്തിന് പരിഹാരമായി ഐ.ടി.ഡി.പി.യുടെ നേതൃത്വത്തില്‍ തൂക്കുപാലം ഒരുങ്ങി. ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഊരുകളിലെ എഴുപതോളം കുടുംബങ്ങള്‍ക്ക് 26 കിലോമീറ്ററിലധികം മലയും കുന്നും കയറി കാട്ടിലൂടെ വന്യമൃഗങ്ങളെ ഭയന്ന് വേണം പ്രധാന റോഡിലെത്താന്‍. മഴക്കാലങ്ങളില്‍ പുഴ നിറഞ്ഞു ഒഴുകിയാല്‍ ദിവസങ്ങളോളം ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്ന പ്രദേശവാസികളുടെ ഏറെ കാലത്തെ സ്വപ്നമാണ് പാലം നിര്‍മിച്ചതിലൂടെ യാഥാര്‍ഥ്യമായത്. 9.6 ലക്ഷം ചെലവില്‍ 95 മീറ്റര്‍ നീളത്തില്‍ ഐ.ടി.ഡി.പി.യുടെ നേതൃത്വത്തില്‍ അട്ടപ്പാടി കോഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്. പുഴയുടെ നടുവില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മ്മിച്ച് അതിനു മുകളിലൂടെ മുളയും അയേണ്‍ റോപ്പുകളും ഉപയോഗിച്ച്  ഒരുമാസത്തോളം സമയമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ശക്തമായ കാറ്റിനെയും മഴയെയും പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തില്‍ ആധുനിക എഞ്ചിനീയറിങ്ങിന്റെ സാധ്യതയും ഗ്രാമീണരുടെ സാങ്കേതികതയും പ്രയോജനപ്പെടുത്തി പ്രാദേശവാസികളുടെ  സഹകരണത്തോടെയാണ് പാലം നിര്‍മിച്ചത്.